ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പല രാജ്യങ്ങളിലും കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ തയ്യാറെടുക്കുന്നു. വേനൽക്കാല അവധിക്കായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന യുകെ മലയാളികൾക്ക് ഇത് വലിയ തിരിച്ചടിയാവും. മെയ് മുതൽ ബ്രിട്ടീഷുകാർക്കായി അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രാനിയന്ത്രണത്തിൽ ഇളവുകൾ കൊണ്ടുവരുമ്പോൾ അത് ഒരു ‘ട്രാഫിക് ലൈറ്റ് സിസ്റ്റ’ത്തിലായിരിക്കും പ്രവർത്തിക്കുക. ഏതൊക്കെ രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്നതെന്ന് സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പോർച്ചുഗൽ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ മെയ് മുതൽ ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. മറ്റു പ്രധാനപെട്ട രാജ്യങ്ങളിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കാം.
ഫ്രാൻസ്
ഫ്രാൻസ് ഏപ്രിൽ 3 ന് മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. ഇത് കുറഞ്ഞത് ഒരു മാസമെങ്കിലും നീണ്ടുനിൽക്കും. ആവശ്യേതര കടകളും ബാറുകളും കഫേകളും റെസ്റ്റോറന്റുകളും അടയ്ക്കുന്നതും മൂന്ന് ആഴ്ച സ്കൂളുകൾ അടയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഫ്രാൻസിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യാത്രകളും നിരോധിച്ചിരിക്കുകയാണ്.
സ്പെയിൻ
നിലവിൽ സ്പെയിൻ കോവിഡ് കേസുകളിൽ ക്രമാനുഗതമായ വർദ്ധനവ് കാണിക്കുന്നു. അടുത്തിടെ പുതിയ നിയമങ്ങൾ അവതരിപ്പിക്കുകയും പൊതു ഇടങ്ങൾ സന്ദർശിക്കുന്ന എല്ലാവരും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്ന് അറിയിക്കുകയും ചെയ്തു. സൺബാത്ത് ചെയ്യുന്നവർക്ക് വരെ ഫെയ്‌സ് മാസ്ക് ധരിക്കേണ്ടിവരും. നിയമങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കും. വേനൽക്കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് സ്പാനിഷ് സർക്കാർ യുകെയുമായി ചർച്ച നടത്തുന്നുണ്ടെന്ന് സ്പെയിനിലെ ടൂറിസം മന്ത്രി ഫെർണാണ്ടോ വാൽഡെസ് മുമ്പ് പറഞ്ഞിരുന്നു.
പോർച്ചുഗൽ
ഇംഗ്ലണ്ടിന്റെ റെഡ് ലിസ്റ്റിൽ നിന്ന് അടുത്തിടെ പോർച്ചുഗലിനെ നീക്കംചെയ്തിരുന്നു. വാക്‌സിനേഷൻ ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ മെയ് മുതൽ ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാൻ ഹോട്ട്‌സ്‌പോട്ട് ശ്രമിക്കുകയാണെന്ന് രാജ്യത്തെ ടൂറിസം മന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്. ഷോപ്പുകൾക്കും സൂപ്പർമാർക്കറ്റുകൾക്കുമായുള്ള വ്യാപാര സമയം കുറയ്ക്കുക, പൊതുയോഗങ്ങൾ നിരോധിക്കുക എന്നീ നിയന്ത്രണങ്ങൾ നിലവിലുണ്ട്.
ഇറ്റലി
കോവിഡിന്റെ മൂന്നാമത്തെ ഘട്ട വ്യാപനം ഇറ്റലിയെ കടന്നുപിടിച്ചിരിക്കുന്നതിനാൽ ഏപ്രിൽ 30 വരെ രാജ്യം അടിയന്തരാവസ്ഥയിലാണ്. രാത്രി 10 നും പുലർച്ചെ 5 നും ഇടയിൽ ഒരു രാത്രി സമയ കർഫ്യൂ, പൊതു ഇടങ്ങളിൽ ഫെയ്സ് മാസ്ക് ധരിക്കുക, കൃത്യമായ കാരണങ്ങൾ ഇല്ലാതെ പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ നിലവിലുണ്ട്.
നെതർലാന്റ്സ്
നെതർലാന്റ്സിൽ കോവിഡ് കേസുകൾ വളരെ വേഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. നെതർലാന്റിൽ രാത്രി 10 നും പുലർച്ചെ 4.30 നും ഇടയിൽ ഒരു രാത്രി സമയ കർഫ്യൂ ഉണ്ട്. കൂടാതെ റെസ്റ്റോറന്റുകളും ബാറുകളും ടേക്ക്അവേയ്ക്കായി മാത്രം തുറന്നിരിക്കുന്നു. മെയ് 15 വരെ അനിവാര്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കാൻ ഡച്ച് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മുകളിൽ പറഞ്ഞിരിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ഇപ്പോൾ നിലനിൽക്കുന്നെങ്കിലും ഈ സമയത്ത് ഇവ വേഗത്തിൽ മാറാൻ സാധ്യതയുണ്ട്. അതിനാൽ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനോ ബുക്ക് ചെയ്യുന്നതിനോ പോകുന്നതിനോ മുമ്പായി ഏറ്റവും പുതിയ വിദേശകാര്യ യാത്രാ മാർഗ്ഗനിർദേശങ്ങൾ പരിശോധിക്കുവാൻ ശ്രദ്ധിക്കുക.
Leave a Reply