ലണ്ടന്‍: ഫിസിക്‌സിലെ അദ്ഭുതങ്ങളേക്കുറിച്ച് ഒട്ടേറെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം ജീവന്‍ വെച്ച് ഫിസിക്‌സിലെ അദ്ഭുതപ്രതിഭാസം മറ്റുള്ളവരെ ബോധ്യപ്പെടുത്താനിറങ്ങിയവര്‍ അധികമൊന്നും കാണില്ല. ധീരന്‍മാരെന്നാണോ അതോ വിഡ്ഢികളെന്നാണോ ഇവരെ വിളിക്കേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അത്തരമൊരാളാണ് ഊര്‍ജ്ജതന്ത്രജ്ഞനായ ആന്‍ന്ദ്രിയാസ് വാല്‍. സ്വന്തം ജീവന്‍ വെച്ച് ഫിസിക്‌സിലെ പരീക്ഷണങ്ങള്‍ നടത്തുന്ന ആന്ദ്രിയാസിന്റെ ഈ പരീക്ഷണം അല്‍പം കടന്നകയ്യാണ്. എന്താണെന്നല്ലേ? വെളളത്തിനടയില്‍ വച്ച് വെടി വച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് ഇദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
ഒരു നീന്തല്‍ക്കുളത്തിനടിയില്‍ തനിക്കു മുന്നില്‍ 1.5 മീറ്റര്‍ ദൂരത്തായി തോക്ക് സജ്ജീകരിച്ച ശേഷം ഇയാള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുളള കയറില്‍ പിടിച്ച് സ്വയം നിറയൊഴിക്കുന്ന ദൃശ്യങ്ങളാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. വെളളത്തിനടിയില്‍ വച്ച് നിറയൊഴിച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് ആന്‍ന്ദ്രിയാസിന് അറിയേണ്ടിയിരുന്നത്.
കയറില്‍ പിടിച്ച് വെടിയുതിര്‍ത്തതോടെ വെടിയുണ്ട പുറത്തേക്ക് പാഞ്ഞു. എന്നാല്‍ പുറത്തെത്തിയ വെടിയുണ്ടയുടെ വേഗത വളരെപ്പെട്ടെന്ന് കുറയുകയും ഏതാനും സെന്റീമീറ്ററുകള്‍ മാത്രം മുന്നോട്ട് നീങ്ങിയ ശേഷം അത് താഴേക്ക് മുങ്ങിപ്പോകുകയും ചെയ്തു.

വായുവിനേക്കാള്‍ ഘര്‍ഷണം അഥവാ മുന്നോട്ടുള്ള നീക്കത്തെ തടയാനുള്ള ജലതന്മാത്രകളുടെ കഴിവാണ് ഇവിടെ ആന്‍ന്ദ്രിയാസിന്റെ ജീവന്‍ രക്ഷിച്ചത്. വെള്ളത്തില്‍ ചലനങ്ങള്‍ക്ക് വേഗം കുറയുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിവേഗത്തില്‍ കുതിക്കുന്ന ബുള്ളറ്റിനേപ്പോലും പിടിച്ചു നിര്‍ത്തുന്ന വെള്ളത്തിന്റെ കഴിവാണ് ആന്‍ന്ദ്രിയാസിന്റെ പരീക്ഷണത്തിലൂടെ തെലിയിക്കപ്പെട്ടത്. ഒരു ഹോളിവുഡ് ചിത്രം ശ്വാസം അടക്കിപ്പിടിച്ച് കാണുന്നത് പോലെയേ ഈ ദൃശ്യങ്ങള്‍ കണ്ടിരിക്കാനാകൂ.

വീഡിയോ കാണാം