ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏപ്രിൽ മാസത്തിൽ വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബില്ലുകളിലെ വർദ്ധനവ് 6% ആയിരിക്കുമെന്നാണ് വാട്ടർ യുകെയുടെ നിഗമനം . പണപ്പെരുപ്പ തോതിനെക്കാൾ ഉയർന്ന തോതിൽ വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകുന്നത് കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.
ബില്ലുകളിൽ ശരാശരി 27 പൗണ്ട് മുതൽ 473 പൗണ്ട് വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇംഗ്ലണ്ടിനെയും വെയിൽസിനെയും അപേക്ഷിച്ച് സ്കോട്ട് ലൻഡിൽ 8.8 % വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഏപ്രിലിൽ പ്രതീക്ഷിക്കുന്ന ശരാശരി പണപ്പെരുപ്പം 4 ശതമാനമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വാട്ടർ ബില്ലുകളിലെ വർദ്ധനവ് വളരെ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
വാട്ടർ ബില്ലുകളിൽ വരുന്ന ഉയർന്ന വർദ്ധനവ് ജനങ്ങളെ ദുരിതത്തിലാക്കും എന്ന് ഉറപ്പാണ്. ഏതാണ്ട് അഞ്ചിലൊന്ന് വീടുകളും തങ്ങളുടെ വാട്ടർ ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ വർദ്ധനവ് താഴ്ന്ന വരുമാനക്കാരെ കടുത്ത ദുരിതത്തിലാക്കുമെന്ന് കൺസ്യൂമർ കൗൺസിൽ ഫോർ വാട്ടർ ചീഫ് എക്സിക്യൂട്ടീവ് മൈക്ക് കെയിൽ പറഞ്ഞു. തങ്ങളുടെ ലാഭം കുറച്ച് ജനങ്ങളെ സഹായിക്കാൻ വാട്ടർ കമ്പനികൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജലസംഭരണികൾ , ശുദ്ധീകരണ പ്ലാന്റുകൾ, പമ്പിങ് സ്റ്റേഷനുകൾ, പൈപ്പുകൾ , വിതരണ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്ന സങ്കീർണ്ണവും വിപുലവുമായ ജലവിതരണ ശൃംഖലയാണ് യുകെയിൽ നിലവിലുള്ളത്. യുകെയിലെ ജലവിതരണം നിയന്ത്രിക്കുന്നത് പ്രാദേശിക വാട്ടർ കമ്പനികൾ ആണ്. നദികളിലേയ്ക്കും കടലിലേക്കും ഒഴുക്കിവിടുന്ന മലിന ജലത്തിൻറെ പേരിൽ കടുത്ത വിമർശനമാണ് പ്രാദേശിക ജലവിതരണ കമ്പനികൾ നേരിടുന്നത്.
Leave a Reply