ന്യൂസ് ഡെസ്ക് മലയാളം യുകെ

സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ബിൽ തുക ഉയർത്താൻ ഒരുങ്ങി വാട്ടർ കമ്പനികൾ. 2025 മുതൽ ഉയർന്ന ബില്ലുകൾക്ക് സാധ്യതയുണ്ടെന്ന് റെഗുലേറ്റർ ഓഫ്വാട്ട് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ജല വിതരണ കമ്പനി മലിനജല ചോർച്ചയും പ്ലഗ്ഗിംഗ് ചോർച്ചയും സംബന്ധിച്ച് രൂക്ഷ വിമർശനം നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. പല കമ്പനികളും നിലവിൽ കടക്കെണിയിലുമാണ്. നിലവിൽ 15 ദശലക്ഷം ഉപഭോക്താക്കളുള്ള തേംസ് വാട്ടർ സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ്. അതേസമയം വ്യവസായത്തെ നന്നായി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണം ഓഫ്വാട്ട് മേധാവി ഡേവിഡ് ബ്ലാക്ക് നിഷേധിച്ചു.

ഉയർന്ന ചീഫ് എക്സിക്യൂട്ടീവ് വേതനത്തോടുള്ള എതിർപ്പ് എടുത്ത് കാട്ടിയ ഡേവിഡ് ബ്ലാക്ക്, കമ്പനികൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഉപഭോക്തൃ ബില്ലുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. 2025-ൽ ബില്ലുകളിലെ തുക ശരാശരി 42 പൗണ്ട് വീതം വർദ്ധിക്കുമെന്ന് മുൻ പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് പറഞ്ഞു. നിലവിലെ ബിൽ തുകയിൽ നിന്ന് 40% വരെ വർദ്ധനവ് ഉണ്ടാകുമെന്ന് ടൈംസ് പത്രത്തിൽ വന്ന റിപ്പോർട്ടിന് പിന്നാലെ ബിൽ തുകയിൽ ഉള്ള വർദ്ധനവ് ചെറിയ തോതിലായിരിക്കുമെന്ന് ജോർജ്ജ് യൂസ്റ്റിസ് വ്യക്തമാക്കിയത്.

ജലവിതരണ സ്ഥാപനങ്ങൾ തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ പേരിൽ ബില്ലുകൾ ഉയർത്തുന്നത് നാണക്കേടാകുമെന്ന് ക്യാമ്പെയ്‌ൻ ഗ്രൂപ്പായ സർഫേഴ്‌സ് എഗെയ്ൻസ്റ്റ് സ്വീവേജ് പ്രതികരിച്ചു. ജലവിതരണ സ്ഥാപനങ്ങളുടെ തെറ്റായ നടത്തിപ്പിൻെറ ഭാരം ഉപഭോക്താക്കൾ അല്ല വഹിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.