ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മലിനജലം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇൻഡസ്‌ട്രി റെഗുലേറ്ററായ ഓഫ്‌ വാട്ട് ഇംഗ്ലണ്ടിലെ മൂന്ന് വൻകിട ജല കമ്പനികൾക്ക് 168 മില്യൺ പൗണ്ട് പിഴ ചുമത്തുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്. തെംസ് വാട്ടർ, യോർക്ക്ഷയർ വാട്ടർ, നോർത്തംബ്രിയൻ വാട്ടർ എന്നീ കമ്പനികൾക്കാണ് പിഴ ചുമത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഓഫ്‌ വാട്ടിന്റെ ഈ നിർദ്ദേശം ഇനി പബ്ലിക് കൺസൾട്ടേഷന് വിധേയമാകും. വാട്ടർ കമ്പനികളുടെ പ്രകടനത്തെ കുറിച്ചുള്ള ഓഫ്‌വാട്ടിൻ്റെ എക്കാലത്തെയും വലിയ അന്വേഷണത്തിൻ്റെ ഭാഗമായാണ് ഈ പിഴ ചുമത്തൽ. ഭൂരിഭാഗം ജല കമ്പനികളും തങ്ങളുടെ മലിനജലം നദിയിലേക്കും കടലിലേക്കും മറ്റും ഒഴുക്കിവിടുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകൃതിക്കും മനുഷ്യനും ഉണ്ടാക്കുന്ന ദോഷങ്ങൾ അനവധിയാണ്. ഇംഗ്ലണ്ടിലെ നദികളിലേക്കും കടലുകളിലേക്കും മലിനജലം ഒഴുകുന്നത് കഴിഞ്ഞ വർഷം ഇരട്ടിയിലേറെയായതായി ഓഫ്‌ വാട്ട് കണ്ടെത്തി. മൂന്ന് കമ്പനികളും നിയമപ്രകാരം ഉപഭോക്താക്കൾക്ക് അർഹമായ സേവനം നൽകുന്നുണ്ടോയെന്ന് ഓഫ്‌ വാട്ടിൻ്റെ അന്വേഷണം പരിശോധിച്ചു. എന്നാൽ തങ്ങളുടെ പൈപ്പ് നെറ്റ്‌വർക്കുകൾ സംരക്ഷിക്കുന്നതിൽ വേണ്ടത്ര നിക്ഷേപം ഇവർ നടത്തുന്നില്ലെന്നും, ഇതുമൂലം അസംസ്കൃത മലിനജലം ജലാശയങ്ങളിലേക്ക് ഒഴുകുന്നതിന് കാരണമാകുന്നുവെന്നും ഓഫ്‌ വാട്ട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൊവ്വാഴ്ച യോർക്ക്ഷയർ വാട്ടറിന് 47 മില്യൺ പൗണ്ടും നോർത്തംബ്രിയൻ വാട്ടറിന് 17 മില്യൺ പൗണ്ടും പിഴ ചുമത്താൻ നിർദ്ദേശിച്ചു. തേംസ് വാട്ടറിന് 104 മില്യൺ പൗണ്ട് എന്ന റെക്കോർഡ് തുകയാണ് പിഴയായി ഓഫ്‌ വാട്ട് നിർദ്ദേശിച്ചിരിക്കുന്നത്. 2022-ൽ ഇംഗ്ലണ്ടിലെ വാട്ടർ കമ്പനികൾ അവരുടെ പെർമിറ്റ് ലംഘിച്ച് 6,000 തവണ മലിനജലം അനധികൃതമായി പുറന്തള്ളിയതായി ഈ വർഷമാദ്യം ബിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഓഫ്‌ വാട്ട് തങ്ങളുടെ അന്വേഷണം ആരംഭിച്ചത്. ഓഫ്‌വാട്ടിന് കമ്പനികളുടെ വാർഷിക വിൽപ്പനയുടെ 10 ശതമാനം വരെ പിഴ ചുമത്താം. തെംസ് വാട്ടർ എന്ന കമ്പനിയുടെ കാര്യത്തിൽ വാർഷിക വിൽപ്പനയുടെ ഒൻപത് ശതമാനമാണ് പിഴയായി ചുമത്തപ്പെട്ടിരിക്കുന്നത്. ഇത് കുറ്റകൃത്യത്തിന്റെ തീവ്രത പ്രതിഫലിപ്പിക്കുന്നതാണെന്ന് ഓഫ്‌ വാട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ബ്ലാക്ക് പറഞ്ഞു.

തെംസ് വാട്ടറിൻ്റെ മലിനജല ശുദ്ധീകരണ പ്രവർത്തനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തിനും പ്രവർത്തന പ്രശ്‌നങ്ങളുണ്ടെന്ന് റെഗുലേറ്ററി ബോർഡ്‌ കണ്ടെത്തി. കൂടാതെ യോർക്ക്ഷയർ വാട്ടറിൻ്റെ മിക്ക മലിനജല ശുദ്ധീകരണ പ്രവർത്തനങ്ങളും 2018 മുതൽ തന്നെ മലിനജലം നദിയിലേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉപഭോക്തൃ ബില്ലുകൾ 44% വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമാണ് വാട്ടർ കമ്പനികൾ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഉപഭോക്ത ബില്ലുകളിൽ നിന്ന് ലഭിക്കുന്ന പണം കാര്യക്ഷമമായ രീതിയിൽ നവീകരണ പ്രവർത്തനങ്ങൾക്ക് വാട്ടർ കമ്പനികൾ ഉപയോഗിക്കുന്നില്ല എന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. ഓഫ്വാട്ടിൻ്റെ നടപടികളെ സ്വാഗതം ചെയ്യുന്നതായും, നമ്മുടെ ജലാശയങ്ങൾ മലിനീകരിക്കപ്പെടുവാൻ ഒരിക്കലും അനുവദിക്കില്ലെന്നും പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് വ്യക്തമാക്കി. ഈ സർക്കാർ ജലമേഖലയെ അടിസ്ഥാനപരമായി പരിഷ്കരിക്കുമെന്നുള്ള ഉറപ്പും അദ്ദേഹം നൽകി.