അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ പിറവിയുടെ മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തിൽ നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന എട്ടാമത് തീർത്ഥാടനവും തിരുന്നാളും ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുന്നാൾ സമൂഹബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നൽകും. രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ സന്ദേശം നൽകുന്നതാണ്. രാവിലെ ഒമ്പതര മുതൽ വൈകുന്നേരം നാലര വരെയാണ് തിരുക്കർമ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ പ്രഘോഷണ തിരുന്നാളിനാളിനുള്ള നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ വിശ്വാസ സമൂഹമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ പ്രസുദേന്തിമാരായി തിരുന്നാൾ നടത്തിപ്പിനായി ആളുകൾ രജിസ്റ്റർ ചെയ്തതിനാൽ ലഭിക്കുന്ന വിശാല പ്രാതിനിധ്യം തീർത്ഥാടന തിരുന്നാളിനെ ഭക്ത്യാദരസാന്ദ്രമാക്കും. തീർത്ഥാടനത്തിൽ ഗതാഗതകുരുക്കൊഴിവാക്കുവാനായി രൂപതയുടെ നിർദ്ദേശാനുസരണം മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു കൊണ്ടാണ് തീർത്ഥാടകർ എത്തുക.

വാത്സിങ്ങാം തീർത്ഥാടനത്തിനായി നഗ്ന പാദരായി മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെച്ചിരുന്ന ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. സ്ലിപ്പർ ചാപ്പൽ സ്ഥിതിചെയ്യുന്ന മരിയൻ പുണ്യ കേന്ദ്രത്തിലാണ് സീറോമലബാർ സഭാ സമൂഹം തീർത്ഥാടനവും തിരുന്നാളും കൊണ്ടാടുന്നത്.

രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ (സപ്ര) ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററൽ കെയർ കോർഡിനേറ്ററും, സെക്രട്ടറിയും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ പ്രഭാഷണം നൽകുന്നതാണ്. പതിനൊന്നരക്ക് മാർ സ്രാമ്പിക്കൽ തിരുന്നാൾ കൊടിയേറ്റും. തുടർന്നുള്ള ഇടവേളയിൽ അടിമവെക്കലിനും, ഭക്ഷണത്തിനും ഉള്ള സമയം ക്രമീകരിച്ചിരിക്കുകയാണ്‌.