കൽപറ്റ: വയനാട്ടിൽ സഹപാഠികളായ രണ്ടു വിദ്യാർഥികൾ ഒരു മാസത്തിെൻറ വ്യത്യാസത്തിൽ സമാനരീതിയിൽ ആത്മഹത്യ ചെയ്തത് സമൂഹമാധ്യമങ്ങളുടെ സ്വാധീന വലയത്തിൽപെട്ടെന്ന് സൂചന. മരിച്ച വിദ്യാർഥികൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഫോളോ ചെയ്തിരുന്ന പേജുകളും ഗ്രൂപ്പുകളുമാണ് ഇവരുടെ ആത്മഹത്യക്കുപിന്നിൽ ഇത്തരം പേജുകൾക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
കമ്പളക്കാട്, കണിയാമ്പറ്റ സ്വദേശികളായ പ്ലസ്വൺ വിദ്യാർഥികളാണ് ഒരുമാസത്തിെൻറ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. രണ്ടുപേരും ഉച്ചത്തിൽ പാട്ടുവെച്ചാണ് തൂങ്ങിമരിച്ചത്. ഒരു വിദ്യാർഥി മരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കൾക്ക് ‘ട്രീറ്റ്’ നൽകി. മരിക്കുന്നതിനു മുമ്പ് രണ്ടുപേരും മരണചിന്ത തലക്കുപിടിച്ചതിെൻറ സൂചനകൾ സഹപാഠികളുമായി പങ്കുവെച്ചിരുന്നു. ഏകാന്തതയും വിഷാദവും മരണവും നിറഞ്ഞുനിന്ന പോസ്റ്റുകളായിരുന്നു ഇവരുടെ പേജുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നത്.
മരിച്ച വിദ്യാർഥികളുടെ സുഹൃത്ത് മരണത്തെ സൂചിപ്പിക്കുന്ന വരികൾ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. രാത്രി 11ഓടെയായിരുന്നു ഈ കുട്ടിയുടെ പോസ്റ്റ്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. രാവിലെതന്നെ കുട്ടിയെയും കൂട്ടി രക്ഷിതാക്കൾ കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് മനസ്സിലാക്കുകയും ബോധവത്കരിക്കുകയും ചെയ്തശേഷമാണ് തിരിച്ചയച്ചത്.
ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളുടെ മരണമുണ്ടാക്കിയ ആഘാതമാണ് ഇത്തരത്തിൽ ഒരു പോസ്റ്റിടാൻ തന്നെ േപ്രരിപ്പിച്ചതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നാലെ, ഇവരുടെ ഏതാനും സുഹൃത്തുക്കളെക്കൂടി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബോധവത്കരണം നൽകി. വയനാട്ടിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന ആത്മഹത്യകളും ഇരുചക്ര വാഹന അപകടങ്ങളും സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ഇതോടൊപ്പം വിഷാദത്തിലേക്കും ഏകാന്തതയിലേക്കും കുട്ടികളെ തള്ളിവിടുന്ന സമൂഹമാധ്യമങ്ങളിലെ കൊലയാളി പേജുകളെ നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.
Leave a Reply