നിയമവിരുദ്ധ കുടിയേറ്റം ചൂണ്ടിക്കാട്ടി മെക്‌സിക്കോ തിരിച്ചയച്ച 311 ഇന്ത്യക്കാര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരാണ് ഇവര്‍. മെക്‌സിക്കോ അതിര്‍ത്തി വഴി യുഎസിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലായത്. പനാമ വഴി കാട്ടിലൂടെ നടന്നാണ് ഇവര്‍ മെക്‌സിക്കോയിലെത്തിയത്. ദുരിതം നിറഞ്ഞ യാത്രയ്ക്ക് ശേഷം ഒടുവില്‍ കുടിയേറ്റ മോഹങ്ങള്‍ അവസാനിപ്പിച്ച് നാട്ടില്‍ തന്നെ തിരിച്ചെത്തേണ്ടി വന്നു. ദാഹമകറ്റാന്‍ ഷര്‍ട്ട് പിഴിഞ്ഞ് വിയര്‍പ്പ് കുടിച്ചിട്ടുണ്ടെന്ന് ഇവരില്‍ ചിലര്‍ പറഞ്ഞു.
തൊഴില്‍രഹിതരും കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങളുമാണ് ഈ ചെറുപ്പക്കാര്‍. വിസ ഏജന്റുമാര്‍ ആവശ്യപ്പെട്ടത് 15-20 ലക്ഷം രൂപയാണ്. വിജയകരമായി ഇത്തരത്തില്‍ യുഎസിലെത്തിയവരുടെ കഥകള്‍ കേട്ടും യൂടൂബ് വീഡിയോ കണ്ടും മറ്റുമാണ് ഇത്തരമൊരു ആലോചന വന്നത്. യൂടൂബ് വീഡിയോ കണ്ടപ്പോള്‍ യാത്ര ഇത്ര ദുരിതം നിറഞ്ഞതായിരിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് 26കാരനായ സേവക് സിംഗ് പറയുന്നു. ജലന്ധര്‍ സ്വദേശിയായ സേവക് സിംഗ് കര്‍ഷകനാണ്. ജൂലായ് 29നാണ് ഇന്ത്യ വിട്ടത്.
ഡല്‍ഹിയില്‍ നിന്ന് ഇക്വഡോറിലേയ്ക്ക്. റോഡ് മാര്‍ഗവും വിമാനമാര്‍ഗവുമായി കൊളംബിയയിലേയ്ക്ക്. അവിടെ നിന്ന് ബ്രസീല്‍, പെറു, പനാമ, കോസ്റ്റ റിക്ക, നിക്കാരാഗ്വ, ഹോണ്ടുറാസ്, ഗാട്ടിമാല, ഏറ്റവുമൊടുവില്‍ മെക്‌സിക്കോ. ഇങ്ങനെയായിരുന്നു ഇവരുടെ യാത്ര. ഏറ്റവും ഭീതിയുണ്ടാക്കിയ യാത്ര പനാമയിലതായിരുന്നു എന്ന് ഇവര്‍ പറയുന്നു. ഒരാഴ്ചയോളം കാട്ടിലൂടെ നടക്കേണ്ടി വന്നു.
ഭൂമി വിറ്റാണ് യാത്ര തിരിച്ചത് എന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ദീപ് സിംഗ് പറയുന്നു. 2014ല്‍ ഡിപ്ലോമ നേടിയ ശേഷം ഇതുവരെ തൊഴിലൊന്നും ലഭിക്കാത്തയാളാണ് മന്‍ജീത്ത് സിംഗ്. ഇതെന്റെ അവസാന ചാന്‍സ് ആയിരുന്നു എന്നാണ് മന്‍ജീത്ത് സിംഗ് പറയുന്നത്.
Leave a Reply