ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ നിരന്തരം മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഒട്ടേറെ പ്രശ്നങ്ങൾ ആണ് സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളുടെ ജീവിതത്തിലും വ്യക്തിജീവിതത്തിലും വെല്ലുവിളികൾ സൃഷ്ടിക്കുന്നത്. പാഠ്യ പദ്ധതികൾ നൽകുന്ന സമ്മർദ്ദം മുതൽ മാനസികാരോഗ്യ ആശങ്കകൾ, അമിതമായ ഓൺലൈൻ ഉപയോഗം മൂലമുള്ള അപകടസാധ്യതകൾ തുടങ്ങിയ പ്രശ്നങ്ങൾ അവരുടെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണ് . മയക്കുമരുന്ന് ഉപയോഗം പോലുള്ള ജീവിതത്തെ ആകെ താളം തെറ്റിക്കുന്ന ഗുരുതര പ്രശ്നങ്ങളും ഒട്ടേറെ പേരെ ബാധിക്കുന്നതായുള്ള റിപ്പോർട്ടുകളും ആശങ്കയുളവാക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ സ്കൂളുകളിൽ പുരുഷ അധ്യാപകരുടെ അഭാവം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ആൺകുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കാര്യമായി ചെറുക്കുന്നതിന് കൂടുതൽ പുരുഷ അധ്യാപകർ രാജ്യത്തെ സ്കൂളുകളിൽ വേണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞത് ഇതിന്റെ വെളിച്ചത്തിലാണ് . ശക്തമായ റോൾ മോഡലുകളായി പുരുഷ അധ്യാപകർ ആൺകുട്ടികൾക്ക് അനുഭവപ്പെടുമെന്നും അത് അവരുടെ സ്വഭാവരൂപീകരണത്തിന് കാരണമാകുമെന്നുമാണ് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത്. ആൺകുട്ടികളുടെ വൈകാരികവും സാമൂഹികവുമായ വികസനത്തിന് ഇത് പ്രധാന ഘടകമാണെന്ന അഭിപ്രായം നേരത്തെയും ഉയർന്നു വന്നിരുന്നു. ഓൺലൈൻ സ്വാധീനം വർധിച്ചുവരുമ്പോൾ നമ്മുടെ ആൺകുട്ടികൾക്ക് ശക്തമായ, പോസിറ്റീവായ പുരുഷ മാതൃകകൾ വീട്ടിലും, സ്കൂളിലും ആവശ്യമാണ് എന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.


വെല്ലുവിളികളെ നേരിടാനും മികച്ച മാനസികാരോഗ്യ പിന്തുണ നൽകുന്നതിനും കർശനമായ ഓൺലൈൻ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും സന്തുലിതമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്കൂളുകളും രക്ഷിതാക്കളും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കണം എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇൻ്റർനെറ്റിൻ്റെ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് സ്കൂളുകൾ ഡിജിറ്റൽ സാക്ഷരതാ പരിപാടികൾ സംയോജിപ്പിക്കണം. സമ്മർദ്ദവും മറ്റ് പ്രശ്നങ്ങളും നേരിടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് കൗൺസിലിംഗ് സേവനങ്ങളും മെൻ്റർഷിപ്പ് പ്രോഗ്രാമുകളും ശക്തിപ്പെടുത്തണം. ആൺകുട്ടികൾ നേരിടുന്ന ഒട്ടേറെ വെല്ലുവിളികളെ ഫലപ്രദമായി തരണം ചെയ്യാൻ പുരുഷ അധ്യാപകരുടെ സാന്നിധ്യം സ്കൂളുകളിൽ ഉറപ്പാക്കണമെന്നത് എത്രമാത്രം പ്രായോഗികതലത്തിൽ നടപ്പാകുമെന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങൾ ഉയർന്നു വരുന്നുണ്ട്. സ്കൂൾ തലത്തിലുള്ള അധ്യാപക ജോലിയിൽ പ്രവേശിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വളരെ കുറവാണ് രേഖപ്പെടുത്തി വരുന്നത്. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതിനുള്ള താത്പര്യ കുറവും ആകർഷകമല്ലാത്ത ശമ്പളവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.