ശരീരത്തിൽ ധരിച്ചാൽ പ്രമേഹം അടക്കമുള്ള രോഗങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന പുതിയ സെൻസർ ഇന്ത്യൻ വംശജനായ ഗവേഷകന്റെ നേതൃത്വത്തിൽ കണ്ടുപിടിച്ചു. വലിച്ചുനീട്ടാനും വളയ്ക്കാനും കഴിയുമെന്നതാണ് ഈ സെൻസറിന് മുൻഗാമികളെ അപേക്ഷിച്ചുള്ള മേന്മ. സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിലേക്കാണ് വിവരങ്ങൾ കൈമാറുന്നത്.
ബ്രിട്ടനിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻജിനിയറിംഗ് വിഭാഗത്തിൽ ഗവേഷകനായ പ്രഫ. രവീന്ദർ ദാഹിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സെൻസർ കണ്ടുപിടിച്ചത്. വിയർപ്പിലെ പിഎച്ച് ലെവൽ അടക്കം പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്.
ഇത്തരം സെൻസറുകൾ ധരിച്ചാൽ പതിവ് രക്തപരിശോധന വേണ്ടിവരില്ല. ശരീരം ഉത്പാദിപ്പിക്കുന്ന ഗ്ലൂക്കോസ്, യൂറിയ തുടങ്ങിയ പദാർഥങ്ങൾ വിയർപ്പിലും ഉണ്ട്. ഇവ പരിശോധിച്ച് പ്രമേഹം, വൃക്കരോഗങ്ങൾ, ചിലതരം കാൻസറുകൾ എന്നിവയുടെ സാന്നിധ്യം നിർണയിക്കാനാകും. ഇപ്പോൾ കണ്ടുപിടിച്ച സെൻസറിന്റെ ശേഷി വർധിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply