ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് പ്രതികൂല കാലാവസ്ഥ തടസം സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും ശക്തമായ ശീതക്കാറ്റും മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ബീസ്റ്റ് ഫ്രം ഈസ്റ്റ് പ്രതിഭാസത്തിന് സമാനമായിരിക്കും ഈസ്റ്റര്‍ ദിനത്തിലെ കാലാവസ്ഥയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഈസ്റ്റര്‍ വീക്കെന്‍ഡിലെ തെളിഞ്ഞ അന്തരീക്ഷത്തിന് 24 മണിക്കൂറിനുള്ളില്‍ മാറ്റമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നിറിയിപ്പില്‍ വ്യക്തമാക്കുന്നു. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളിലും മിഡ്‌ലാന്റ്, വെയില്‍സ്, സ്‌കോട്ട്‌ലന്റ് തുടങ്ങിയ സ്ഥലങ്ങളിലുമാണ് കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും ശക്തമായ മഴക്കും സാധ്യതയുള്ളത്. ഇവിടങ്ങളില്‍ മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് നല്‍കിയിട്ടുണ്ട്.

മഴ ചിലപ്പോള്‍ മഞ്ഞുവീഴ്ചക്ക് വഴിമാറിയേക്കാമെന്ന് മെറ്റ് ഓഫീസ് ചീഫ് ഫോര്‍കാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും ശക്തമായ ശീതക്കാറ്റിനും സാധ്യതയുണ്ട്. സാധാരണയേക്കാള്‍ ശക്തമായ മഞ്ഞുവീഴ്ചക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. പുതിയ പ്രതിഭാസത്തിന് നൈറ്റ്‌മെയര്‍ ഫ്രം ദി നോര്‍ത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാജ്യത്തിന്റെ ഗ്രാമീണ മേഖലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. കനത്ത മഴയും മഞ്ഞുവീഴ്ച്ച ഗതാഗത തടസ്സം സൃഷ്ടിക്കാനും സാധ്യതയുണ്ട്. സമീപകാലത്തെ ഏറ്റവും തിരക്കേറിയ ഈസ്റ്ററാണ് വരാന്‍ പോകുന്നത്. റോഡില്‍ തിരക്കു വര്‍ദ്ധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈസ്റ്റര്‍ ഞായറാഴ്ച്ചയുടെ അവസാനത്തോടെ ഡെവണിലും കോണ്‍വാളിലും ശക്തമായ മഴ ലഭിക്കുമെന്ന് ബിബിസി കാലാവസ്ഥ നിരീക്ഷകന്‍ മാറ്റ് ടെയ്‌ലര്‍ വ്യക്തമാക്കി. ശക്തമായ മഴ ലഭിക്കുന്നതോടെ അന്തരീക്ഷം നന്നായി തണുക്കുമെന്നും ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ കനത്ത മഞ്ഞ് വീഴ്ച്ച ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു. മിഡ്‌ലാന്റ്‌സ്, വെയില്‍സ്, സൗത്തേണ്‍ സ്‌കോട്ട്‌ലന്റ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളാണ് അതിരൂക്ഷമായ മഞ്ഞ് വീഴ്ച്ചയ്ക്കും മഴക്കും സാധ്യതയുള്ള പ്രദേശങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ല താഴ്ന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. തിങ്കളാഴ്ച്ച യാത്ര ചെയ്യുന്ന ആളുകള്‍ കാലാവസ്ഥാ മുന്നറിയിപ്പുകളും വാര്‍ത്തകളും കൃത്യമായി അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ യാത്രാതടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നു.