സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ വിവാഹച്ചടങ്ങുകൾക്കുള്ള പുതിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കി. ജൂലൈ 4 മുതൽ 30 ആളുകൾക്ക് വരെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയും. വധൂവരന്മാരും ഫോട്ടോഗ്രാഫർമാരും സാക്ഷികളും ഉൾപ്പെടെയാണ് 30 പേർ എന്ന കണക്ക്. വിവാഹത്തിൽ പങ്കെടുക്കുന്നവർ കർശനമായി സാമൂഹിക അകലം പാലിക്കണം. ഒപ്പം വധൂവരന്മാർ മോതിരം കൈമാറുന്നതിനുമുമ്പും ശേഷവും കൈകൾ വൃത്തിയാക്കുകയും വേണം. ചടങ്ങിൽ ഗാനാലാപനം അനുവദിക്കില്ലെന്നും വിവാഹത്തെ തുടർന്നുള്ള റിസപ്ഷൻ വളരെ ചെറുതായിരിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മാർച്ച് 23 ന് ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ, ഇംഗ്ലണ്ടിലെ വിവാഹങ്ങൾ എല്ലാം നിരോധിച്ചിരുന്നു.
സാധ്യമെങ്കിൽ എല്ലാവരും 2 മീറ്റർ സാമൂഹിക അകലം പാലിക്കണം. അതിന് സാധിച്ചില്ലെങ്കിൽ അധിക സുരക്ഷാ നടപടികളോടെ ഒരു മീറ്റർ അകലം പാലിക്കണം. ആളുകൾ പാടുന്നത് ഒഴിവാക്കി റെക്കോർഡിംഗുകൾ ഉപയോഗിക്കാം. മുഖാമുഖം ഇരിക്കാതിരിക്കാനും ഫേസ് മാസ്കുകൾ ഉപയോഗിക്കാനും സർക്കാർ ഉപദേശിക്കുന്നുണ്ട്. മാർഗ്ഗനിർദ്ദേശം പാലിക്കാത്ത വേദികൾക്ക് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൽ നിന്നോ പ്രാദേശിക അതോറിറ്റിയുടെയോ നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ പറയുന്നു. മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്നത് നിലവിലുള്ള ആരോഗ്യ-സുരക്ഷാ നിയമനിർമ്മാണങ്ങളുടെ ലംഘനമാകാം.
ഇംഗ്ലണ്ടിലെ വിവാഹങ്ങൾക്ക് കൊറോണ വൈറസ് ഏല്പിച്ച പ്രഹരം ചെറുതല്ല. പലരും തങ്ങളുടെ വിവാഹം മാറ്റി വയ്ക്കാൻ നിർബന്ധിതരായി. ആയിരകണക്കിന് ആളുകൾ ഒത്തുചേരുന്ന പ്രതിഷേധ പ്രകടനങ്ങൾ പോലെയുള്ളവ യുകെയിൽ നടക്കുമ്പോൾ തന്നെ വിവാഹ ചടങ്ങുകൾക്കുള്ള ഈ നിയന്ത്രണം യുക്തിരഹിതമാണെന്ന് പലരും പറഞ്ഞു. നോർത്തേൺ അയർലണ്ടിൽ 10 പേർ ചേർന്നുള്ള ഔട്ട്‌ഡോർ വിവാഹം അനുവദിക്കും. സാമൂഹിക അകലം നിർബന്ധമാക്കികൊണ്ട് വെയിൽസിലും വിവാഹങ്ങൾ നടത്താം. സ് കോട് ലൻഡിലും ഔട്ഡോർ വിവാഹങ്ങൾ നടത്താൻ അനുവാദമുണ്ട്.
Leave a Reply