കേരളത്തിന്റെ രുചിയുടെ തലസ്ഥാനമാണ് കോഴിക്കോട് എന്ന് പലരും പറയാറുണ്ട്. പാരഗണിലേയും റഹ്മത്ത് ഹോട്ടലിലേയുമൊക്ക പൊറോട്ടയും കറികളും ബോംബേ ഹോട്ടലിലെ ബീഫ് ബിരിയാണിയും മേമ്പൊടിക്ക് മില്‍ക്ക് സര്‍ബത്തുമൊക്കെയായി കോഴിക്കോടന്‍ രുചിസാമ്രാജ്യം അങ്ങനെ പരന്നുകിടക്കുകയാണ്. ചൂടുകാലത്ത് കൊച്ചിക്കാര്‍ക്കു പ്രിയപ്പെട്ടത് കുലുക്കി സര്‍ബത്ത് ആണെങ്കില്‍ കോഴിക്കോട്ടുകാര്‍ക്ക് അവല്‍ മില്‍ക്കിനോടാണ് താത്പര്യം. ചൂടുകാലത്ത് വയറുനിറച്ച് ഭക്ഷണം കഴിക്കാന്‍ ആര്‍ക്കും പറ്റില്ല. പക്ഷേ മനസും വയറും നിറയ്ക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന മാജിക്കാണ് തനി കോഴിക്കോടനായ അവല്‍മില്‍ക്ക് കാണിക്കുന്നത്.
വിശപ്പും ദാഹവും ഒരുമിച്ചു ശമിപ്പിക്കും. പണ്ട് ജയന്‍ പുറത്തു ചാക്കുകെട്ടും തലയില്‍ ചുവന്ന കെട്ടുമായി നടന്ന അങ്ങാടി സിനിമ ഇറങ്ങിയ കാലത്തുതന്നെ അവല്‍ മില്‍ക്ക് കോഴിക്കോട്ടുകാരുടെ സൂപ്പര്‍സ്റ്റാറായിരുന്നു. അതായത് പുണ്യപുരാതന കാലം തൊട്ടേ കോഴിക്കോട്ടെ വല്യങ്ങാടിയും മിട്ടായിത്തെരുവിലും പുതിയ സ്റ്റാന്‍ഡിലും കല്ലായിലുമൊക്കെ എല്ലാ കടകളിലും സുലഭമായിരുന്നു കക്ഷി. എന്റെ മംഗലാപുരം -മണിപ്പാല്‍ പഠന -ജോലി കാലഘട്ടത്തില്‍ കോഴിക്കോട് വഴിയുള്ള യാത്രകളില്‍ പലപ്പോഴും അവല്‍ മില്‍ക്കിന്റെ രുചി അറിഞ്ഞിട്ടുണ്ട്.
ഒരു നീളന്‍ ഗ്ലാസില്‍ അവില്‍മില്‍ക്ക് തയാറാക്കി ഗ്ലാസിന്റെ അങ്ങേയറ്റം വരെ തൊടാന്‍നീളമുള്ള സ്പൂണുമിട്ട് മുന്നിലേക്കു നീട്ടിയാലുണ്ടല്ലോ, എന്റെ സാറേ…പിന്നെ മുന്നിലുള്ളതൊന്നും കാണാന്‍ പറ്റൂല…
ചേരുവകള്‍
അവല്‍ – 50 ഗ്രാം
നെയ്യ് – 2 ടീ സ്പൂണ്‍
ആല്‍മണ്ട്‌സ് – 5 എണ്ണം
കശുവണ്ടി – 5 എണ്ണം
ബനാന – 1 എണ്ണം
കണ്ടെന്‍സ്ഡ് മില്‍ക്ക് – 1 ടേബിള്‍ സ്പൂൂന്‍
മില്‍ക്ക് – 100 ml (തിളപ്പിച്ച്, തണുപ്പിച്ചത് )
ഷുഗര്‍ – 1 ടീസ്പൂണ്‍
റോസ് സിറപ്പ് – 1/ 2 ടീസ്പൂണ്‍
വാനില ഐസ് ക്രീം – 1 സ്‌കൂപ്
ഏലക്കാപ്പൊടി- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യ് ചൂടാക്കി ആല്‍മണ്ട്‌സ്, കശുവണ്ടി (ചെറുതായി പൊടിച്ചിട്ട്) എന്നിവ വറത്ത് എടുത്ത് മാറ്റി വയ്ക്കുക. അതേ പാനില്‍ അവല്‍ ഇട്ട് നല്ല ക്രിസ്പി ആവുന്നതു വരെ ഫ്രൈ ചെയ്യുക. ഒരു ചെറിയ മിക്‌സിങ്ങ് ബൗളില്‍ ബനാന മാഷ് ചെയ്ത് അതിലേയ്ക്ക് കണ്ടെന്‍സ്ഡ് മില്‍ക്ക് കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വയ്ക്കുക. തയാറാക്കി വച്ചിരിക്കുന്ന പാലിലേയ്ക്ക് ഷുഗര്‍, റോസ് സിറപ്പ്, ഒരു നുള്ള് ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് ഒരു വിസ്‌ക് കൊണ്ട് നന്നായി മിക്‌സ് ചെയ്യുക. ഇനി ഒരു നല്ല നീളമുള്ള ഗ്ലാസ് എടുത്ത് അതിലേയ്ക്ക് ആദ്യം ബനാന മാഷ് ചെയ്തു വച്ചത് ഒഴിക്കുക. വറത്തുവച്ച ആല്‍മണ്ട്‌സ്, കശുവണ്ടി എന്നിവയില്‍ നിന്നും പകുതി എടുത്തു ഇതിന് മുകളില്‍ നിരത്തുക. അതിന് മുകളില്‍ അവല്‍ കൂടി ചേര്‍ക്കുക. അവല്‍ മൂടി വരുന്നത് വരെ പാല്‍ ഒഴിക്കുക. വാനില ഐസ് ക്രീം കൊണ്ട് ടോപ് ചെയ്ത് ബാക്കി വച്ചിരിക്കുന്ന ആല്‍മണ്ട്‌സ്,കശുവണ്ടി കൊണ്ട് അലങ്കരിച്ച് സെര്‍വ് ചെയ്യുക. നീളമുള്ള സ്പൂണെടുത്ത് നന്നായി ഇളക്കിചേര്‍ത്താല്‍ നല്ല കിടിലന്‍ അവല്‍മില്‍ക്ക് റെഡി. ഒറ്റവലിക്ക് അകത്താക്കാം എന്നു കരുതരുത്. പതുക്കെ സ്പൂണ്‍ ഉപയോഗിച്ച് ആസ്വദിച്ച് കഴിക്കണം
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply