ഷെഫ് ജോമോൻ കുര്യക്കോസ്

ബീഫ് ഫ്രൈ സാധാരണയായി വെണ്ണയിൽ വരട്ടിയ ബീൻസിൻെറ കൂടെ സെർവ് ചെയ്യാറുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ കറി വേപ്പിലയും മസാലയും ഇട്ട് ഉലർത്തിയ ബീഫിൻെറ കൂടെ അരിഞ്ഞിട്ട ബീൻസ് കൂടി ഇട്ടൊരു പിടി പിടിക്കണം. മൃദുവായ ബീഫും വളച്ചാൽ ഒടിയുന്ന ഫ്രഷ് ബീൻസും അടിപൊളി കോമ്പിനേഷൻ ആണ്.

ചേരുവകൾ

ബീഫ് -500 ഗ്രാം
സവാള – 2 എണ്ണം
പെരുംജീരകം -1/ 2 ടീസ്പൂൺ
പച്ച ഏലക്ക – 5 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഗരംമസാല-1 / 2 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
വെളിച്ചെണ്ണ -200 എംൽ
ഉപ്പ് -ആവശ്യത്തിന്
ബീൻസ് -100 ഗ്രാം

ബീഫ് മാരിനേഷനു വേണ്ട ചേരുവകൾ

റെഡ് ചില്ലി പൗഡർ -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
മല്ലിപ്പൊടി -2 ടീസ്പൂൺ
പെപ്പർ പൗഡർ -1 ടീസ്പൂൺ
നാരങ്ങ നീര് – 1 നാരങ്ങയുടെ
ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ബീഫ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു കഴുകി വാരി എടുക്കുക. ഒരു മിക്സിങ് ബൗളിൽ മാരിനേഷന്റെ ചേരുവകൾ യോജിപ്പിച്ചു ഒരു പേസ്റ്റ് ആക്കി എടുത്ത് അതിലേയ്ക്ക് ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ഒരു പ്രഷർ കുക്കറിലേയ്ക്ക് മാരിനേറ്റ് ചെയ്ത ബീഫ് മാറ്റി 4-5വിസിൽ വരെ കുക്ക് ചെയ്യുക.

ഒരു പാനിൽ ഓയിൽ ചൂടാക്കി പെരുംജീരകം, ഏലക്ക ,കറിവേപ്പില അരിഞ്ഞു വച്ചിരിക്കുന്ന സവാള എന്നിവ ചേർത്ത് സവാള ഗോൾഡൻ നിറം ആകുന്നതു വരെ ഇളക്കി കൊടുത്തു വഴറ്റി എടുത്തതിനു ശേഷം മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല മണം മാറി ഓയിൽ വലിയുന്നതു വരെ കുക്ക് ചെയ്യുക.

വളരെ ഡ്രൈ ആയിപ്പോകുകയാണെങ്കിൽ ബീഫ് വേവിച്ചു വെച്ചിരിക്കുന്നതിൽ നിന്നും അല്പം ഗ്രേവി ചേർത്തു നല്ല പോലെ വഴറ്റി എടുത്തതിനു ശേഷം ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന ബീഫ് ഗ്രേവി സഹിതം ചേർത്ത് ചെറിയ തീയിൽ വെള്ളം വറ്റി നല്ല ബ്രൗൺ നിറമാകുന്നതു വരെ കുക്ക് ചെയ്യുക. ഇടയ്ക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. നല്ല ബ്രൗൺ നിറമായിക്കഴിയുമ്പോൾ നീളത്തിൽ അരിഞ്ഞു വെച്ച ബീൻസ് ചേർത്ത് ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി മുകളിൽ തൂവി തീ ഓഫ് ചെയ്ത് ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക. ചൂടോടെ സെർവ് ചെയ്യുക.

ഷെഫ് ജോമോൻ കുര്യാക്കോസ്