ഷെഫ് ജോമോൻ കുര്യാക്കോസ്

എരിശ്ശേരി

നമ്മുടെ സദ്യകൾക്ക് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് എരിശ്ശേരി .നല്ല നെയ്യ് തൂവിയ മത്തങ്ങ എരിശ്ശേരി കുഴച്ചു ചോറ് ഉണ്ണുന്ന സുഖം ഒന്ന് വേറെ തന്നെ അല്ലെ .എന്നാൽ പിന്നെ നമ്മുടെ മത്തങ്ങാ എരിശ്ശേരിയെ അതിന്റെ സ്വാദിന് ഒട്ടും മാറ്റം വരുത്താതെ ഭാവവും പേരും മാത്രം ഒന്ന് മാറ്റി ഒന്ന് അവതരിപ്പിക്കാം എന്ന് കരുതി

ചേരുവകള്‍

മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
വെളുത്തുള്ളി -4 അല്ലി
ചുവന്നുള്ളി -2
വറ്റല്‍മുളക്- 2
ജീരകം -അര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത് ഉപ്പ് -ആവശ്യത്തിന് കടുക് -ആവശ്യത്തിന് വെളിച്ചെണ്ണ -ആവശ്യത്തിന് കറിവേപ്പില

പാചകം ചെയ്യുന്ന വിധം

ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല്‍ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക.

ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍.

ഷെഫ് ജോമോൻ കുര്യാക്കോസ്