സുജിത് തോമസ്

ഗോവൻ ഫിഷ് കറി

ഭാരതത്തിന്റെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഗോവ എന്ന ചെറിയ സംസ്ഥാനം കീർത്തി കേൾക്കുന്നത് ലോക ടൂറിസം ഭൂപടത്തിൽ ഗോവയ്ക്ക് ഉള്ള പ്രാധാന്യം കൊണ്ട് മാത്രമല്ല, അവിടുത്തെ അത്യന്തം രുചികരമായ ഭക്ഷണം വിഭവങ്ങൾ കൊണ്ടും കൂടിയാണ്. പോർച്ചുഗീസ് സംസ്കാരത്തിന്റെ അവശേഷിക്കുന്ന ജീവ തുടിപ്പുകൾ ആണ് ഗോവൻ ഭക്ഷണ വിഭവങ്ങളിൽ നാം ഇന്ന് കാണുന്നതും. ഒരിക്കൽ പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയിൽ ഇന്ന് നമുക്ക് ആസ്വദിക്കാൻ കഴിയുക പോർച്ചുഗീസ് വിഭവങ്ങളുടെയും ഇന്ത്യൻ രുചിഭേദങ്ങളുടെയും കൂടിച്ചേരൽ ആണ്. വിദേശികളും സ്വദേശികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് ഗോവൻ ഫിഷ് കറി. തേങ്ങായും, തേങ്ങാപ്പാലും, പലവിധ സുഗന്ധവ്യഞ്ജനങ്ങളും സമ്മേളിക്കുന്ന ഒരു മനോഹരമായ വിഭവം ആണ് ഇത്. രുചികരമായ ഒരു ഗോവൻ മീൻകറി പരമ്പരാഗതമായ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ എഴുതുന്നത്.

ചേരുവകൾ

നെയ്മീൻ അല്ലെങ്കിൽ ആവോലി കക്ഷണങ്ങൾ ആക്കിയത്: 5 അല്ലെങ്കിൽ 6
മഞ്ഞൾ പൊടി – 1 1/4 ടീസ്പൂൺ
മല്ലി – 1 ടേബിൾ സ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് -4 അല്ലങ്കിൽ 5
കാശ്മീരി മുളക് – 5 അല്ലെങ്കിൽ 6
വെളുത്തുള്ളി -6 അല്ലി
ഇഞ്ചി -1 ചെറിയ കക്ഷണം
തേങ്ങാ ചിരകിയത് -1 കപ്പ്‌
തേങ്ങാ പാൽ – 1/4- 1/2 കപ്പ്‌
കുടംപുളി – 4 അല്ലെങ്കിൽ 5
വാളൻപുളി പിഴിഞ്ഞ വെള്ളം -6 ടേബിൾ സ്പൂൺ
സവോള കൊത്തി അരിഞ്ഞത് -1
പച്ചമുളക് പിളർന്നത് -1
ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആവോലി അല്ലങ്കിൽ നെയ്മീൻ ചെറിയ കഷണങ്ങളാക്കി അര ടീസ്പൂൺ ഉപ്പും,കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

ചൂടായ പാനിൽ, അഞ്ചോ ആറോ കാശ്മീരി മുളക്, ഒരു ടീസ്പൂൺ ജീരകം, ഒരു ടേബിൾ സ്പൂൺ മല്ലി എന്നിവ ചൂടാക്കി മിക്സി ജാറിൽ ഒരു കപ്പ് തേങ്ങാ ചിരകിയതും, ആറ് വെളുത്തുള്ളി അല്ലി ,ചെറിയ കഷണം ഇഞ്ചി, നാലോ അഞ്ചോ കുരുമുളക്,ഒരു ചെറിയ വലിപ്പത്തിൽ വാളൻ പുളി ആറ് ടേബിൾ സ്പൂൺ ചൂടുവെള്ളത്തിൽ അലിയിച്ച വെള്ളം, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ച് പേസ്റ്റ് ആയി എടുക്കണം.

ഒരു സവോള ചെറിയതായി അരിഞ്ഞത്, മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് കൈ കൊണ്ട് തിരുമ്മി എടുക്കുക. തുടർന്ന് ഗ്യാസ് ഓൺ ചെയ്ത് പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണയും, രണ്ട് കീറിയ പച്ചമുളകും ചേർത്ത് സവോള ചുവന്ന കളർ ആകുന്നതു വരെ വഴറ്റി എടുക്കുക. ശേഷം മിക്സിയിൽ അരച്ചു വച്ച മസാലയിൽ നിന്നും ആറ് ടേബിൾ സ്പൂൺ മസാല ചേർത്ത് വീണ്ടും ചെറിയ തീയിൽ മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്പോൾ മൂന്ന് കപ്പ് വെള്ളം, 5 കുടംപുളി കഷണവും ഇട്ട് തിളപ്പിക്കുക. തിളച്ച ശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മീൻ കക്ഷണങ്ങൾ ചേർക്കുക. അടച്ചു വെച്ച് ചെറിയ തീയിൽ പത്ത് മിനിറ്റ് വേവിക്കുക. പത്ത് മിനിറ്റ് കഴിയുമ്പോൾ ഇളക്കി കൊടുക്കണം. മീൻ ഉടയാതെ വേണം ഇത് ചെയ്യുവാൻ. ഗ്രേവി കുറുകി വരുമ്പോൾ കട്ടിയുള്ള കാൽ കപ്പ് മുതൽ അരക്കപ്പ് വരെ തേങ്ങാപ്പാൽ ചേർത്ത് ചുറ്റിച്ച് ഇളക്കി ഗ്യാസ് ഓഫ് ചെയ്ത് ഒരു മണിക്കൂർ മാറ്റി വച്ച ശേഷം ഉപയോഗിക്കാം. ബാക്കിയുള്ള മസാല വൃത്തിയുള്ള പാത്രത്തിൽ അടച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

സുജിത് തോമസ്