ബേസില്‍ ജോസഫ്

കേക്ക് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഓടി എത്തുന്നത് നമ്മള്‍ നാട്ടില്‍ പണ്ടു മുതല്‍ കണ്ടുവരുന്ന പ്ലംകേക്ക് ആണ്. എന്നാല്‍ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് വെല്‍ഷുകാരുടെ ട്രഡീഷണല്‍ കേക്ക് ആണ്. വെയില്‍സില്‍ താമസിക്കുന്ന എല്ലാ മലയാളികളും ഈ കേക്ക് ഒരു തവണ എങ്കിലും കഴിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. കാരണം വെല്‍ഷ് ദേശീയ ദിനത്തിനോടനുബന്ധിച്ചു മിക്കവാറും എല്ലാ ജോലിസ്ഥലങ്ങളിലും വെല്‍ഷ് കേക്ക് നല്‍കുന്ന ഒരു പതിവ് ഉണ്ട്. കാരണം അത് വെയ്ല്‍സുകാരുടെ ഒരു സംസകാരത്തിന്റെ ഭാഗം ആണ്.

welsh-2

വെയില്‌സിന്റെ പാലക പുണ്യാളന്‍ ആയ സെന്റ് ഡേവിഡിന്റെ മരണ ദിവസം ആയ മാര്‍ച്ച് ഒന്നാം തിയതിയാണ് വെയില്‍സിന്റെ ദേശീയ ദിനം ആഘോഷിക്കുന്നത്. സൗത്ത് വെയില്‍സിലെ പെംബ്രോക്ക്‌ഷെയറിലുള്ള സെന്റ് ഡേവിഡ് കത്തീഡ്രല്‍ ചരിത്രം വിളിച്ചോതുന്ന ഒരു സ്മാരകം ആയി നിലനില്‍ക്കുന്നു. സെന്റ് ഡേവിഡ് ദിനം അടുത്ത് എത്തിയതിനാലാണ് വെല്‍ഷ് കേക്കിന്റെ റെസിപി ഈ ആഴ്ച്ച ഉള്‍പ്പെടുത്താം എന്ന് കരുതിയത്. കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പ് വീക്ക്എന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തിയ വെല്‍ഷ് കൗളും ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഒപ്പം വിളമ്പാറുള്ള മറ്റൊരു ട്രഡിഷനല്‍ വിഭവം ആണ്.

ചേരുവകള്‍

പ്ലെയ്ന്‍ ഫ്‌ളോര്‍ – 250 ഗ്രാം
കാസ്റ്റര്‍ ഷുഗര്‍ – 75 ഗ്രാം
മിക്‌സ്ഡ് സ്‌പൈസ് – 1/ 2 ടിസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ – 1/ 2 ടിസ്പൂണ്‍
ബട്ടര്‍ – 50 ഗ്രാം
ഉണക്ക മുന്തിരി – 50 ഗ്രാം
മുട്ട – 1 എണ്ണം
മില്‍ക്ക് – 25 ml

പാചകം ചെയ്യുന്ന വിധം

ഒരു മിക്‌സിങ്ങ് ബൗളില്‍ ഫ്‌ളോര്‍, കാസ്റ്റര്‍ഷുഗര്‍, മിക്‌സ്ഡ് സ്‌പൈസ്, ബേക്കിംഗ് പൗഡര്‍ അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് ബട്ടര്‍ ചേര്‍ത്ത് കൈ ഉപയോഗിച്ച് നന്നായി റബ് ചെയ്ത് എടുക്കുക. ഉണക്ക മുന്തിരി, ബീറ്റ് ചെയ്ത മുട്ട എന്നിവ ചേര്‍ത്ത് നല്ല സോഫ്റ്റ് ആയി കുഴച്ച് എടുക്കുക. കുഴക്കുമ്പോള്‍ ഡോ ഡ്രൈ ആകാതിരിക്കാന്‍ മില്‍ക്ക് ചേര്‍ക്കുക. ഒരു ഷോര്‍ട്ട് ക്രസ്റ്റ് പേസ്റ്ററിയുടെ പാകത്തില്‍ ആയിരിക്കണം ഡോ ഉണ്ടാക്കി എടുക്കാന്‍. ഒരു റോളിംഗ് പിന്‍ എടുത്തു ഒരിഞ്ചു കനത്തില്‍ ഈ പേസ്റ്ററി പരത്തി എടുക്കുക. 5-6 cm റൗണ്ടില്‍ ഉള്ള ഒരു കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക. ബാക്കി വരുന്ന പേസ്റ്ററി വീണ്ടും മിക്‌സ് ചെയ്തു പരത്തി കട്ട് ചെയ്ത് എടുക്കുക. ഒരു ഗ്രിഡിലില്‍ അല്ലെങ്കില്‍ ചുവട് നല്ല കട്ടിയുള്ള ഫ്രയിംഗ് പാനില്‍ അല്പം ബട്ടര്‍ ചൂടാക്കി കട്ട ്‌ചെയ്ത് എടുത്ത പേസ്റ്ററി ചെറിയ തീയില്‍ ചുട്ട് എടുക്കുക. ഏകദേശം 34 മിനിറ്റ് കഴിയുമ്പോള്‍ മറിച്ചിട്ട് വീണ്ടും കുക്ക് ചെയ്യുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ പ്ലേറ്റിലേയ്ക്ക് മാറ്റി കാസ്റ്റര്‍ ഷുഗര്‍ തൂകി സെര്‍വ് ചെയ്യുക. ചൂടോടെയും അല്ലാതെയും വെല്‍ഷ് കേക്ക് സെര്‍വ് ചെയ്യാവുന്നതാണ്. എയര്‍ കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചു വയ്ക്കുവാണെങ്കില്‍ ഒരാഴ്ചയോളം കേടുകൂടാതെ ഇരിക്കും.

വീക്ക് എന്‍ഡ് കുക്കിങ്ങിന്റെ എല്ലാ വായനക്കാര്‍ക്കും മുന്‍കൂര്‍ സെന്റ് ഡേവിഡ് ദിനാശംസകള്‍.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക