ജോമോൻ കുര്യാക്കോസ്

അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടോ , അതും മീൻ കൊണ്ടുള്ളതാണെകിൽ പറയുകയും വേണ്ട !

വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു മീൻ അച്ചാറാണിത്, ഒരു മാസം വരെയൊക്കെ കേടുകൂടാതെ ഇരിക്കും ഈ അച്ചാർ .

 

മീൻ അച്ചാർ

1) ദശകട്ടിയുള്ള മീൻ – 250 ഗ്രാം

മുളകുപൊടി – 1 ടീസ്പൂൺ

മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

വിനാഗിരി – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

 

അച്ചാറിനു വേണ്ടിയുള്ള മറ്റ് ചേരുവകൾ

 

1) ഇഞ്ചി – 1 വലുത്

2) വെളുത്തുള്ളി – 2 കുടം

3) മുളകുപൊടി – 2-3 ടീസ്പൂൺ

4) കടുക് – 1 ടീസ്പൂൺ

5) ഉലുവ – 1/4 ടീസ്പൂൺ

6) കറിവേപ്പില – ആവശ്യത്തിന്

7) കായം പൊടി – 1/4 ടീസ്പൂൺ

8) ഉലുവപ്പൊടി – 1/4 ടീസ്പൂൺ

9) നല്ലെണ്ണ – 1/4 -1/2 കപ്പ്

10) വിനാഗിരി -1/4 -1/2 കപ്പ്

11) ഉപ്പ് – ആവശ്യത്തിന്

12) വെള്ളം – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം :

1) മീൻ നന്നായി കഴുകി , വെള്ളം വാർന്ന ശേഷം അതിൽ മുളകുപൊടി,മഞ്ഞൾപൊടി, വിനാഗിരി ഉപ്പു ഇവ ചേർത്ത് നന്നായി പുരട്ടി കുറച്ചുനേരം വയ്ക്കുക .

2) ശേഷം ഒരു പാത്രത്തിൽ നല്ലെണ്ണ / വെജിറ്റബിൾ ഓയിൽ ചേർത്ത് നന്നായി ചൂടാകുമ്പോൾ , മീൻ കഷണങ്ങൾ മുഴുവനും വറുത്തു കോരുക .

3) നല്ലെണ്ണ ആണെങ്കിൽ അതേ പാത്രത്തിൽ തന്നെ കടുകിട്ട് പൊട്ടിക്കുക , അല്ലെങ്കിൽ മറ്റൊരു പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .

4) കടുക് നന്നായി പൊട്ടിയ ശേഷം അതിലേക്ക് ഉലുവ ചേർത്ത് മൂപ്പിക്കുക . കറിവേപ്പിലയും ചേർത്ത് കൊടുക്കുക .

5) ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി മൊരിയ്ക്കുക്ക .

6) നന്നായി മൊരിഞ്ഞു ബ്രൗൺ നിറം ആകുമ്പോൾ , അതിലേക്ക് മഞ്ഞൾപൊടി , മുളകുപൊടി ചേർത്ത് ഇളക്കുക.

7) പിന്നീട് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക , അതിലേക്ക് മീൻ കഷണങ്ങൾ ചേർത്ത് ഇളക്കുക . ഒന്ന് തിളയ്ക്കുമ്പോൾ ഉപ്പു നോക്കുക, ഇല്ലെങ്കിൽ ചേർത്ത് കൊടുക്കുക , അതിലേക്ക് വിനാഗിരി ചേർത്ത ഇളക്കുക , തീ താഴ്ത്തി വയ്ക്കുക ( വിനാഗിരി തിളപ്പിക്കരുത്). ഒരു 5 സെക്കന്റ് .

9) അതിലേക്ക് ഉലുവാപ്പൊടിയും, കായപൊടിയും ചേർത്ത് ഇളക്കി , തീ അണയ്ക്കുക

10) അതേ പാത്രത്തിൽ തന്നെ വെച്ചിരുന്നു തണുത്ത ശേഷം മാത്രം കുപ്പിയിലാക്കുക .

ഓർക്കാൻ :

1) ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞും ചേർക്കാം . കൂടുതലും വേണമെങ്കിൽ ചേർക്കാം

2) ഇഞ്ചിയുടെ അളവ് വെളുത്തുള്ളിയെക്കാളും സ്വൽപ്പം കുറഞ്ഞിരിക്കണം .

3) അച്ചാർ ഇടാൻ നല്ലെണ്ണ തന്നെയാണ് ഉത്തമം

4) വിനാഗിരി , നല്ലെണ്ണ ഇവയുടെ അളവ് വേണമെങ്കിൽ കൂട്ടാം

5) ഇഞ്ചി വെളുത്തുള്ളി നന്നായി മൊരിയണം , അതുപോലെ തന്നെ മീനും .

ഷെഫ് ജോമോൻ കുര്യാക്കോസ്