ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസിലെ നീണ്ട കാത്തിരിപ്പു സമയം ജനങ്ങളെ ബുദ്ധിമുട്ടിലാക്കാൻ തുടങ്ങിയിട്ട് നാളുകളായി. കോവിഡ് മൂലമുണ്ടായ അധിക സമ്മർദ്ദവും നേഴ്സുമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും പണിമുടക്കും മതിയായ ജീവനക്കാരുടെ അഭാവവുമാണ് കാത്തിരിപ്പു സമയം ഇത്രയും കൂടാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. നിലവിൽ 7 ദശലക്ഷത്തിലധികം ആളുകളാണ് എൻഎച്ച്എസ്സിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്.


ഇതിനിടെ ഇംഗ്ലണ്ടിലെ എൻഎച്ച്എസ്സിന്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരസ്പരം സഹകരിക്കാൻ യുകെയിലെയും വെയിൽസിലെയും സർക്കാരുകൾ നടപടികൾ സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലിവർപൂളിൽ നടക്കുന്ന ലേബറിൻ്റെ വാർഷിക സമ്മേളനത്തിൽ വെൽഷ് സെക്രട്ടറി ജോ സ്റ്റീവൻസ് നടത്തിയ പ്രസംഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വെയിൽസിലെ എൻഎച്ച്എസ്സിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് എലുനെഡ് മോർഗൻ്റെ നേതൃത്വത്തിലുള്ള വെൽഷ് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ്സിന്റെ നടത്തിപ്പ് യുകെ സർക്കാരിൻറെ മേൽനോട്ടത്തിലാണ് .


വെയിൽസിലെ എൻഎച്ച്സിലും ഉയർന്ന തോതിലാണ് വെയ്റ്റിംഗ് ലിസ്റ്റ് നിലവിൽ ഉള്ളത്. തങ്ങൾ മുന്നിട്ടു നിൽക്കുന്ന മേഖലയിലെ വിഭവശേഷി പരസ്പരം പങ്കു വെയ്ക്കുന്നത് ഇരു കൂട്ടർക്കും ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെയിൽസിൽ ഏകദേശം 593,000 ആളുകളാണ് എൻഎച്ച്എസ് ചികിത്സകൾക്കായി കാത്തിരിക്കുന്നത്. നിലവിൽ യുകെയിലും വെയിൽസിലും ലേബർ പാർട്ടിയാണ് ഭരണം കൈയ്യാളുന്നത് . ഇതാണ് പരസ്പര സഹകരണത്തിനുള്ള സാഹചര്യം ഉടലെടുക്കുന്നതിന് കാരണമായത്.