ലണ്ടൻ∙ഇംഗ്ലീഷ് ഫുട്ബോളിന്റെ ഹൃദയഭൂമിയായ വെബ്ലി നാഷണൽ സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷനിൽ നിന്നും സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക് പോകുന്നത് തടയാൻ സർക്കാർ ശ്രമിക്കുമെന്ന ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ അസ്തമിച്ചു. സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷന്റെ സ്വകാര്യ സ്വത്താണെന്നും അത് അവർ വിൽക്കുന്നതിൽ ഇടപെടാനാകില്ലെന്നും പ്രധാനമന്ത്രി തെരേസ മേ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി. ഒരു സ്വകാര്യ സ്ഥാപനം മറ്റൊരാൾക്ക് വിൽക്കുന്നതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു പ്രധാനമന്ത്രിയുടെ മറുപടി.
ഇതോടെ ശനിയാഴ്ച നടന്ന ചെൽസി- മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനൽ വെംബ്ലിയിലെ അവസാന എഫ്എ മൽസരമായി.
മൂന്നു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പാക്ക് വംശജനായ അമേരിക്കൻ വ്യവസായി ഷാഹിദ് ഖാൻ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ഫുൾഹാമിന്റെ ഉടമയാണ് അമേരിക്കൻ വ്യവസായ പ്രമുഖനുമായ ഷാഹിദ് ഖാൻ. 800 മില്യൺ പൗണ്ടിന്റെ ക്വട്ടേഷനാണ് ഷാഹിദ് സ്റ്റേഡിയത്തിനു നൽകിയിരിക്കുന്നത്. അമേരിക്കയിലെ നാഷണൽ ഫുട്ബോൾ ലീഗിലെ പ്രമുഖ ടീമായ ജാക്സൺ വില്ലെ ജാഗ്വാർസിന്റെ ഉടമകൂടിയാണ് കടുത്ത ഫുട്ബോൾ ആരാധകനായ ഷാഹിദ് ഖാൻ.
സ്റ്റേഡിയത്തിന് 600 മില്യൺ പൌണ്ടും സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ക്ലബ്ബിനും മറ്റു ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്കുമായി 200 മില്യം പൌണ്ടുമാണ് ഷാഹിദ് ഖാൻ വിലയിട്ടിരിക്കുന്നത്.
സ്റ്റേഡിയം എഫ്എയുടെ ആണെങ്കിലും പുതുക്കിപ്പണിയാനായി 161 മില്യൺ പൌണ്ട് നികുതിപ്പണം ഉപയോഗിച്ചിട്ടുണെന്നതായിരുന്നു വിൽപനയിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്നവരുടെ ന്യായം. സ്റ്റേഡിയം വിറ്റുകിട്ടുന്ന പണം എഫ്.എ. ഫുട്ബോളിനായി തന്നെ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും ആരാധകർക്കുണ്ടെന്ന് വിഷയം പാർലമെന്റിൽ അവതരിപ്പിച്ച എംപി ചൂണ്ടിക്കാട്ടി. എന്നാൽ നികുതിപ്പണത്തിനു പകരമായി അമ്പതു വർഷത്തേക്ക് ഫുട്ബോൾ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഉടമ്പടി എഫ്.എ. ഉറപ്പാക്കിയിട്ടുണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വിൽപനയ്ക്കെതിരേ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കായികമന്ത്രാലയത്തിന്റെ ചുമതലയുള്ള പാർലമെന്ററി കമ്മിറ്റി എഫ്എ അധികൃതരെ വിളിച്ചുവരുത്തി നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് വിൽപനയിൽ ഇടപെടാനാകില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കിയത്.
2013ൽ ഫുൾഹാം ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതു മുതലാണ് പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അമേരിക്കൻ വ്യവസായായി ഷാഹിദ് ഖാൻ (67) ഇംഗ്ലീഷ് ഫുട്ബോൾ രംഗത്ത് താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. 2007 മുതൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എൻഎഫ്എൽ ഫ്രാഞ്ചൈസി ജാക്സൺ വില്ലെ സ്ഥിരമായി വെംബ്ലിയിൽ കളിക്കാൻ എത്തിയിരുന്നു. ഫോബ്സ് മാസിക 2018ൽ പുറത്തിറക്കിയ ലോകത്തെ ധനികരുടെ ലിസ്റ്റിൽ 217 ആണ് ഷാഹിദ് ഖാന്റെ സ്ഥാനം. 6.25 ബില്യൺ പൗണ്ടാണ് ഈ വർഷത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപിത സ്വത്ത്.
92,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വെബ്ലി സ്റ്റേഡിയം ബ്രിട്ടണിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമാണ്. വലിപ്പത്തേക്കാളുപരി ഇംഗ്ലീഷ് ഫുട്ബോളിന്റെ മെക്കായായാണ് വെംബ്ലി അറിയപ്പെടുന്നത്. 1966ൽ ബോബി മൂറും സംഘവും ഇംഗ്ലണ്ടിനായി ലോകകപ്പ് സ്വന്തമാക്കിയത് വെംബ്ലിയിലാണ്. അന്നുമുതൽ ഇംഗ്ലണ്ടിന്റെ ഭാഗ്യ ഗ്രൗണ്ടായും ദേശീയ ഗ്രൗണ്ടായുമൊക്കെയാണ് വെംബ്ലി അറിയപ്പെടുന്നത്.
സ്പോട്സ് ഇംഗ്ലണ്ട്, ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ-മീഡിയ ആൻഡ് സ്പോർട്സ്, ലണ്ടൻ ഡവലപ്മെന്റ് ഏജൻസി, എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഫുട്ബോൾ അസോസിയേഷൻ 2007ൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഏകദേശം 757 മില്യൺ പൌണ്ടായിരുന്നു ഇതിനായി ചെലവഴിച്ചത്. നാഷണൽ ലോട്ടറിയിൽനിന്നുള്ള 120 മില്യൺ പൗണ്ടും ഇതിനായി ഉപയോഗിച്ചു. 2014 ആകുമ്പോഴേ ഈ തുകയിൽ ബാക്കിയുള്ള 113 മില്യൺ ബാധ്യത ഫുട്ബോൾ അസോസിയേഷന് കൊടുത്തുതീർക്കാനാകൂ. അതിനു മുമ്പേ സ്റ്റേഡിയം വിൽക്കുന്നത് ഫുട്ബോൾ വികസനത്തിനു പണം കണ്ടെത്താനാണെന്നാണ് അസോസിയേഷന്റെ വിശദീകരണം.
നേരത്തെ വിൽപനയ്ക്കെതിരേ പ്രതിഷേധം ശക്തമായതോടെ ജനവികാരം കണക്കിലെടുത്തു മാത്രമേ തീരുമാനം ഉണ്ടാകു എന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽനിന്നും പിന്നോക്കംപോകുന്ന നിലപാടാണ് ഇപ്പോൾ സർക്കാരിന്റേത്. പ്രമുഖ ക്ല്ബുകളുടെ കോച്ചുമാരും ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളായ പല കളിക്കാരും ഉൾപ്പെടെയുള്ളവർ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു. എന്നാൽ ഗാരി ലിനേക്കറെപ്പോലുള്ള ചിലർ തീരുമാനത്തെ അനുകൂലിച്ചും രംഗത്തുണ്ട്. ഫുട്ബോളിന്റെ അടിസ്ഥാന വികസനത്തിനായി പണം കണ്ടെത്താനുള്ള ഈ നീക്കത്തിൽ തെറ്റില്ലെന്നാണ് ഇവരുടെ അഭിപ്രായം. സ്റ്റേഡിയം വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഏതു കാലാവസ്ഥയിലും കളിക്കാൻ ഉതകുന്ന 1500 ഫുട്ബോൾ പിച്ചുകൾ രാജ്യമെങ്ങും ഉണ്ടാക്കാനാണ് ഫുട്ബോൾ അസോസിയേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ ബ്രിട്ടനിൽ ഇരുപതിനായിരത്തിലേറെ ഫുട്ബോൾ പിച്ചുകൾ ഉണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും മഴക്കാലത്തും മഞ്ഞുകാലത്തും ഉപയോഗിക്കാൻ കൊള്ളാത്തവയാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന മൽസരങ്ങളുടെ എണ്ണം നിരവധിയാണെന്നും ഇത് ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസമാണെന്നുമാണ് അസോസിയേഷന്റെ വാദം. ഉടമസ്ഥാവകാശം കൈമാറിയാലും വെംബ്ലിയുടെ ദേശീയ പ്രാധാന്യവും പ്രാമുഖ്യവും ഹോം ഗ്രൗണ്ടെന്ന ഖ്യാതിയും തുടരുമെന്നും അസോസിയേഷൻ വാദിക്കുന്നു.
Leave a Reply