ലണ്ടൻ∙ ഇംഗ്ലീഷ് ഫുട്ബോളിന്റെ ഹൃദയഭൂമിയായ വെബ്ലി നാഷണൽ സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷനിൽ നിന്നും സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക്. മൂന്നു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പാക്ക് വംശജനായ അമേരിക്കൻ വ്യവസായി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ഫുൾഹാമിന്റെ ഉടമയും അമേരിക്കൻ വ്യവസായ പ്രമുഖനുമായ ഷാഹിദ് ഖാനാണ് ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരുടെ വികാരമായ വെബ്ലിയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ 900 മില്യൺ പൗണ്ടിന്റെ ക്വട്ടേഷൻ നൽകിയിരിക്കുന്നത്. അമേരിക്കയിലെ നാഷണൽ ഫുട്ബോൾ ലീഗിലെ പ്രമുഖ ടീമായ ജാക്സൺ വില്ലെ ജാഗ്വാർസിന്റെ ഉടമ കൂടിയാണ് കടുത്ത ഫുട്ബോൾ ആരാധകനായ ഷാഹിദ് ഖാൻ.

സ്റ്റേഡിയത്തിന് 600 മില്യൺ പൗണ്ടും സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ക്ലബ്ബിനും മറ്റു ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്കുമായി 300 മില്യം പൗണ്ടുമാണ് ഷാഹിദ് ഖാൻ വിലയിട്ടിരിക്കുന്നത്. ബിസിനസ് ലാഭത്തേക്കാളുപരി സ്റ്റേഡിയം സ്വന്തമാക്കാനുള്ള മോഹവിലയാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

2013ൽ ഫുൾഹാം ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതു  മുതലാണ് പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അമേരിക്കൻ വ്യവസായായ ഷാഹിദ് ഖാൻ (67) ഇംഗ്ലീഷ് ഫുട്ബോൾ രംഗത്ത് താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. 2007 മുതൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എൻ.എഫ്.എൽ. ഫ്രാഞ്ചൈസി ജാക്സൺ വില്ലെ വെംബ്ലിയിൽ സ്ഥിരമായി കളിക്കാൻ എത്തിയിരുന്നു. ഫോബ്സ് മാസിക 2018ൽ പുറത്തിറക്കിയ ലോകത്തെ ധനികരുടെ ലിസ്റ്റിൽ 217 ആണ് ഷാഹിദ് ഖാന്റെ സ്ഥാനം. 6.25 ബില്യൺ പൗണ്ടാണ് ഈ വർഷത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപിത സ്വത്ത്.

92,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വെബ്ലി സ്റ്റേഡിയം ബ്രിട്ടനിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമാണ്. വലിപ്പത്തേക്കാളുപരി ഇംഗ്ലീഷ് ഫുട്ബോളിന്റെ മെക്കയായാണ് വെംബ്ലി അറിയപ്പെടുന്നത്. 1966ൽ ബോബി മൂറും സംഘവും ഇംഗ്ലണ്ടിനായി ലോകകപ്പ് സ്വന്തമാക്കിയത് വെംബ്ലിയിലാണ്. അന്നു മുതൽ ഇംഗ്ലണ്ടിന്റെ ഭാഗ്യ ഗ്രൗണ്ടായും ദേശീയ ഗ്രൗണ്ടായുമൊക്കെയാണ് വെംബ്ലി അറിയപ്പെടുന്നത്. ഇതു സ്വകാര്യ വ്യക്തിക്കു വിൽക്കാനുള്ള തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്പോട്സ് ഇംഗ്ലണ്ട്, ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ-മീഡിയ ആൻഡ് സ്പോർട്സ്, ലണ്ടൻ ഡവലപ്മെന്റ് ഏജൻസി, എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഫുട്ബോൾ അസോസിയേഷൻ 2007ൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ  പൂർത്തിയാക്കിയത്. ഏകദേശം 757 മില്യൺ പൗണ്ടായിരുന്നു ഇതിനായി ചെലവഴിച്ചത്. നാഷണൽ ലോട്ടറിയിൽ നിന്നുള്ള 120 മില്യൺ പൗണ്ടും  ഇതിനായി ഉപയോഗിച്ചു. 2014 ആകുമ്പോഴേ ഈ തുകയിൽ ബാക്കിയുള്ള 113 മില്യൺ ബാധ്യത  ഫുട്ബോൾ അസോസിയേഷനു കൊടുത്തു തീർക്കാനാകൂ. അതിനു മുമ്പേ സ്റ്റേഡിയം വിൽക്കുന്നത് ഫുട്ബോൾ വികസനത്തിനു പണം കണ്ടെത്താനാണെന്നാണ് അസോസിയേഷന്റെ വിശദീകരണം.

പ്രതിഷേധം ശക്തമായതോടെ ജനവികാരം കണക്കിലെടുത്തു മാത്രമേ തീരുമാനം ഉണ്ടാകു എന്നു പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. പ്രമുഖ ക്ലബുകളുടെ കോച്ചുമാരും ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളായ കളിക്കാരും ഉൾപ്പെടെയുള്ളവർ തീരുമാനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഗാരി ലിനേക്കറെപ്പോലുള്ള ചിലർ തീരുമാനത്തെ അനുകൂലിച്ചും രംഗത്തുണ്ട്.

ഫുട്ബോളിന്റെ അടിസ്ഥാന വികസനത്തിനായി പണം കണ്ടെത്താനുള്ള ഈ നീക്കത്തിൽ തെറ്റില്ലെന്നാണ് ഇവരുടെ അഭിപ്രായം. സ്റ്റേഡിയം വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഏതു കാലാവസ്ഥയിലും കളിക്കാൻ ഉതകുന്ന 1500 ഫുട്ബോൾ പിച്ചുകൾ രാജ്യമെങ്ങും ഉണ്ടാക്കാനാണ് ഫുട്ബോൾ അസോസിയേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ ബ്രിട്ടനിൽ ഇരുപതിനായിരത്തിലേറെ ഫുട്ബോൾ പിച്ചുകൾ ഉണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും മഴക്കാലത്തും മഞ്ഞുകാലത്തും ഉപയോഗിക്കാൻ കൊള്ളാത്തവയാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന മൽസരങ്ങളുടെ എണ്ണം നിരവധിയാണെന്നും ഇതു ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസമാകുമെന്നുമാണ് അസോസിയേഷന്റെ വാദം. ഉടമസ്ഥാവകാശം കൈമാറിയാലും വെംബ്ലിയുടെ ദേശീയ പ്രാധാന്യവും പ്രാമുഖ്യവും ഹോം ഗ്രൗണ്ടെന്ന ഖ്യാതിയും തുടരുമെന്നും അസോസിയേഷൻ വാദിക്കുന്നു.