ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനത്തിന് അടിമുടി ഉടച്ചു വാർക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കും. 10000 പേർക്ക് ജോലി നഷ്ടമാകും എന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിവർഷം 200 ബില്യൺ പൗണ്ട് ആണ് എൻഎച്ച്എസ്സിന്റെ നടത്തിപ്പിനായി സർക്കാർ വിനിയോഗിച്ചിരുന്നത്. എൻഎച്ച്എസ്സിൻ്റെ നടത്തിപ്പിനെ കുറിച്ച് വ്യാപകമായ രീതിയിലുള്ള പരാതികൾ ഉയർന്നു വന്നിരുന്നു. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർ പോലും മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉണ്ടായിരുന്നത്. എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഈ നിയമം ബ്യൂറോക്രസിയെ ഇല്ലാതാക്കുമെന്നും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേയ്ക്ക് ആരോഗ്യ സംവിധാനത്തെ തിരികെ കൊണ്ടുവരുമെന്നും സുപ്രധാന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 2012 ലാണ് നിലവിലെ ഘടനയിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നിലവിൽ വന്നത്. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ധൈര്യപൂർവ്വമായ നീക്കമെന്നാണ് സർക്കാരിൻറെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പ് സമയത്തിനും ഏറ്റവും കുറഞ്ഞ രോഗി സംതൃപ്തിക്കും കാരണമാകാനുള്ള 2012 ലെ എൻഎച്ച്എസ്സിന്റെ രൂപീകരണത്തിൻ മേലുള്ള അവസാനത്തെ ആണിയാണ് നിലവിലെ തീരുമാനമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.


ദേശീയ ആരോഗ്യ സേവനത്തിന്റെ ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യസേവനങ്ങളുടെ നിയന്ത്രണം സർക്കാർ നേരിട്ട് ഏറ്റെടുക്കുക എന്ന സുപ്രധാനമായ നീക്കമാണ് കെയർ സ്റ്റാർമർ സർക്കാർ നടത്തിയിരിക്കുന്നത്. ഈ നടപടിയിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഭരണപരമായ ചിലവുകൾ കുറയ്ക്കാനും കൂടുതൽ പണം രോഗികൾക്ക് നേരിട്ട് സേവനം ലഭിക്കുന്ന വിവിധ മേഖലകളിലേയ്ക്ക് എത്തിക്കാനും സാധിക്കും. ഇത് കൂടാതെ എൻഎച്ച്എസ് ഇംഗ്ലണ്ടിനും ഗവൺമെൻറ് ആരോഗ്യവകുപ്പിനും ഒട്ടേറെ കാര്യങ്ങൾ പൊതുവായി ചെയ്യുന്ന വിഭാഗങ്ങൾ ഉണ്ട് . ഇത്തരം വിഭാഗങ്ങളുടെ ലയനത്തിലൂടെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്ന നേട്ടവുമുണ്ട്. ചുരുക്കത്തിൽ നിലവിലെ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവർത്തനങ്ങൾ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ കീഴിലേയ്ക്ക് മാറ്റപ്പെടും. ചുരുക്കം പറഞ്ഞാൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യ സേവനങ്ങളുടെ ഭരണപരമായ ഘടനയിൽ മാറ്റം വരുത്തി കൂടുതൽ കാര്യക്ഷമതയും പണം ലാഭിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നടപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇത് ആരോഗ്യ സംവിധാനത്തിൻ്റെ തലപ്പത്തുള്ള മാറ്റം ആയതുകൊണ്ട് നിലവിൽ ജോലി ചെയ്യുന്ന നേഴ്സുമാരെയോ അവരുടെ തൊഴിൽ സാഹചര്യങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഈ മാറ്റത്തിലൂടെ കൂടുതൽ ശ്രദ്ധ രോഗികൾക്ക് നൽകുന്ന സേവനങ്ങളിലേയ്ക്ക് തിരിക്കാനാണ് ഗവൺമെൻറ് ലക്ഷ്യം ഇടുന്നത്. അതുകൊണ്ടു തന്നെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങളും പിൻതുണയും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്