ന്യൂസ് ഡെസ്ക് , മലയാളം യുകെ

വെസ്റ്റ് യോർക്ക്ക്ഷയർ : തിങ്കളാഴ്ച മുതൽ വെസ്റ്റ് യോർക്ക്ക്ഷയറും ടയർ 3 യിലേയ്ക്ക്. 23 ലക്ഷം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് ലീഡ് സ്, ബ്രാഡ്‌ഫോർഡ് നഗരങ്ങൾ ഉൾപ്പെടുന്നു. കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുന്ന വെസ്റ്റ് യോർക്ക്ക്ഷയറിന് 59.3 മില്യൺ പൗണ്ടിലധികം സാമ്പത്തിക പാക്കേജ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാസിനോകൾ, സോഫ്റ്റ് പ്ലേ, മുതിർന്നവർക്കുള്ള ഗെയിമിംഗ് സെന്ററുകൾ, ബെറ്റിങ് ഷോപ്പുകൾ തുടങ്ങിയവ അടച്ചിടും. ഭക്ഷണം വിളമ്പാത്ത പബ്ബുകളും ബാറുകളും അടയ്ക്കും. നവംബർ 2 മുതൽ വെസ്റ്റ് യോർക്ക്ക്ഷയറും വെരി ഹൈ അലേർട്ട് ലെവലിൽ പ്രവേശിക്കുമ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്നവരിൽ അഞ്ചിലൊന്ന് പേരും കടുത്ത നിയന്ത്രണങ്ങൾക്ക് കീഴിലാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ടയർ 3 യിലേക്കുള്ള പ്രവേശനം വലിയ വിമുഖതയോടെ സ്വീകരിച്ചതായി വെസ്റ്റ് യോർക്ക്ക്ഷയർ കൗൺസിലുകളുടെ നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിൽ ബ്രാഡ്‌ഫോർഡിൽ കൗണ്ടിയിൽ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് ഉണ്ട്; ഒക്ടോബർ 24 വരെയുള്ള ആഴ്ചയിൽ ഒരു ലക്ഷത്തിൽ 483.5 കേസുകൾ. കൂടുതൽ നിയന്ത്രണങ്ങൾ ബിസിനസുകൾക്കും ജോലികൾക്കും ദോഷം വരുത്തുമെന്ന് ബ്രാഡ്‌ഫോർഡ് കൗൺസിൽ നേതാവായ സൂസൻ ഹിഞ്ച്ക്ലിഫ് മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ മൂലം ഉണ്ടാവുന്ന സാമ്പത്തിക പ്രത്യാഘാതത്തെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് അവർ ആരോപിച്ചു.

അയൽ പ്രദേശങ്ങളായ സൗത്ത് യോർക്ക്ക്ഷയർ, ഗ്രേറ്റർ മാഞ്ചസ്റ്റർ, ലങ്കാഷയർ എന്നിവ ഇതിനകം തന്നെ ടയർ 3 നിയന്ത്രണത്തിലാണ്. ലിവർപൂൾ സിറ്റി റീജിയൻ, വാരിംഗ് ടൺ എന്നിവയും കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്ക് കീഴിലാണ്. ഇന്ന് മുതൽ നോട്ടിംഗ്ഹാംഷെയർ ടയർ 3 യിൽ പ്രവേശിക്കും. കാൾഡെർഡെൽ, ബ്രാഡ്‌ഫോർഡ്, കിർക്ക്‌ലീസ്, ലീഡ്‌സ്, വേക്ക്ഫീൽഡ് എന്നീ അഞ്ച് കൗൺസിൽ ഏരിയകൾ ഉൾക്കൊള്ളുന്നതാണ് വെസ്റ്റ് യോർക്ക്ക്ഷയർ. അവശ്യ യാത്രകൾ ഒഴികെ പ്രദേശത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശമുണ്ട്. ഇന്നലെ രാജ്യത്ത് 23,065 പുതിയ കേസുകളും 280 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 45,955 ആയി ഉയർന്നു.