ലണ്ടന്‍: യുകെ പാലമെന്റിലെ ഒരു മന്ത്രിക്കും നാല് എംപിമാര്‍ക്കുമെതിരെ ലൈംഗികാരോപണങ്ങള്‍. ദി ടൈംസിലാണ് ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് ലേബര്‍ അംഗങ്ങള്‍ക്കും രണ്ട് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കുമെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സ്ത്രീകളെ ലൈംഗികമായി സമീപിക്കുക, അവരെ അധിക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരായി ആരോപിക്കപ്പെട്ടിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് ജെറമി കോര്‍ബിന്‍ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ അംഗീകരിക്കപ്പെടുകയും സാധാരണമാകുകയും ചെയ്യുകയാണ്. വികൃതവും ജീര്‍ണ്ണവുമായ സംസ്‌കാരമാണ് ഇതെന്നാണ് ലേബര്‍ നേതാവ് കുറ്റപ്പെടുത്തിയത്. ക്യാബിനറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായി ഉയരുന്ന ഇത്തരം ആരോപണങ്ങള്‍ ഗുരുതരമാണെന്ന് പ്രധാനമന്ത്രി തെരേസ മേയും അഭിപ്രായപ്പെട്ടു. എന്നാല്‍ ഔദ്യോഗികമായി കുറ്റാരോപണങ്ങളോ പരാതികളോ ആരും നല്‍കിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

ആരോപിതനായ മന്ത്രി വിവാഹിതനാണെന്നും ജേര്‍ണലിസ്റ്റുകളും സഹായികളുമുള്‍പ്പെടെ നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് ടൈംസ് ആരോപിക്കുന്നത്. മറ്റൊരു കണ്‍സര്‍വേറ്റീവ് എംപിക്ക് രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുമായി ബന്ധമുണ്ടായിരുന്നത്രേ. കോര്‍ബിന്റെ ഷാഡോ ക്യാബിനറ്റില്‍ അംഗമായിരുന്ന ലേബര്‍ എംപി തന്റെ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല മെസേജ് അയച്ചിരുന്നു എന്ന ആരോപണവും ടൈംസ് ഉന്നയിക്കുന്നു.