പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഡബ്ള്യു എച്ച് സ്മിത്തിന്റെ എൻ എച്ച് എസ് ആശുപത്രികളിലെ ശാഖകളിൽ നടക്കുന്നത് പകല്‍ക്കൊള്ളയെന്ന് റിപ്പോർട്ടുകൾ. 100എം എലിന്റെ ഒരു ടൂത്ത് പേസ്റ്റിന് £7.99 പൗണ്ടാണ് ആശുപത്രിയിലെ ഡബ്ള്യു എച്ച് സ്മിത്ത് ഷോപ്പിൽ വില്പനക്ക് വച്ചിരിക്കുന്നത്. വെയ്ക്ഫീൽഡിലെ പിൻഡർഫീൽഡ്സ് ജനറൽ ഹോസ്പിറ്റലിലെ റീട്ടെയിൽ ഷോപ്പിലാണ് അധിക തുക ഈടാക്കി വില്പന നടത്തുന്നത്. അതേസമയം ഇതേ സാധനം ടെസ്കോയിൽ വെറും 80പെൻസിന് ആണ് വില്പന നടത്തുന്നത്. ഏകദേശം 896 ശതമാനം അധികം തുക ഈടാക്കിയാണ് ഡബ്ള്യു എച്ച് സ്മിത്തിന്റെ തീവെട്ടിക്കൊള്ളയെന്ന് വിമർശകർ പറയുന്നു.
വിലയുടെ വിവരങ്ങളും ടൂത്ത് പേസ്റ്റിന്റെ പടവും അടങ്ങിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ക്ഷമാപണവുമായി കമ്പനി രംഗത്തെത്തി. പ്രൈസിംഗിൽ വന്ന പിഴവാണ് ഷെൽഫുകളിലും കംപ്യുട്ടറിലും വില അധികമായതെന്ന് കമ്പനി പറയുന്നു. പിൻഡർഫീൽഡ്സ് ജനറൽ ഹോസ്പിറ്റലിലെ ഷോപ്പിൽ ഇതിനകം തന്നെ 89 പാക്കറ്റുകളാണ് കമ്പനി വില്പന നടത്തിയത്. അതിൽ അധികം നേടിയ തുകയായ 711 പൗണ്ട് ചാരിറ്റിക്ക് നൽകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
എന്നാൽ ആശുപത്രികളിൽ എത്തുന്ന സന്ദർകരിൽ പലരും ഇവിടങ്ങളിലെ വിലകൾ മറ്റിടങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണെന്ന് കുറ്റപ്പെടുത്തുന്നു. ചികിത്സക്കായി എത്തുന്ന രോഗികളിൽ നിന്ന് പിടിച്ച് പറിക്കുന്നത് പോലെയാണ് ഇവിടങ്ങളിലെ സാധനങ്ങളുടെ വിലകളെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് രോഗികൾക്ക് പുറത്ത് പോയി അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആശുപത്രി ട്രസ്റ്റുകൾ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും രോഗികൾ പറയുന്നു
Leave a Reply