ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദേശയാത്ര സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കുന്നതോടെ ഇനി യാത്രകൾ കൂടുതൽ എളുപ്പത്തിലാവും. ട്രാഫിക് ലൈറ്റ് സിസ്റ്റം ഉപേക്ഷിച്ചതോടൊപ്പം ഒക്ടോബർ 4 തിങ്കളാഴ്ച മുതൽ ആമ്പർ, ഗ്രീൻ ലിസ്റ്റുകൾ ഒന്നിലേക്ക് ലയിപ്പിക്കും. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ ഇനി പിസിആർ പരിശോധന നടത്തേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. റെഡ് ലിസ്റ്റ് നിലനിൽക്കുമെങ്കിലും അതിലുൾപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം പതിവിലും കുറവായിരിക്കും. തുർക്കി, പാകിസ്താൻ, മാലിദ്വീപ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളെ സെപ്റ്റംബർ 22 മുതൽ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ ഇപ്പോഴും പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തണം. എത്തിച്ചേർന്നതിന് ശേഷമുള്ള രണ്ട്, എട്ട് ദിവസങ്ങളിൽ പിസിആർ പരിശോധനയും ആവശ്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ, ഇസ്രായേൽ, കാനഡ എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെയും അംഗീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്പെയിനിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ പിസിആർ ടെസ്റ്റ് ചെയ്യാൻ സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്പോൾ ആമ്പർ ലിസ്റ്റിലാണ്. ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യത്ത് നിന്ന് മടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. പൂർണമായി വാക്സിൻ സ്വീകരിക്കാത്തവർ 10 ദിവസം സ്വയം ഒറ്റപ്പെടണം.

നിലവിൽ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഐസൊലേഷനിൽ കഴിയേണ്ടതില്ല. പുറപ്പെടുന്നതിന് മുമ്പ് കോവിഡ് -19 ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കയ്യിൽ കരുതിയാൽ മതിയാവും. തിരിച്ചെത്തിയതിന് ശേഷം രണ്ടാം ദിവസം ഒരു ടെസ്റ്റ് ബുക്ക് ചെയ്യുകയും ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുകയും ചെയ്യണം. പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രം ഐസൊലേഷനിൽ കഴിയുക. ബ്രസീലും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിലവിൽ റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർ സർക്കാർ അംഗീകൃത ക്വാറന്റൈൻ ഹോട്ടലിൽ 10 ദിവസം ഐസൊലേഷനിൽ കഴിയണം. ഇതിനായി മുൻകൂട്ടി പണമടച്ചു ബുക്ക്‌ ചെയ്യേണ്ടതുണ്ട്.