ബര്‍മിംഗ്ഹാം: ആംബുലന്‍സിനു മുന്നില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന കുറിപ്പെഴുതി വെച്ചയാള്‍ ക്ഷമാപണവുമായി രംഗത്ത്. ഹസന്‍ ഷാബിര്‍ എന്ന 27കാരനാണ് താന്‍ ചെയതത് ക്രൂരമായിപ്പോയെന്ന് പറഞ്ഞ് രംഗത്തെത്തിയത്. അധ്യാപകനായി ജോലി നോക്കുകയാണ് ഇയാള്‍. ഹൃദയസ്തംഭനത്തേത്തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ആംബുലന്‍സ് തന്റെ വഴി മുടക്കിയെന്ന് പറഞ്ഞാണ് യുവാവ് കുറിപ്പെഴുതി വെച്ചത്.
തന്റെ ചെയ്തിയില്‍ ലജ്ജ തോന്നുന്നതായി ഷാബിര്‍ പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണമടഞ്ഞ രോഗിയെ ഓര്‍മിക്കുന്നു. താന്‍ ചെയ്തതിന് ന്യായീകരണങ്ങള്‍ ഒന്നുമില്ല. വിശദീകരിക്കാനുമില്ല. ഒന്നും പറഞ്ഞ് താന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്ന് ഷാബിര്‍ വ്യക്തമാക്കി. തന്റെ പെരുമാറ്റം മരണമടഞ്ഞയാളുടെ കുടുംബത്തിനുണ്ടാക്കിയ മനോവിഷമത്തിന് ക്ഷമ ചോദിക്കുന്നതായും അയാള്‍ പറഞ്ഞു. ആംബുലന്‍സിനു മുന്നില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച നടപടിയെ സ്വാര്‍ത്ഥതയുടെ ഏറ്റവും ക്രൂരമായ ഉദാഹരണം എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.
നിങ്ങള്‍ ഒരു ജീവന്‍ രക്ഷിക്കുകയായിരിക്കും. പക്ഷേ അതിനായി എന്റെ വഴിമുടക്കിക്കൊണ്ട് വാന്‍ പാര്‍ക്ക് ചെയ്യരുതെന്നാണ് ഇയാള്‍ കുറിച്ചത്. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ആംബുലന്‍സ് ജീവനക്കാര്‍ ഇത് കണ്ടത്. ഈ കുറിപ്പിന്റെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വന്‍ പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് ഉയര്‍ന്നത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി പിന്നീട് മരിക്കുകയും ചെയ്തു.
Leave a Reply