സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 രോഗം അതിവേഗം വ്യാപിക്കുന്നു. രോഗം ബാധിച്ച് ഇന്നലെ മരിച്ചവർ 209 പേരാണ്. ഇതോടെ മരണസംഖ്യ 1228 ആയി ഉയർന്നു. 2433 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗബാധിതരുടെ എണ്ണം 19522 ആയി. രോഗബാധിതരുടെ എണ്ണം 20000ത്തോട് അടുക്കുമ്പോഴും രോഗത്തെ പിടിച്ചുനിർത്താൻ കഴിയാത്തത് കനത്ത ആശങ്ക സൃഷ്ടിക്കുന്നു.  ഈ രോഗപ്രതിസന്ധി ബ്രിട്ടനിലെ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. യുകെയിലെ ഹൗസിംഗ് മാർക്കറ്റും ഇപ്പോൾ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന ഈ ഘട്ടത്തിൽ വീട് വാങ്ങുകയോ വിൽക്കുകയോ വീട് മാറുകയോ ചെയ്യരുതെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. ബാങ്കുകളും ബുദ്ധിമുട്ട് നേരിടുന്ന ഈ കാലത്ത് പണമിടപാടുകൾക്കും തടസ്സം നേരിട്ടേക്കാം. മോർട്ട്ഗേജിന് ശ്രമിക്കുകയാണെങ്കിൽ ഈ അവസ്ഥയിൽ കാലതാമസം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് വീട് വാങ്ങുന്നതിൽ വൻ ഇടിവുണ്ടായതായി ഓൺലൈൻ എസ്റ്റേറ്റ് ഏജൻസി റൈറ്റ്മോവ് സ്ഥിരീകരിച്ചു. അതിനാൽ അടുത്ത നാല് മാസത്തേക്ക് ഇൻവോയ്സുകൾക്ക് 75 ശതമാനം കിഴിവ് കമ്പനി പ്രഖ്യാപിച്ചു. ഭൂഉടമകൾക്കും വാടകക്കാർക്കും സർക്കാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂഉടമകൾക്ക് ലോൺ അടയ്ക്കാനുള്ള സമയം മൂന്ന് മാസം നീട്ടിയിട്ടുണ്ട്. ഒപ്പം വാടകക്കാരെ ഇപ്പോൾ ഇറക്കിവിടരുതെന്ന നിർദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ ആസ്തി വിലകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം നിരവധി അസറ്റ് മാനേജർമാർ അവരുടെ ഓപ്പൺ-എൻഡ് പ്രോപ്പർട്ടി ഫണ്ടുകളിലെ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. അതിനാൽ വീട് വാങ്ങുന്നതും വിൽക്കുന്നതും വാടകയ്ക്ക് വീടെടുത്തത് മാറുന്നതുമായ കാര്യങ്ങൾ തത്കാലത്തേക്ക് നിർത്തിവയ്ക്കുന്നതാണ് ഉചിതം. ഇപ്പോൾ കഴിയുന്നിടത്തുതന്നെ തുടരാൻ സർക്കാർ ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ മരണസംഖ്യ 34000ത്തോടടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴു ലക്ഷം കടന്നു. ഇറ്റലിയിൽ മരണസംഖ്യ പതിനായിരം പിന്നിട്ടപ്പോൾ സ്പെയിനിൽ അത് ഏഴായിരത്തിലേക്കെത്തുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം 18000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങളുടെ മേൽ ഇടിത്തീയായി പെയ്തിറങ്ങുന്ന രോഗത്തെ തടയാൻ കഴിയാത്തത്, ലോകജനതയുടെ നിലനില്പിനുതന്നെ കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്.