യു കെ :- കെയ്റ്റ് രാജകുമാരിയുടെ ക്യാൻസർ രോഗനിർണയത്തിനുശേഷം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് പ്രതിരോധ കീമോതെറാപ്പി ( പ്രിവെൻറ്റീവ് കീമോതെറാപ്പി). അഡ്ജുവൻ്റ് കീമോതെറാപ്പി എന്നറിയപ്പെടുന്ന ഈ ചികിത്സ പ്രാഥമിക കാൻസർ ചികിത്സയ്ക്ക് ശേഷവും ശരീരത്തിൽ അവശേഷിക്കുന്ന കാൻസർ കോശങ്ങളെ നീക്കം ചെയ്യുന്നതിനായി നൽകുന്ന ക്യാ ൻസർ വിരുദ്ധ മരുന്നുകളുടെ ഒരു കോഴ്സാണ്. സാധാരണയായി സർജറിയിലൂടെ ട്യൂമർ നീക്കം ചെയ്തതിനുശേഷം ആണ് ഈ ചികിത്സാരീതി നടപ്പിലാക്കുന്നത്. ക്യാൻസർ വീണ്ടും വരുന്നത് തടയുവാനും, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പകരുന്നത് തടയുവാനുമാണ് ഈ ചികിത്സാരീതി മുഖ്യമായും ലക്ഷ്യമിടുന്നത്. ഹോസ്പിറ്റൽ സ്കാനുകളും ടെസ്റ്റുകളും ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയാത്തത്ര ചെറുതായ ക്യാൻസർ കോശങ്ങൾ ശസ്ത്രക്രിയയ്ക്ക് ശേഷവും പലപ്പോഴും ശരീരത്തിൽ അവശേഷിക്കുമ്പോഴാണ്, വീണ്ടും രോഗികളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഏറുന്നത്. പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുവാൻ സാധിച്ചാൽ ക്യാൻസർ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് പകരുന്നതിനും, ഇതോടൊപ്പം തന്നെ വീണ്ടും ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കുറവാണ്. എന്നാൽ അവസാനഘട്ടത്തിൽ കണ്ടുപിടിക്കുമ്പോഴേക്കും ഇവ പലപ്പോഴും ലിംഫ് നോഡുകളിലേക്ക് പകർന്നിട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ഭൂരിഭാഗം ക്യാൻസർ ചികിത്സാ രീതികളും അതിവേഗം വിഭജിക്കുന്ന കോശങ്ങളെ തടയിടുവാൻ ആണ് ശ്രമിക്കുന്നത്. പ്രിവൻ്റീവ് കീമോതെറാപ്പിയുടെ ഒരു സാധാരണ കോഴ്സ് ക്യാൻസറിൻ്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കും. എന്നാൽ ചില സമയങ്ങളിൽ ഈ മരുന്നുകൾ വർഷങ്ങളോളം രോഗികൾക്ക് നൽകാറുണ്ട്. സർജറിക്ക് ശേഷം നീക്കം ചെയ്യുന്ന ട്യൂമറിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ് ചികിത്സകൾ തീരുമാനിക്കപ്പെടുന്നത്. സ്തന, കുടൽ, ശ്വാസകോശ അർബുദം എന്നിവയ്ക്ക് ഈ ചികിത്സാരീതി പ്രത്യേകിച്ചും ഫലപ്രദമാണ്. എന്നാൽ മറ്റുതരത്തിലുള്ള അർബുദങ്ങൾക്കും ഇവ ശുപാർശ ചെയ്യപ്പെടാറുണ്ട്. ഉദാഹരണത്തിന്, അണ്ഡാശയ അർബുദത്തിൻ്റെ ഏറ്റവും സാധാരണമായ രൂപമായ എപ്പിത്തീലിയൽ ഓവേറിയൻ ക്യാൻസറിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം അഡ്ജുവൻ്റ് കീമോതെറാപ്പി ഉപയോഗിക്കാറുണ്ട്. രോഗം വീണ്ടും വരാനുള്ള സാധ്യത ഏറെ ആയതിനാലാണ് ഇത്. ക്യാൻസറിന്റെ വകഭേദം, അത് എത്രത്തോളം പുരോഗമിച്ചിട്ടുണ്ട് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ ഈ ചികിത്സാരീതി ശുപാർശ ചെയ്യുന്നത്.
ഒരുതരത്തിലുള്ള കീമോതെറാപ്പിയും പൂർണമായും പാർശ്വഫലങ്ങൾ ഇല്ലാതെയുള്ളവയല്ല. ഭൂരിഭാഗം രോഗികളിലും ക്ഷീണം, ഛർദി, വയറിളക്കം മുതലായ പല പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ചികിത്സയ്ക്കായി നൽകപ്പെടുന്ന മരുന്നുകൾ ക്യാൻസർ കോശങ്ങളെ മാത്രമല്ല, മുടി, മജ്ജ, ചർമ്മം, ദഹനവ്യവസ്ഥയുടെ ആവരണം എന്നിവയുൾപ്പെടെ അതിവേഗം വിഭജിക്കുന്ന എല്ലാ കോശങ്ങളെയും ബാധിക്കുന്നതിനാലാണ് പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്. ഇത്തരം ചികിത്സകൾ കഴിഞ്ഞാലും രോഗികൾ തിരിച്ച് പൂർവസ്ഥിതിയിലേക്ക് എത്താൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും
Leave a Reply