ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണയെ കീഴടക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു കേരളം ; ഒരു മാസം മുമ്പ് വരെ. എന്നാൽ ഇന്ന് ഓരോ ദിനവും 400റിലേറെ പുതിയ രോഗികളാണ് കൊച്ചുകേരളത്തിൽ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം പിടിപെടുന്നു. എന്നാൽ സമ്പർക്ക രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന വാർത്തയാണ് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത്. കൊറോണയെ പിടിച്ചുകെട്ടാൻ ആരോഗ്യപ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സാക്ഷര കേരളത്തിന് അടുത്തിടെ എന്താണ് സംഭവിച്ചത്? സ്വർണത്തിന്റെ പത്തരമാറ്റിന് പിറകെ മാധ്യമങ്ങൾ പാഞ്ഞപ്പോൾ ജാഗ്രതയും മുൻകരുതലുകളും കാറ്റിൽ പാറിപോയോ?
ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 7872. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം 1200ൽ ഏറെ രോഗികൾ. സംസ്ഥാനത്ത് കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും പ്രതിഷേധം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലേക്ക് എന്തു നന്മയാണ് പങ്കുവയ്ക്കുന്നത്.
മഹാമാരി സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി രാഷ്ട്രീയപാർട്ടികൾ നിരത്തിലിറങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ച ആണ്. കോവിഡ് പ്രതിരോധ നിർദേശങ്ങളും ചട്ടങ്ങളും പരസ്യമായി ലംഘിച്ചു. ശരിയായി മാസ്‌ക്കിടാതെ, ശാരീരിക അകലം പാലിക്കാതെ കൂട്ടംകൂടി പലയിടത്തും പൊലീസിനെ ആക്രമിച്ചു. കെട്ടിപ്പിടച്ചും തുപ്പിയും പൊലീസിനെ തള്ളിമാറ്റിയും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ കൈവിട്ട കളിക്കെതിരെ ആരോഗ്യവിദഗ്‌ധർ രംഗത്തു വന്നിരുന്നു. പ്രതിഷേധങ്ങളിലും ചടങ്ങുകളിലും അഞ്ചുപേർക്കു മാത്രമാണ് അനുമതിയെന്നിരിക്കെ ഈ അനാവശ്യ ഒത്തുചേരലുകൾ വലിയ വിപത്തിന് വഴിയൊരുക്കും. പൊലീസിനുമേൽ രോഗവ്യാപനമുണ്ടാകുംവിധം ഇടപെടലുണ്ടായാൽ, ഭാവി ആരോഗ്യ പ്രതിരോധപ്രവർത്തനങ്ങൾ പാടെ താളംതെറ്റും. സമരവും ആൾക്കൂട്ടവും തുടരുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന് പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചും മുന്നറിയിപ്പുനൽകിയിരുന്നു. ഇംഗ്ലണ്ടിൽ പബ്ബുകൾ തുറന്ന രാത്രി ജനം തടിച്ചുകൂടിയെങ്കിലും അതൊരു രാഷ്ട്രീയ പാർട്ടിയുടെയും നേതൃത്വത്തിൽ ആയിരുന്നില്ല എന്നതും ചിന്തിക്കണം. ഉറവിടമറിയാത്ത കേസുകൾ തലസ്ഥാനത്തടക്കം റിപ്പോർട്ട് ചെയ്യുന്ന നിർണായക സമയത്താണ് സമരപ്രഹസനങ്ങൾ കേരളത്തിന്റെ തെരുവുകളിൽ നിറഞ്ഞാടുന്നത്.
കേരളത്തിന്റെ മാധ്യമങ്ങളിൽ ഇന്ന് സ്വർണം നിറയുകയാണ്. കൊറോണയെന്നത് വെറും അക്കങ്ങൾ മാത്രമായി മാറ്റപ്പെട്ടുകഴിഞ്ഞു. സ്വപ്നയും സ്വർണകടത്തുമാണ് വാർത്താകോളങ്ങളിൽ നിറയെ. സ്വപ്‍ന സുരേഷും സന്ദീപും പത്രമാധ്യമങ്ങളിൽ നിറഞ്ഞുതുളുമ്പി നിൽക്കുകയാണ്. കൊറോണപിടിയിൽ നിന്നും മാധ്യമങ്ങളെ രക്ഷിച്ചയാളാണ് സ്വപ്‍ന എന്നുപറഞ്ഞാലും തെറ്റില്ല. കാരണം ഈ ദിനങ്ങളെല്ലാം സാക്ഷ്യം വഹിച്ചതും ‘സ്വപ്ന’ സംഭവങ്ങൾക്കായിരുന്നു !
കേരളത്തിലേക്കുള്ള സ്വർണത്തിന്റെ കുത്തൊഴുക്കും ഉന്നത ഉദ്യോഗങ്ങളിലേക്കുള്ള നിയമനങ്ങളും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ഒപ്പം ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്നുള്ള സ്വപ്നയുടെ പലായനവും. പട്ടിണിയും കഷ്ടപാടുകളുമായി ജീവിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന സാധാരണ മലയാളികൾ ഒരുവശത്ത്. പണത്തിന്റെ പ്രസരിപ്പിലും വ്യാജ സർട്ടിഫിക്കേറ്റുകളുടെ പിൻബലത്തിലും ജോലിയിൽ കയറിപ്പറ്റുന്നവർ മറുവശത്ത്. പൊതുജനങ്ങൾക്ക് എവിടെയാണ് തുല്യനീതി? കോവിഡ് പ്രതിസന്ധിയിൽ പെട്ട് ജീവനും ജീവിതവും നഷ്ടപെട്ട് നാട്ടിലെത്തുന്ന പ്രവാസിക്ക് ഏതു രാഷ്ട്രീയ പാർട്ടികളാണ്കൈത്താങ്ങാകുക. അന്വേഷണവലയിൽ ചെറുമീനുകൾ മാത്രം കുരുങ്ങുമ്പോൾ ഉന്നത തലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നവർ ചിരിക്കുന്നുണ്ടാവും. സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. അനീതികൊണ്ടുനേടിയ സമ്പത്തിന്റെ പട്ടുമെത്തയിൽ സുഖിക്കുന്നവർ കേരളത്തിലെ സാധാരണ ജനങ്ങളുടെ മോഹങ്ങളെയും പ്രയത്നങ്ങളെയുമാണ് തല്ലികെടുത്തുന്നത്.
വാർത്തകൾ ഉണ്ടായികൊണ്ടേയിരിക്കും. കേരളം ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് എവിടെയാണ്? സ്വർണത്തിലോ കോറോണയിലോ? പരസ്പരം പഴിചാരുകയും തെരുവിലിറങ്ങി ക്രമസമാധാനം തകർക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ ഒന്നോർക്കുക. നിങ്ങൾ പോരാടുന്നത് ന്യായത്തിനുവേണ്ടിയാണോ പേരിനുവേണ്ടിയാണോ? എന്തിനായാലും കൊറോണയ്ക്ക് ഇതൊന്നും അറിവുള്ളതല്ല. ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലത്ത് മറ്റുള്ളവരുടെ ജീവിതം കൂടി താറുമാറാക്കരുത്.
ചലച്ചിത്രനടനും സംവിധായകനുമായ ജോയി മാത്യുവിന്റെ വാക്കുകളാണിത് ; “കേരളത്തിൽ ചെറുപ്പക്കാർ എംടെക്കും എംബിഎയും കഴിഞ്ഞു വാടക വണ്ടികളോടിച്ചും ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചും അന്യരാജ്യത്ത് ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നുവരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാർ അധികാരസ്ഥാനത്തുളളവരുടെ ചുമലിൽ കയറിയിരിക്കുന്നതിന്റെ ഗുട്ടൻസ് എന്താകും? പി എസ് സി പരീക്ഷയെഴുതി നേരാം വഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്പള പദവികളിൽ എത്തിപ്പെടുന്നത് എങ്ങനെയാണ്?.” ഈ ചോദ്യം ഉന്നതവിദ്യാഭ്യാസം നേടിയ എല്ലാ അഭ്യസ്തവിദ്യരുടെ മനസ്സിൽ എന്നും ഉയരുന്നതാണ്.
വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്നവർക്കും നാട്ടിലേക്ക് വരണം. അവരുടെ മാതാപിതാക്കളെ കാണണം. അതിന് ആരോഗ്യപൂർണമായ ഒരു നാട് ഉണ്ടാവണം. കൊറോണയെ തുടച്ചുനീക്കുവാൻ വേണ്ടിയാണ് കേരളം ഇപ്പോൾ ഒറ്റകെട്ടായി നിന്ന് പ്രയത്നിക്കേണ്ടത്. ഓർമിക്കുക….
Leave a Reply