കാലിഫോര്‍ണിയ: വാട്സാപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുന്നുവെന്ന് സ്ഥിരീകരണം. അനോണിമസ് വാട്സാപ്പ് കോളുകളിലൂടെയാണ് നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കിലും ഹാക്കര്‍മാര്‍ക്ക് ഉപഭോക്താവ് അറിയാതെ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഇസ്രായേല്‍ ഓണ്‍ലൈന്‍ സുരക്ഷാ സ്ഥാപനമാണ് വാട്സാപ്പിലെ കെണി കണ്ടെത്തിയിരിക്കുന്നത്. അതേസമയം സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ചെങ്കിലും സുപ്രധാന വിവരങ്ങള്‍ കൈമാറാന്‍ വാട്‌സാപ്പ് അധികൃതര്‍ തയ്യാറായില്ല. സ്ഥാപന ഉടമ സക്കര്‍ബര്‍ഗും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

ഹാക്കര്‍മാരില്‍ നിന്നും രക്ഷനേടാന്‍ വാട്സാപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച്ച ഉടന്‍ പരിഹരിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ അപ്ഡേറ്റ് ചെയ്താലും ഹാക്കിംഗ് സാധ്യമാണെന്നാണ് റിപ്പോര്‍ട്ട്. 180 രാജ്യങ്ങളിലായി 1.5 ബില്യണ്‍ ഉപഭോക്താക്കളാണ് വാട്സാപ്പ് മെസേജിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്. അനോണിമസായി വരുന്ന വോയിസ് കോളുകള്‍ വഴി ഉപഭോക്താവിന്റെ ഫോണിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറും. പിന്നീട് ഉപഭോക്താവിന്റെ ഫോണ്‍ പൂര്‍ണമായും ഹാക്കറുടെ നിരീക്ഷണത്തിലാവും. അനോണിമസ് കോളുകളുടെ വിവരങ്ങളോ നമ്പറുകളോ വാട്‌സാപ്പ് ലോഗില്‍ ദൃശ്യമാകില്ല. നിരീക്ഷണ സോഫ്റ്റവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ ഇത് നമ്മുടെ ഫോണില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിടികൂടാന്‍ കഴിയാത്ത ഒരുതരം ഇന്റര്‍നെറ്റ് വൈറസാണ് വാട്‌സാപ്പിലൂടെ ഫോണിലേക്ക് ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഈ വൈറസിന്റെ സഹായത്തോടെ നമ്മുടെ ഫോണ്‍ നിരീക്ഷിക്കപ്പെടും. വോയ്സ്‌കോളുകള്‍ക്ക് നിയന്ത്രണമുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. വിന്‍ഡോസ് ഫോണുകളില്‍ നിന്ന് വാട്സാപ്പ് ഈ വര്‍ഷം അവസാനത്തോടെ ആപ്ലിക്കേഷന്‍ പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അപ്ഡേഷന്‍ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്താന്‍ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് കഴിയില്ലെന്ന് വ്യക്തമായതോടെയാണ് അധികൃതര്‍ ആപ്ലിക്കേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്. നിലവിലുണ്ടായിരിക്കുന്ന ഹാക്കിംഗ് പ്രശ്‌നം വിന്‍ഡോസ് ഫോണുകളില്‍ തുടരുമെന്നാണ് ടെക് ലോകത്തിന്റെ മുന്നറിയിപ്പ്.