വാഷിംഗ്ടണ്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമാണെന്ന ഉത്തര കൊറിയയുടെ അവകാശവാദത്തില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്ന് അവകാശവാദം സ്ഥിരീകരിക്കാനാകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഉത്തര കൊറിയയുടെ സൈനിക, സാങ്കേതിക ശേഷിയേക്കുറിച്ച് തങ്ങള്‍ നടത്തിയ വിശകലനങ്ങളില്‍ മാറ്റം വരുത്തേണ്ട സാഹചര്യം വന്നിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. എങ്കിലും കൊറിയയുടെ അവകാശവാദത്തെ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് വക്താവ് ജോണ്‍ ഏണസ്റ്റ് വ്യക്തമാക്കി.
വൈറ്റ്ഹൗസ് വാദങ്ങളെ സ്ഥിരീകരിക്കുകയാണ് അമേരിക്കന്‍ വിദഗ്ദ്ധര്‍. ഒരു ഹൈഡ്രജന്‍ ബോംബിന് സൃഷ്ടിക്കാന്‍ കഴിയുന്ന സ്‌ഫോടനമല്ല സംഭവിച്ചതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറിയയുടെ അണുപരീക്ഷണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം എത്തിയത്. ഉത്തര കൊറിയയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളേക്കുറിച്ച് ആലോചിക്കുമെന്നും സുരക്ഷാസമിതി വെളിപ്പെടുത്തി. സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച ഉത്തര കൊറിയയുടെ നടപടിയില്‍ സുരക്ഷാസമിതി അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

രക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്നതിനു ശേഷമാണ് വിഷയത്തില്‍ പ്രതികരണം അറിയിച്ചത്. അണുപരീക്ഷണം സംബന്ധിച്ച് ഉത്തര കൊറിയയുടെ സ്ഥിരീകരണം വന്നതിനു ശേഷമായിരുന്നു യോഗം ചേര്‍ന്നത്. അമേരിക്കയുടേയും ജപ്പാന്റേയും ശാസ്ത്രജ്ഞര്‍ ഭൂകമ്പ തരംഗങ്ങള്‍ പുറപ്പെട്ടത് സ്ഥിരീകരിച്ചിരുന്നു. ഒരു വന്‍ സ്‌ഫോടനമായിരിക്കാം ഭൂകമ്പങ്ങള്‍ക്ക് കാരണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.