ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട
‘ഞാന്‍ ആരാണ്’. പലപ്പോഴും പലരും മനസിലാക്കാത്ത സത്യമാണിത്. താന്‍ ആരാണെന്നോ, തന്റെ മഹത്വമെന്തെന്നോ പലര്‍ക്കും മനസിലാകുന്നില്ല എന്നുള്ളതാണ് വാസ്തവം. മറ്റുള്ളവരെക്കുറിച്ച് എല്ലാവര്‍ക്കും എല്ലാം അറിയാം. പക്ഷേ, തന്നെക്കുറിച്ച് മാത്രം ഒന്നുമറിയില്ല. അതാണല്ലോ ഇന്ന് സമൂഹത്തില്‍ ഉടലെടുക്കുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം. താന്‍ ആരാണെന്നും തന്റെ മഹത്വമെന്തെന്നും വ്യക്തമായി മനസിലാക്കി പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ കഥ കേള്‍ക്കൂ.
പണ്ട് അലക്സാണ്ടര്‍ ചക്രവര്‍ത്തി നാടു ചുറ്റിക്കാണാന്‍ പുറപ്പെട്ടു. തന്റെ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ഭിക്ഷക്കാരന് അദ്ദേഹം ധാരാളം സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനമായി നല്‍കി. ഇതു കണ്ട പടയാളി, അല്പം നീരസത്തോടെ ചക്രവര്‍ത്തിയോടു ചോദിച്ചു; അങ്ങ് എന്തിനാണ് അയാള്‍ക്കിത്രമാത്രം സ്വര്‍ണ്ണ നാണയങ്ങള്‍ നല്‍കിയത്. തുച്ഛമായ സാമ്പത്തിക ആവശ്യങ്ങളല്ലേ അയാള്‍ക്കുണ്ടാകൂ. ഇത്രയും നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍ ചക്രവര്‍ത്തിയുടെ മറുപടി ഇതായിരുന്നു. ‘ഞാനയാളെ സഹായിക്കുന്നത് അയാളുടെ അവസ്ഥ കണ്ടിട്ടല്ല, ആവശ്യമനുസരിച്ചല്ല. മറിച്ച് എന്റെ അന്തസിനും വിലയ്ക്കുമനുസരിച്ചാണ്, കാരണം ഞാന്‍ ‘മഹാനായ അലക്സാണ്ടര്‍’ ആണ്.
അതെ പറഞ്ഞു വന്നതിതാണ്. നാം നമ്മെ തിരിച്ചറിയുക. അതനുസരിച്ചു മറ്റുള്ളവരോടു പെരുമാറുക. അവന്‍ അവര്‍ണ്ണനോ സവര്‍ണ്ണനോ സമ്പന്നനോ ദരിദ്രനോ പരദേശിയോ എന്തുമായിക്കൊള്ളട്ടെ. എന്നിലെ എന്നെ തിരിച്ചറിയുക. നമ്മെ പരിപാലിക്കുന്ന സര്‍വശക്തന്‍ നമുക്കു തരുന്നതും ഇതുപോലെ തന്നെയാണ്, നമ്മുടെ ആവശ്യത്തിനനുസരിച്ചു മാത്രമല്ല, മറിച്ചു തന്റെ മഹിമയ്ക്കനുസരിച്ചുള്ള അനുഗ്രഹങ്ങളാണ് അവിടുന്ന് ചൊരിയുന്നതെന്ന് ഓര്‍ക്കുക. അതെ സുഹൃത്തുക്കളെ ഓരോരുത്തര്‍ക്കും അവരവരെക്കുറിച്ച് തിരിച്ചറിവുണ്ടാകട്ടെ.

ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട
Leave a Reply