ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിഗരറ്റ് പായ്ക്കറ്റുകളിൽ ഉള്ളതുപോലുള്ള ക്യാൻസർ മുന്നറിയിപ്പ് മദ്യത്തിന്റെ ടിന്നുകളിലും കുപ്പികളിലും ഏർപ്പെടുത്തണമെന്ന ശക്തമായ നിർദ്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ചു. മദ്യവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനും അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കുന്നതിനും മുന്നറിയിപ്പ് ലേബലുകൾ ഉൾപെടുത്താൻ ഗവൺമെന്റുകൾ നിർബന്ധിക്കണമെന്ന് യുഎൻ ഏജൻസി പറഞ്ഞു. ഈ നീക്കത്തെ ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചാരിറ്റികൾ സ്വാഗതം ചെയ്തിട്ടുണ്ട്.
ഏഴു തരം ക്യാൻസർ രോഗങ്ങൾക്ക് മദ്യപാനം കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ഈ നീക്കത്തിന് ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്. സ്തന, കുടൽ രോഗ ക്യാൻസറുകൾ ആണ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. ഇത്തരം ലേബലുകൾ ക്യാൻസറിനെതിരെ അവബോധം വളർത്താനും മദ്യപാനത്തിൽ നിന്ന് പിന്മാറാനും ആളുകളെ പ്രേരിപ്പിക്കുമെന്ന് യുകെയിലെ ക്യാൻസർ റിസർച്ചിന്റെ സീനിയർ പ്രിവൻഷൻ പോളിസി മാനേജർ മാൽക്കം ക്ലാർക്ക് പറഞ്ഞു. ജീവിതശൈലി മൂലം ക്യാൻസർ രോഗങ്ങൾ വർധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുന്ന വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും ഈ വിഷയത്തിൽ നടപടിയെടുക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകൾക്ക് കുറച്ചു മാത്രമെ അറിയുകയുള്ളൂ എന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ പോളിസി ആൻഡ് പബ്ലിക് അഫയർ ഹെഡ് ആയ കേറ്റ് ഓൾഡ്രിഡ്ജ്-ടർണർ പറഞ്ഞു. വ്യക്തവും വളരെ ദൃശ്യവുമായ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ മദ്യപാനവുമായി ബന്ധപ്പെട്ട അപകടങ്ങളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധം വർദ്ധിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു . അടുത്ത വർഷം മെയ് മുതൽ ക്യാൻസറിനെ കുറിച്ചുള്ള പരാമർശം ഉൾപ്പെടെ മദ്യ ഉൽപാദകരെ ലേബലുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ സ്ഥാപിക്കാൻ നിർബന്ധിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി അയർലൻഡ് മാറും. എന്നാൽ യുകെയിലെ മദ്യ ഉത്പാദകരെ പ്രതിനിധീകരിക്കുന്ന പോർട്ട്മാൻ ഗ്രൂപ്പ് നിർദ്ദേശത്തോട് നിഷേധാത്മകമായാണ് പ്രതികരിച്ചത്. മുന്നറിയിപ്പ് ലേബലുകൾ മദ്യപാനത്തിന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള കഠിനമായ പ്രതികരണമായി തീരും എന്നും ഇത് ആളുകളെ അസ്വസ്ഥരാക്കുമെന്നും ആണ് മദ്യ ഉത്പാദകരുടെ ഗ്രൂപ്പിൻറെ വക്താവ് പ്രതികരിച്ചത്. നിർബന്ധിത മുന്നറിയിപ്പ് ഉൾപ്പെടുത്തുന്നതിന് പിൻതുണയുമായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വന്നു . തങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ എന്തു മാറ്റമാണ് ശരീരത്തിൽ ഉണ്ടാക്കുന്നതെന്ന അറിയാനുള്ള അവകാശം വ്യക്തികൾ ഉണ്ടെന്നാണ് നിർദ്ദേശത്തോട് ആരോഗ്യ സെക്രട്ടറി പ്രതികരിച്ചത്.
Leave a Reply