ന്യൂസ് ഡെസ്ക് മലയാളം യുകെ
വായിലുണ്ടായ വൃണത്തിന് ഡെന്റിസ്റ്റിനെ ഹോസ്പിറ്റലിൽ ചെന്ന് കണ്ടു ചികിത്സ നേടാൻ വിസമ്മതിച്ച ടീച്ചർ ആണ് കൂടുതൽ മരുന്ന് ഉള്ളിൽ ചെന്ന നിലയിൽ സ്വവസതിയിൽ കാണപ്പെട്ടത്. കോവിഡ് 19 ഭയന്ന് ഡോക്ടറെ സന്ദർശിക്കാൻ വിസമ്മതിച്ച അലക്സാൻഡ്രിയ പിയേഴ്‌സ് ബാഡെല്ലിയെന്ന 29 കാരിയാണ് ദാരുണ സാഹചര്യത്തിൽ മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്നും ബീറ്റ ബ്ലോകേഴ്സ്, മഞ്ഞൾ പേസ്റ്റ്, വൈറ്റ് വൈൻ എന്നിവ കണ്ടെത്തി.
പ്രോപ്പനോൾ പില്ലുകൾ വലിയ അളവിൽ കഴിച്ച് ബോധരഹിതയായ ശേഷം മരണത്തിന് കീഴടങ്ങിയ അലക്സാൻഡ്രിയയെ ചെഷെയറിലെ വിൻസ്‌ഫോഡിലെ വീട്ടിൽ അമ്മയാണ് കണ്ടെത്തിയത്. 9 വയസ്സുകാരിയായ പെൺകുട്ടിയുടെ മാതാവാണ് അലക്സാൻഡ്രിയ.
ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയും ഇല്ലെന്നും, മരുന്ന് ഡോസ് കൂടി കഴിച്ചതാവാം അപകടകാരണം എന്നും ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു. വലിയ ഒരു സൗഹൃദ വലയത്തിന് ഉടമയായ അലക്സാൻഡ്രിയ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു.
മരിക്കുന്നതിന് ആറു ദിവസം മുൻപാണ് വായ്ക്കുള്ളിൽ വലിയ വ്രണം രൂപപ്പെട്ടത്. പുറത്തുനിന്നു നോക്കുന്ന ഒരു വ്യക്തിക്ക് കാണാൻ സാധിക്കുന്ന വിധം വലിയ മുറിവാണ് അലക്സാൻഡ്രിയയുടെ വായ്ക്കുള്ളിൽ ഉണ്ടായിരുന്നത്. മരിക്കുന്നതിന് 20 മിനിറ്റ് മുമ്പ് താൻ കഴിച്ച മരുന്നിന്റെ ചിത്രം എക്സ് ബോയ്ഫ്രണ്ടിന് അയച്ചുകൊടുത്തിരുന്നു. 20 മിനിറ്റിനു ശേഷം എനിക്ക് അനങ്ങാൻ ആവില്ല എന്ന ശബ്ദ സന്ദേശവും അയച്ചിരുന്നു. സംഭവസമയത്ത് ഒൻപത് വയസ്സുകാരിയായ മകൾ വീട്ടിലുണ്ടായിരുന്നില്ല. ഹെപ്പറ്റൈറ്റിസ്, സെപ്സിസ്, ന്യൂമോണിയ എന്നീ രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഹോസ്പിറ്റലിൽ ചെന്നാൽ തന്നെ കോവിഡ് ആണെന്ന് സംശയിച്ചു അഡ്മിറ്റ് ചെയ്യുമെന്ന് ഭയന്നിട്ടാണ് അലക്സാൻഡ്രിയ സ്വയം ചികിത്സിക്കാൻ തീരുമാനിച്ചത്.
ജീവിതത്തോടും, മകളോടും സുഹൃത്തുക്കളോടുമെല്ലാം അങ്ങേയറ്റം സ്നേഹം പുലർത്തിയിരുന്ന വ്യക്തിക്ക് ഇത്തരത്തിൽ ഒരു അപകടമുണ്ടായത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.
Leave a Reply