കരുവാറ്റ ശ്രീഹരി ടാക്കീസില്‍ ‘കെണി’ എന്ന സിനിമയുടെ ടിക്കറ്റുവരവിന്റെ കണക്കെഴുതിത്തീര്‍ത്താണു ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ, ഇന്‍ഷുറന്‍സ് തട്ടിപ്പിനായി സുകുമാരക്കുറുപ്പൊരുക്കിയ കെണിയിലേക്ക് അറിയാതെ വണ്ടികയറിയത്.
1984 ജനുവരി 21-നു ശനിയാഴ്ചരാത്രി പത്തരയോടെ ദേശീയപാതയിലെ കരുവാറ്റ ടി.ബി.ജങ്ഷനില്‍ ആലപ്പുഴയ്ക്കു ബസ് കാത്തുനില്‍ക്കുമ്പോള്‍, ഹരി ടാക്കീസിന്റെ മാനേജര്‍ ശ്രീകുമാറും കൂട്ടിനുണ്ടായിരുന്നു. ആലപ്പുഴ ഫാസ്റ്റ് പാസഞ്ചര്‍ വരുന്നതു കണ്ടതിനാല്‍ ശ്രീകുമാര്‍ യാത്രപറഞ്ഞുപോയി. പിന്നീട്, ചാക്കോയെ ആരും ജീവനോടെ കണ്ടിട്ടില്ല.
അന്ന് ആ ബസ് നിര്‍ത്താതെപോയി. പിന്നാലെവന്ന കാറിലെ യാത്രക്കാര്‍ ചാക്കോയെ കയറ്റിക്കൊണ്ടുപോയതും വഴിയില്‍ കൊലപ്പെടുത്തി മാവേലിക്കര കുന്നംപാടത്ത് കാറിലിരുത്തി കത്തിച്ചതുമെല്ലാം കേരളംകണ്ട ഏറ്റവും വലിയ ആള്‍മാറട്ടക്കഥയിലെ വഴിത്തിരിവുകളാണ്.
‘കുറുപ്പ്’ സിനിമ വെള്ളിയാഴ്ച തിയേറ്ററിലെത്തുമ്പോള്‍ അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ശ്രീകുമാര്‍.
പ്രമുഖ സിനിമാവിതരണ കമ്പനിയായ മുനോദ് ആന്‍ഡ് വിജയ മൂവീസിന്റെ പ്രതിനിധിയായിരുന്നു ചാക്കോ. ശ്രീഹരീ ടാക്കീസില്‍ ഫിലിം കമ്പനിയുടെ പ്രതിനിധികള്‍ക്കു താമസിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതിനാല്‍ പലപ്പോഴും ചാക്കോ ദിവസങ്ങളോളം ഇവിടെ താമസിച്ചിരുന്നു. എന്നാല്‍, നാട്ടിലെ പള്ളിപ്പെരുന്നാളായതിനാല്‍ അന്നുരാത്രിതന്നെ വീട്ടിലേക്കു പോകുകയായിരുന്നെന്ന് ഇപ്പോള്‍ ഹരിപ്പാട്ടെ അഭിഭാഷകനായ കെ. ശ്രീകുമാര്‍ ഓര്‍ക്കുന്നു.
അടുത്തദിവസം വരാമെന്നുപറഞ്ഞാണു ചാക്കോ തീയേറ്റര്‍ വിട്ടത്. അടുത്ത രണ്ടുദിവസം ചാക്കോ വന്നില്ല. തുടര്‍ന്ന് ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠിച്ചിരുന്ന ശ്രീകുമാര്‍ സുഹൃത്തിനൊപ്പം ചാക്കോയുടെ വീട്ടിലെത്തി അന്വേഷിച്ചു. അപ്പോഴാണ് ആള്‍ തിയേറ്ററിലും ഇല്ലെന്നു വീട്ടുകാര്‍ അറിയുന്നത്. അടുത്തദിവസം ശ്രീകുമാറും അച്ഛന്‍ പുതുശ്ശേരില്‍ കിഴക്കതില്‍ കുട്ടപ്പന്‍നായരും ചേര്‍ന്ന് ഹരിപ്പാട് പോലീസില്‍ പരാതിനല്‍കി.
ചാക്കോയെപ്പറ്റി ശ്രീകുമാറിനു നല്ലതേ പറയാനുള്ളൂ. ജോലിയില്‍ ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന ചാക്കോ മിതഭാഷിയായിരുന്നു. ഭാര്യ ആസമയം ഗര്‍ഭിണിയായിരുന്നു. അതിനാല്‍ വീട്ടില്‍ പോയിവരാനുള്ള സൗകര്യത്തിനാണു തന്റെ കമ്പനിയുടെ സിനിമ കരുവാറ്റയിലെ തിയേറ്ററില്‍ എത്തിച്ചത്.
കരുവാറ്റ ടി.ബി. ജങ്ഷനില്‍ 1982-ലാണു കുട്ടപ്പന്‍ നായര്‍ ശ്രീഹരീ ടാക്കീസ് തുറക്കുന്നത്. 1993 ആയപ്പോഴേക്കും വലിയനഷ്ടത്തിലായതിനാല്‍ അടച്ചു.
കഴിഞ്ഞ 37 വർഷമായി (37 years) രാജ്യത്തെ നിയമസംവിധാനം തേടിക്കൊണ്ടിരിക്കുന്ന ഒരു പേരാണ് സുകുമാരക്കുറുപ്പ് എന്ന് അറിയപ്പെടുന്ന ഒരു വ്യക്തിയും അയാൾ ആസൂത്രണം ചെയ്ത ചാക്കോവധക്കേസും
(Chacko Murder Case)
കെണി…..
1984. തിരുവനന്തപുരത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത അന്ന് അറിയപ്പെട്ടിരുന്നത് എൻ എച്ച് 47 എന്നായിരുന്നു. അക്കാലത്ത് ഹരിപ്പാട് നിന്നും ആലപ്പുഴയ്ക്ക് ആറ് കിലോമീറ്റർ വടക്ക് കരുവാറ്റ എന്ന സ്ഥലത്ത് ദേശീയ പാതയുടെ വലതു വശത്തായി കുട്ടപ്പൻ നായർ എന്ന വ്യക്തിക്ക് ഹരി ടാക്കീസ് എന്ന പേരിൽ ഒരു സിനിമാ തീയറ്റർ ഉണ്ടായിരുന്നു. ജനുവരി 21 ശനിയാഴ്ച. ഫിലിം റപ്രസന്റേറ്റീവ് എൻ ജെ ചാക്കോ തീയറ്ററിൽ എത്തി. ഭാര്യ ഗർഭിണിയായിരുന്നതിനാൽ ദിവസവും ആലപ്പുഴയിലെ വീട്ടിലെത്താമെന്നു കരുതിയ ചാക്കോ ഒരാഴ്‌ച കൂടി തന്റെ സിനിമ നിലനിർത്താൻ ആവശ്യപ്പെട്ടു. മറ്റൊരു ചിത്രവുമായി കരാർ ഉണ്ടായിരുന്നു എങ്കിലും കുട്ടപ്പൻനായർ സമ്മതിച്ചു.
രാത്രി പത്തുമണികഴിഞ്ഞ് സെക്കൻഡ് ഷോയുടെ ടിക്കറ്റ് ക്ലോസ് ചെയ്ത് കണക്ക് എടുത്ത ശേഷം ചാക്കോ ആലപ്പുഴയിലേക്കു പോകാനിറങ്ങി. അപ്പോൾ കുട്ടപ്പന്‍ നായരുടെ മകൻ ശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. രാത്രി 8 മണി കഴിഞ്ഞാൽ ദേശീയ പാതയിൽ ബസ് കിട്ടിയാൽ ഭാഗ്യം എന്നെ പറയാൻ പറ്റൂ. അങ്ങനെ ബുദ്ധിമുട്ടാതെ പിറ്റേന്ന് പോയാൽ മതി എന്ന് ശ്രീകുമാർ ചാക്കോയോട് പറഞ്ഞു. പിറ്റേന്ന് ജനുവരി 22 ഞായറാഴ്‌ച ഒന്നാം വിവാഹ വാർഷികമായതിനാൽ അർത്തുങ്കൽ പള്ളിയിൽ പോകണം എന്നും അതിനു ശേഷമേ തിയറ്ററിൽ എത്തുകയുള്ളൂവെന്നു ചാക്കോ പറഞ്ഞു. ആറു മാസം ഗർഭിണിയായ ഭാര്യയും ഒന്നാം വിവാഹ വാർഷികവും ചാക്കോയെ പരീക്ഷണത്തിന് പ്രേരിപ്പിച്ചു. ഏതെങ്കിലും വണ്ടിക്ക് കൈ കാണിച്ച് കയറാം എന്ന് കരുതി. കരുവാറ്റ ടിബി ഹോസ്പിറ്റൽ ജങ്ഷനിലെ കടയിൽ നിന്നും ചായ കുടിച്ച് ഇരുവരും പിരിഞ്ഞു.
എന്നാൽ ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും ചാക്കോ തിയറ്ററിലെത്തിയില്ല. അന്ന് ആലപ്പുഴ എസ് ഡി കോളജ് വിദ്യാർഥിയായിരുന്ന ശ്രീകുമാർ ചാക്കോയെ അന്വേഷിച്ച് ജനുവരി 24 ന് സനാതനം വാർഡിലെ കണ്ടത്തിൽ വീട്ടിലെത്തി. ഇതേസമയം ചാക്കോയുടെ സഹോദരൻ ചാക്കോയെ അന്വേഷിച്ച് കുട്ടപ്പൻനായരുടെ കരുവാറ്റയിലെ വീട്ടിലുമെത്തി. ഇതോടെ മുപ്പതുകാരനായ ചാക്കോയെ കാണാനില്ല എന്ന് മനസിലായതിനെത്തുടർന്ന് പോലീസിൽ പരാതി നൽകി. അന്ന് ഹരി ടാക്കീസിൽ പ്രദർശിപ്പിച്ചു കൊണ്ടിരുന്ന സിനിമയുടെ പേര് കെണി എന്നായിരുന്നു എന്നത് യാദൃച്ഛികമാകാം.
കുപ്രസിദ്ധനായ കുറുപ്പ്
ചെങ്ങന്നൂർ ചെറിയനാട് പുത്തൻവീട്ടിൽ ശിവരാമക്കുറുപ്പിന് 1946 ൽ ജനിച്ച മകന്റെ പേര് ഗോപാലകൃഷ്ണപിള്ള എന്നായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ഉയർന്ന നിലയിലുള്ള, രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിൽ സ്വാധീനമുള്ളതായിരുന്നു അയാളുടെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങൾ.നല്ല ഉയരമുള്ള സുമുഖനും ആരോഗ്യവാനുമായിരുന്ന അയാൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ പ്രീഡിഗ്രി കഴിഞ്ഞയുടൻ ഇന്ത്യൻ ആർമിയുടെ മെഡിക്കൽ കോപ്സ് വിഭാഗത്തിൽ ചേർന്നു. പൂനെയിൽ ജോലി ചെയ്യുന്ന കാലത്ത് നാട്ടുകാരിയായ ട്രെയിനീ നഴ്‌സ് സരസമ്മയെ പ്രണയിച്ചു. ഇയാളുടെ അമ്മയുടെ തറവാട്ടിലെ ജോലിക്കാരിയുടെ മകളായിരുന്നു അവർ എന്നതിനാൽ വീട്ടുകാർ ബന്ധം എതിർത്തു. എങ്കിലും ഗോപാലകൃഷ്ണ പിള്ള മാട്ടുങ്കയിലെ അമ്പലത്തിൽ വെച്ച് തന്റെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ സരസമ്മയെ വിവാഹം കഴിച്ചു.
അക്കാലത്ത് ഗൾഫിലേക്കുള്ള ജോലിസാധ്യതകൾ കൂടി വരുന്ന കാലമായിരുന്നു. നഴ്‌സായ ഭാര്യയുമൊത്ത് ഗൾഫിലേക്ക് പോകാൻ പദ്ധതിയിട്ടു. അങ്ങനെ സേനയിൽ നിന്ന് അവധിയെടുത്തു. തുടർന്ന് മുങ്ങി. സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ഗോപാലകൃഷ്ണ പിള്ള മരിച്ചതായി റിപ്പോർട്ട് അയപ്പിച്ചു. പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ പാസ്പോർട്ട് എടുത്തു. തുടർന്ന് അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിൽ ജോലി നേടി ‘സുകുമാരക്കുറുപ്പ്’ എന്ന പുതിയ പേരിലേക്കു മാറി.
സരസമ്മയെയും അവിടേക്കു കൊണ്ടുപോയി. അവർക്ക് സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി കിട്ടി. അന്നത്തെ കാലത്ത് കുറുപ്പിനും ഭാര്യയ്ക്കും കൂടി അബുദാബിയിൽ പ്രതിമാസം അരലക്ഷത്തിലേറെ രൂപ ശമ്പളം ലഭിച്ചിരുന്നെന്നു പറയപ്പെടുന്നു.
വീട്ടുകാർക്ക് താല്പര്യമില്ലാത്ത വിവാഹമായതിനാൽ ബന്ധുക്കളിൽനിന്ന് അകന്നു ജീവിക്കാൻ തീരുമാനിച്ച കുറുപ്പ് ആലപ്പുഴ മെഡിക്കൽ കോളേജിനടുത്ത് വണ്ടാനത്ത് പുതിയ വീടിന്റെ നിർമാണവും തുടങ്ങി. വീടു പണി തുടങ്ങിയതോടെ കെഎൽവൈ 5959 നമ്പർ കാർ വാങ്ങി. ആലപ്പുഴയിൽ സ്ഥിരതാമസമാക്കി ബിസിനസ് നടത്താനുള്ള സുഹൃത്തുക്കളുടെ പ്രേരണയും ശക്തമായതോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തുന്നതിനുള്ള വഴികളായി.
കെഎൽക്യു 7831 കാർ
പണം തട്ടാൻ പുതിയ മാർഗങ്ങൾ തേടുമ്പോഴാണ് ഒരു ഇംഗ്ലിഷ് മാസികയിൽ വന്ന റിപ്പോർട്ട് കുറുപ്പിന്റെ കയ്യിൽ കിട്ടിയത്. ജർമനിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവമായിരുന്നു അതിൽ. ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം ദിർഹത്തിന്റെ ഇൻഷുറൻസ് പോളിസി എടുത്തു. അന്നത്തെ കാലത്ത് ഏതാണ്ട് മുപ്പത് ലക്ഷം രൂപ വരുമായിരുന്നു ഇത്.
കമ്പനിയിൽ വിശ്വസ്തനായിരുന്ന ചാവക്കാട് സ്വദേശിയായ ഓഫിസ് ബോയ് ഷാഹുവിനോട് കുറുപ്പ് തന്റെ പദ്ധതി പറഞ്ഞു. ഇതിന്റെ വലിയ തുക കൈയിൽ കിട്ടുമെന്ന അതിമോഹം കാരണം ഷാഹു കുറുപ്പിന് ഉറപ്പു കൊടുത്തു. സരസമ്മയുടെ സഹോദരീഭർത്താവ് ഭാസ്കരപിള്ളയ്ക്കും കുറുപ്പ് കത്തയച്ചു പഴയൊരു കാർ വാങ്ങണമെന്ന് പറഞ്ഞു. അങ്ങനെ പിള്ള 8000 രൂപയ്ക്കു പഴയൊരു അംബാസഡർ കാർ വാങ്ങി. കെഎൽക്യു 7831.
തുടർന്ന് അമ്മയ്ക്ക് രോഗം കൂടുതലാണെന്നു നാട്ടിൽനിന്നു ടെലഗ്രാം ചെയ്ത കുറുപ്പും ഷാഹുവും ഒരേ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി. സരസമ്മയും രണ്ടു മക്കളും അബുദാബിയിൽ തന്നെ തുടർന്നു.
ഗൂഢപദ്ധതി
ആലപ്പുഴ മെഡിക്കൽ കോളജിലെ പരിചയക്കാരൻ വഴി ഒരു മൃതദേഹം സംഘടിപ്പിക്കണമെന്നായിരുന്നു ആദ്യ പദ്ധതി. മോർച്ചറിയിൽനിന്ന് അനാഥശവം കിട്ടില്ലെന്ന് ഉറപ്പായതോടെ സെമിത്തേരിയിൽനിന്നു ശവം കുഴിച്ചെടുക്കാൻ ആലോചിച്ചെങ്കിലും അതും ഉപേക്ഷിച്ചു. ജനുവരി 21ന് കുറുപ്പ് ഷാഹു, ഭാസ്‌കരപിള്ള എന്നിവരുമായി വീണ്ടും ചർച്ച നടത്തി. തുടർന്ന് ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താമെന്ന ആശയം കുറുപ്പ് മുന്നോട്ടുവെച്ചു. അങ്ങനെ നാലാമതൊരാൾ കൂടി പദ്ധതിയിലേക്ക് വന്നു. വിശ്വസ്തനായ ഡ്രൈവർ പൊന്നപ്പൻ. കൊലപാതകത്തിന് ആദ്യം വിസമ്മതിച്ച പൊന്നപ്പനെ ഭീഷണിപ്പെടുത്തി കൂടെ കൂട്ടി. രാത്രി 8 മണിയോടെ തോട്ടപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണവും മദ്യവും കഴിച്ച ശേഷം നാലുപേരും രണ്ടു കാറുകളിലായി ഇര തേടി പുറപ്പെട്ടു. പൊന്നപ്പൻ കെഎൽവൈ– 5959 യുടെ ഡ്രൈവർ സീറ്റിലും ഭാസ്‌കരപിള്ളയും ഷാഹുവും പിന്നിലുമായി ഇരുന്നു. പദ്ധതിക്കായി വാങ്ങിയ കെഎൽക്യു 7831 ൽ കുറുപ്പ് പിന്നാലെയും. ദേശീയപാതയിൽ തെക്കോട്ട് ഏതാണ്ട് ഓച്ചിറ വരെ പോയിട്ടും പറ്റിയ ആരെയും കിയില്ല. അവർ തിരികെ ആലപ്പുഴയിലേക്കു തിരിച്ചു. പാതിരാത്രിയോട് അടുത്ത് വീണ്ടും തോട്ടപ്പള്ളിയിൽ നിന്ന് വീണ്ടും ഹരിപ്പാട് ദിശയിലേക്ക് പോകുമ്പോൾ ആറടി പൊക്കമുള്ള ഒരാൾ കരുവാറ്റ ടിബി ജംക്‌ഷനടുത്ത് വാഹനങ്ങൾക്ക് കൈ കാണിക്കുന്നത് കണ്ടു.
കെണി തേടി
റോഡിലേക്ക് കൈ കാണിക്കുന്ന ആളെ കണ്ടപ്പോൾ സംഘം ഒരു കാര്യം ഉറപ്പിച്ചു. ഉയരം കൊണ്ടും ചേരും. ആലപ്പുഴ ദിശയിലേക്ക് വണ്ടി തിരിച്ചു. ചാക്കോ കെഎൽവൈ– 5959 ന് കൈ കാണിച്ചു. പൊന്നപ്പൻ വണ്ടി നിർത്തി. ആലപ്പുഴയിൽ ഇറക്കാമെന്നു പറഞ്ഞ് ഭാസ്കരപിള്ള അയാളെ അകത്തു കയറ്റി തനിക്കും ഷാഹുവിനും നടുവിലിരുത്തി.വാഹനത്തിൽ കയറിയ ആൾ പരിചയപ്പെടുത്തി. ‘ഞാൻ ചാക്കോ. ഫിലിം റെപ്രസന്റേറ്റീവ് ആണ്. ആലപ്പുഴയിലെ വീട്ടിലേക്കു പോകുന്നു.’ ഭാസ്കരപിള്ള കുപ്പിയിൽനിന്ന് ഒരു ഗ്ലാസിൽ മദ്യം ചാക്കോയ്ക്ക് നൽകി. മദ്യപിക്കാറില്ലെന്നു പറഞ്ഞ ചാക്കോ അത് നിരസിച്ചു. കാർ നേരെ ആലപ്പുഴയിലേക്കു പോകുന്നതിനു പകരം അല്പദൂരത്തിൽ തോട്ടപ്പള്ളിയിൽ നിന്ന് വലത്തേക്ക് പല്ലന റോഡിലേക്കു തിരിഞ്ഞു. വഴി മാറിയെന്ന് ചാക്കോ പറഞ്ഞെങ്കിലും പല്ലനയിൽ ഒരാളെ കാണാനുണ്ടെന്നും ഉടൻ മടങ്ങാമെന്നും ഭാസ്കരപിള്ള പറഞ്ഞു. എതിർത്ത ചാക്കോയെ ഭീഷണിപ്പെടുത്തി മദ്യം കഴിപ്പിച്ചു. ഈഥർ കലക്കിയ മദ്യം ഉള്ളിലെത്തിയപ്പോൾ ചാക്കോയുടെ ബോധം നഷ്ടമായി. ഷാഹുവും ഭാസ്‌ക്കരപിള്ളയും ചേർന്ന് ടൗവൽ ഉപയോഗിച്ച് ചാക്കോയുടെ കഴുത്തിൽ മുറുക്കി. മരണം ഉറപ്പു വരുത്തി.
സംശയമുണർത്തിയ ഗൾഫുകാരന്റെ അടിവസ്ത്രം
ചാക്കോയെ കൊലപ്പെടുത്തിയ ശേഷം സുകുമാരക്കുറുപ്പും സംഘവും മൃതദേഹം 30 കിലോമീറ്റർ അകലെ കുറുപ്പിന്റെ ഭാര്യവീടായ ചെറിയനാട്ടെ സ്മിതാ ഭവനത്തിലെത്തിച്ചു. മൃതദേഹത്തിൽ കുറുപ്പ് തന്റെ ലുങ്കിയും ഷർട്ടും ധരിപ്പിച്ചു. അവിടെ കുളിമുറിയിൽവച്ച് മൃതദേഹത്തിന്റെ മുഖവും തലയും പെട്രോളൊഴിച്ചു കത്തിച്ചു. ശവശരീരം കെഎൽവൈ 5959 കാറിന്റെ ഡിക്കിയിൽ വച്ച് വയലിന്റെ കരയിലെത്തിച്ച ശേഷം കെഎൽക്യു 7831 കാറിന്റെ ഡ്രൈവർ സീറ്റിലേക്കിരുത്തി. ചലനമറ്റ കൈകൾ സ്റ്റിയറിങ്ങിൽ പിടിപ്പിച്ചു. സീറ്റുകൾ കുത്തിക്കീറി പത്തു ലിറ്ററോളം പെട്രോൾ ഒഴിച്ചു. എന്നിട്ടു തീപ്പെട്ടിയുരച്ചു കാറിലേക്കെറിഞ്ഞു.എല്ലാം കൃത്യമായി പ്ലാൻ ചെയ്തിട്ടും അവർക്ക് ഒരുപിഴ സംഭവിച്ചു. ചാക്കോയുടെ അടിവസ്ത്രം.
സുകുമാരക്കുറുപ്പ് എന്നു പറയപ്പെടുന്ന ഒരാൾ
1984 ജനുവരി 22. പുലർച്ചെ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്കു ഒരു ഫോൺ എത്തി. കുന്നം എന്ന സ്ഥലത്ത് തണ്ണിമുക്കം വയലിനടുത്ത് ഒരു കാർ കത്തുന്നുണ്ടെന്നും അതിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ കാണുന്നുണ്ടെന്നുമായിരുന്നു സന്ദേശം. വയലിനു സമീപം താമസിക്കുന്ന രാധാകൃഷ്ണൻ ആശാരിയാണ് വിവരമറിയിച്ചത്. സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഉടൻ ചെങ്ങന്നൂർ ഡിവൈഎസ്പി പി.എം. ഹരിദാസിനെ വിവരമറിയിച്ചു. പുലർച്ചെ അഞ്ചരയോടെ ഡിവൈഎസ്പി സ്ഥലത്തെത്തിയപ്പോൾ എസ്ഐയും സംഘവും അവിടെയുണ്ടായിരുന്നു. അപ്പോഴും കാർ കത്തുന്നുണ്ടായിരുന്നു. റോഡിന്റെ വടക്കേവശത്തെ പുല്ലിലും തറയിലും പെട്രോളിന്റെ നനവും മണവുമുണ്ടായിരുന്നു. അവിടെനിന്നു കൊള്ളികൾ നിറഞ്ഞ ഒരു തീപ്പെട്ടിയും റബർ ഗ്ലൗസും ഒരു ജോഡി ചെരിപ്പും ലഭിച്ചു. വയലിൽ ആരോ ഓടിപ്പോയതു പോലെ കാൽപ്പാടുകളുണ്ടായിരുന്നു. ഗ്ലൗസിൽനിന്ന് ഒരു മുടിനാര് ലഭിച്ചു. ഭാഗികമായി കത്തിയ നിലയിൽ മൃതദേഹത്തിന്റെ അടിവസ്ത്രവും പൊലീസ് സാംപിളായി ശേഖരിച്ചു.
കാർ ഉപയോഗിച്ചിരുന്നത് ഗൾഫുകാരനായ സുകുമാരകുറുപ്പാണെന്ന് വിവരം കിട്ടി. ഡിവൈഎസ്പി ഹരിദാസ് ഭാസ്കരപിള്ളയെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. വിദേശത്തു ശത്രുക്കളുള്ള സുകുമാരക്കുറുപ്പിനെ അവരിലാരോ കാറിലിട്ടു കത്തിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു സഹോദരീ ഭർത്താവ് ഭാസ്കരപിള്ള പൊലീസിന് ആദ്യം മൊഴി നൽകിയത്. കത്തിയ കാറിന്റെ ഉടമയും പിള്ളയായിരുന്നു.
പൊലീസ് സർജൻ ഡോ.ബി.ഉമാദത്തൻ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനെത്തി. വയൽ വരമ്പത്ത് ഓലമറകെട്ടി വിശദമായ പോസ്റ്റ്മോർട്ടം തുടങ്ങി. ശരീരം മുഴുവൻ കത്തിക്കരിഞ്ഞിരിക്കുന്നു. എല്ലുകളും പല്ലുകളും പരിശോധിച്ചു. കൊല്ലപ്പെട്ടയാൾക്ക് ആറടി ഉയരവും 30–35 വയസ്സ് പ്രായവും ഉണ്ടെന്നു വ്യക്തമായി. കേട്ടറിവ് വച്ച്, ശരീരത്തിന്റെ രൂപവും ഉയരവും വണ്ണവും വച്ച് സുകുമാരക്കുറുപ്പിനോട് സാദൃശ്യമുണ്ട്. ശരീരം മുഴുവൻ പെട്രോൾ പോലെ എന്തോ ഇന്ധനം ഒഴുകി തീപിടിച്ചതിന്റെ ലക്ഷണം. ഓടുന്ന കാറിനു തീപിടിച്ചാൽ, സാധാരണഗതിയിൽ ഡ്രൈവറുടെ ദേഹത്തു പെട്രോള്‍ വീഴില്ല. കാറിന്റെ ഡോർ അകത്തുനിന്നു തുറക്കാൻ കഴിയാത്തവിധം ലോക്കായിട്ടുമില്ല. ശ്വാസകോശവും ശ്വാസനാളിയും തുറന്നു പരിശോധിച്ചു. അവിടെ കരിയുടെ അംശമില്ല.
തീ പിടിക്കുമ്പോൾ ഡ്രൈവർക്ക് ജീവനുണ്ടായിരുന്നെങ്കിൽ കരിയുടെ അംശം ശ്വാസകോശത്തിൽ ഉണ്ടാകേണ്ടതാണ്. അതായത്, ഡ്രൈവർ മരിച്ച ശേഷമാണ് കാറിനും ശരീരത്തിനും തീപിടിച്ചതെന്ന് ഉറപ്പ്. ഡ്രൈവറെ മരണത്തിനുശേഷമാണു കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി. ആമാശയം പരിശോധിച്ചപ്പോൾ രൂക്ഷഗന്ധം കലർന്ന മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി.
‘ആരാണു കൊല്ലപ്പെട്ടത്?’ ഡോ.ഉമാദത്തൻ ഡിവൈഎസ്പി ഹരിദാസിനോടു ചോദിച്ചു. ‘സുകുമാരക്കുറുപ്പ് എന്നു പറയപ്പെടുന്ന ഒരാൾ…’കൊല്ലപ്പെട്ടതു സുകുമാരക്കുറുപ്പാണെന്നു പറഞ്ഞാൽ പോരെ? ‘പറയപ്പെടുന്ന ഒരാൾ’ എന്ന് പറയാൻ എന്താണു കാരണം? ഉമാദത്തനു സംശയം. ഹരിദാസ് പറഞ്ഞു: ‘ചില സംശയങ്ങളുണ്ട്. പക്ഷേ, തെളിവു ശേഖരിക്കണം…’
സുകുമാരക്കുറുപ്പ് ദീർഘകാലം അബുദാബിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തയാളാണ്. ആഡംബര ജീവിതത്തിൽ വലിയ താൽപര്യമുണ്ട്. നാട്ടിൽ വീട്, ആലപ്പുഴയിലെ പുതിയ രണ്ടുനില വീടിന്റെ നിർമാണം അവസാനഘട്ടത്തിൽ. അപകടം നടക്കുമ്പോൾ സഞ്ചരിച്ചിരുന്ന പഴയ കാറിനു പുറമെ പുതിയ കാർ വാങ്ങിയിട്ടുണ്ട്. കാറിന്റെ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കുമ്പോൾ അടിവസ്ത്രത്തിന്റെ കുറച്ചു ഭാഗം മാത്രം കരിയാതെ ശേഷിച്ചിട്ടുണ്ട്. ചെരിപ്പുകൾ, വാച്ച്, മോതിരം എന്നിവ മൃതദേഹത്തിൽ കണ്ടില്ല.
‘സുകുമാരക്കുറുപ്പിനെപ്പോലെ ആഡംബരപ്രിയനായ ഗൾഫുകാരൻ പുതിയൊരു കാർ വീടിന്റെ പോർച്ചിൽ കിടക്കുമ്പോൾ ചെരിപ്പിടാതെ, വാച്ചുകെട്ടാതെ, മോതിരം ധരിക്കാതെ, നിലവാരം കുറഞ്ഞ അടിവസ്ത്രം ധരിച്ച് പഴയ കാറോടിച്ചു പുറത്തേക്കു പോകുമോ? ഈ ചോദ്യത്തിനായിരുന്നു ഹരിദാസിന് ഉത്തരം വേണ്ടിയിരുന്നത്.
കോഴിക്കറിയും…..
സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ സ്മിത ഭവനം പൊലീസ് നിരീക്ഷണത്തിലായിരുന്നു. അത്രയും വേണ്ടപ്പെട്ടയാൾ മരിച്ചെന്നറിഞ്ഞിട്ടും ആ വീട്ടിൽ ആർക്കും ദുഃഖമുണ്ടായിരുന്നില്ല. അക്കാലത്ത് വിശേഷ ദിവസങ്ങളിൽ മാത്രം പാചകം ചെയ്യാറുള്ള കോഴിയിറച്ചിക്കറി ഒരു ദിവസം ഉച്ചഭക്ഷണത്തിന് വീട്ടുകാർ തയാറാക്കിയതായും പൊലീസ് കണ്ടെത്തി. വീട്ടിലെ കുളിമുറിയിൽ മാറാലകൾ കരിപിടിച്ചതായി പൊലീസ് കണ്ടെത്തിയത് മറ്റൊരു വിവരത്തിലേക്കുള്ള ചൂണ്ടുപലകയായി.
കേസ് 22/ 84 ൽ ഭാസ്കരപിള്ളയുടെ പൊള്ളൽ
വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് ഭാസ്കരപിള്ള മാവേലിക്കര പൊലീസ് സ്റ്റേഷനിലെത്തിയത്. മുഴുക്കൈയൻ ഉടുപ്പിന്റെ കൈകൾ താഴ്ത്തി ബട്ടൺ ധരിച്ചിരുന്നു. ഭാസ്കരപിള്ള ആരും നിർദേശിക്കാതെ തന്നെ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഹരിദാസിനെ കണ്ടപാടെ കൈകൂപ്പി വണങ്ങി സ്റ്റേഷന്റെ മൂലയിലേക്കു മാറി പതുങ്ങി നിന്നു. സാധാരണ കുറ്റവാളികളാണ് അത്തരം ശരീരഭാഷ പ്രകടിപ്പിക്കാറുള്ളത്. സംശയം തോന്നിയ ഹരിദാസ് അയാളോട് ഷർട്ടിന്റെ കൈകൾ മുകളിലേക്കു തെറുത്തുകയറ്റാൻ നിർദേശിച്ചു. രണ്ടു കൈകളിലും പൊള്ളലേറ്റിരിക്കുന്നു
ഹരിദാസ് ഒരു പ്രസിദ്ധീകരണത്തിൽ എഴുതിയ കുറിപ്പിൽ അതേപ്പറ്റി പറയുന്നു: ‘കത്തിയ കാറിന്റെ ഉടമയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഭാസ്കരപിള്ളയെ ചെങ്ങന്നൂർ എസ്ഐ ക്രിസ്‌റ്റിബാസ്‌റ്റിൻ കൂട്ടിക്കൊണ്ടുവന്നു. അയാളുടെ കൺപോളയിലും പുരികത്തും കൈയിലും തുടയിലും പൊള്ളലേറ്റ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടു. ഭാസ്‌കരപിള്ളയോട് ചോദിച്ചപ്പോൾ കാറിന്റെ യഥാർഥ ഉടമ ഭാര്യാസഹോദരീ ഭർത്താവായ സുകുമാരക്കുറുപ്പാണെന്നും അയാൾ തലേദിവസം കാറുമായി അമ്പലപ്പുഴയിൽ പോയിട്ടു വന്നിട്ടില്ലെന്നും അപകടത്തിൽ കാറിനുള്ളിൽപ്പെട്ട് കത്തി മരിച്ചതാകാമെന്നും പറഞ്ഞു.
ഭാസ്‌കരപിള്ളയുടെ ദേഹത്തിലെ പൊള്ളലുകളെപ്പറ്റി ചോദിച്ചപ്പോൾ വെളുപ്പിനെ തണുപ്പകറ്റാൻ തീകാഞ്ഞപ്പോൾ തീപ്പൊരി പൊട്ടിത്തെറിച്ച് മുഖത്തുവീണു പൊള്ളിയതാണെന്നു പറഞ്ഞു. തുടയിലും കയ്യിലും തീപ്പൊരി വീണാൽ പൊള്ളലുണ്ടാകുകയില്ലല്ലോ എന്നു പറഞ്ഞപ്പോൾ ചൂടുവെള്ളം പാത്രത്തോടെ എടുത്തപ്പോൾ അബദ്ധത്തിൽ തട്ടിമറിഞ്ഞ് കയ്യിലും കാലിലും വീണതാണ് എന്നാക്കി വിശദീകരണം. അയാളുടെ സംസാരത്തിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ പുതിയ കഥകൾ വന്നു.
താൻ ഗൾഫിൽ ജോലി ചെയ്‌തുണ്ടാക്കിയ പണം സുകുമാരക്കുറുപ്പ് കബളിപ്പിച്ചെടുത്തെന്നും വൈരാഗ്യം തീർക്കാൻ കുറുപ്പിനെ കൊന്ന് കാറിലിട്ട് പെട്രോൾ ഒഴിച്ചുകത്തിച്ചതാണെന്നുമായിരുന്നു ഒരു കഥ. ഡ്രൈവിങ് അറിയാത്ത ഭാസ്‌കരപിള്ള എങ്ങനെ കുറുപ്പിന്റെ ശവശരീരവുമായി തണ്ണിമുക്കം വയലിൽ എത്തി എന്നു ചോദിച്ചപ്പോൾ വണ്ടാനത്തു നിന്ന് താനും കുറുപ്പും കൂടി മാവേലിക്കരയ്‌ക്ക് വരുമ്പോൾ ഒരാളിന്റെ ദേഹത്ത് കാറിടിച്ച് അയാൾ മരിച്ചു എന്നും വിവരം പുറത്തറിയാതിരിക്കാൻ മൃതദേഹം വണ്ടിയിലിട്ട് കത്തിച്ചു എന്നുമായി അടുത്ത കഥ. ഭാസ്‌ക്കരപിള്ള പറയുന്നത് മുഴുവൻ കള്ളക്കഥയാണെന്ന് വ്യക്‌തമായി.കള്ളക്കഥകളെല്ലാം പൊളിഞ്ഞപ്പോൾ ഭാസ്കരപിള്ള സത്യം പറഞ്ഞു.
ചാക്കോയെ തിരിച്ചറിഞ്ഞ സൂപ്പർ ഇംപോസിഷൻ
കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് അല്ലെന്നു ഭാസ്കരപിള്ളയുടെ മൊഴിയിൽനിന്നുതന്നെ പൊലീസിനു വ്യക്തമായി. ഇതോടെ കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്തുക എന്നതായി പൊലീസിന്റെ തലവേദന. അടുത്ത ദിവസങ്ങളിൽ ആരെയെങ്കിലും കാണാതായതായി പരാതിയുണ്ടോ എന്ന അന്വേഷണത്തിനു ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽനിന്നു മറുപടി ലഭിച്ചു. ഫിലിം റെപ്രസന്റേറ്റീവായ ആലപ്പുഴ സനാതനം വാർഡ് കണ്ടത്തിൽ എൻ.ജെ.ചാക്കോയെ രണ്ടു ദിവസമായി കാണാനില്ലെന്നു സഹോദരൻ നൽകിയ പരാതിയായിരുന്നു അത്. പറിഞ്ഞു വീണ ബട്ടണും പഞ്ഞിയും കരിഞ്ഞ മുടിയും പൊന്നപ്പൻ ചെറിയനാട്ട് എത്തിച്ച കെഎൽവൈ 5959 കാറിൽനിന്നു പൊലീസിനു ലഭിച്ചു. മൃതദേഹത്തിൽനിന്നു ലഭിച്ച പകുതി കത്തിയ അടിവസ്ത്രം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ചാക്കോയുടെ ഭാര്യ ശാന്തമ്മ തിരിച്ചറിഞ്ഞു. ഭാസ്കരപിള്ള കുറ്റസമ്മതം നടത്തിയതോടെ എറണാകുളത്തു നിന്ന് ചാക്കോയുടെ മോതിരവും വാച്ചും കത്തിക്കരിഞ്ഞ വസ്ത്രാവശിഷ്ടവും കണ്ടെത്താനായി. അതും ചാക്കോയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
കാറിൽനിന്നും സ്മിതാ ഭവനത്തിലെ കുളിമുറിയിൽനിന്നും കിട്ടിയ കരിഞ്ഞ മുടിനാരുകൾ ചാക്കോയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അതോടെ, കൊല്ലപ്പെട്ടത് ചാക്കോ ആണെന്നു പൊലീസിനു വ്യക്തമായി. 1984 ഫെബ്രുവരി ഒന്നിന് പൊലീസ് സർജൻ ഡോ.ബി.ഉമാദത്തൻ റീപോസ്റ്റ്മോർട്ടം നടത്തി തലയോട്ടി സൂപ്പർ ഇംപോസിഷൻ നടത്തി ചാക്കോയുടേതാണെന്നു തെളിയിച്ചു. രാജ്യത്തു തന്നെ ഇത്തരത്തിൽ നടത്തുന്ന ആദ്യ കേസാണിത്. കാർ കത്തിയ സ്ഥലത്തുനിന്നു കിട്ടിയ ഗ്ലൗസിലെ മുടിനാരുകൾ ഭാസ്കരപിള്ളയുടേതാണെന്നും കണ്ടെത്താനായി. ആലുവയിലെ അലങ്കാർ ലോഡ്ജ്, മദ്രാസിലെ ന്യൂലാൻഡ്സ് ലോഡ്ജ്, ഭൂട്ടാനിലെ എൻട്രി പെർമിറ്റിനുള്ള അപേക്ഷ എന്നിവയിലെ കൈപ്പടകൾ സുകുമാരക്കുറുപ്പിന്റേതാണെന്നും വ്യക്തമായതോടെ തെളിവുകളെല്ലാം പൊലീസിനു കിട്ടി. അങ്ങനെ സുകുമാരക്കുറുപ്പ് കൊലക്കേസ് ചാക്കോ വധക്കേസ് ആയി.
കുറുപ്പിന്റെ കണക്കുക്കൂട്ടലുകൾ
ഗൂഢാലോചനയെക്കുറിച്ച് അറിയാത്തതിനാൽ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പാണെന്ന് ബന്ധുക്കളിൽ ഭൂരിപക്ഷവും കരുതി. പോസ്റ്റ് മോർട്ടം കഴിഞ്ഞ മൃതദേഹം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് അവർ പൊലീസിനെ സമീപിച്ചു. കേസിൽ സംശയമുള്ളതിനാൽ പൊലീസ് മൃതദേഹം പെട്ടിയിലാക്കി മറവു ചെയ്യാനാണ് നിർദേശിച്ചത്. ഭാസ്കരപിള്ള പൊലീസ് കസ്റ്റഡിയിൽ സത്യം തുറന്നു പറയുമ്പോൾ സുകുമാരക്കുറുപ്പ് ആലുവയിലെ അലങ്കാർ ലോഡ്ജിലുണ്ടായിരുന്നു.
നാട്ടിൽ എന്തു നടക്കുന്നുവെന്നറിയാൻ സുകുമാരക്കുറുപ്പ് ഡ്രൈവർ പൊന്നപ്പനെ ആലുവയിൽ നിന്ന് കാറുമായി നാട്ടിലേക്കയച്ചു. കുറുപ്പിന്റെ മരണത്തിനു പിന്നിൽ പൊന്നപ്പനാണെന്നു ധരിച്ച് ചിലർ അയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മരിച്ചതു കുറുപ്പ് അല്ലെന്നും യാദൃശ്ചികമായി വണ്ടിയിടിച്ചു മരിച്ച ഒരാളെയാണ് കത്തിച്ചതെന്നും കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഉണ്ടെന്നും പൊന്നപ്പൻ ബന്ധുക്കളോടു പറഞ്ഞു. ബന്ധുക്കൾ ഈ വിവരമൊന്നും പൊലീസിനെ അറിയിച്ചില്ല. എന്നാൽ അപ്പോഴും മരിച്ചത് സുകുമാരക്കുറുപ്പ് അല്ല എന്നു വിശ്വസിക്കാൻ പൊലീസ് തയാറായിരുന്നില്ല എന്നതാണ് സത്യം.
പൊന്നപ്പൻ കുറുപ്പിന്റെ കാർ തിരികെ സ്‌മിതാഭവനത്തിൽ എത്തിച്ചതിനു ശേഷം ഭാസ്കരപിള്ളയുടെ ബന്ധുവായ മധുസൂദനൻ നായർക്കൊപ്പം ആലുവയിലേക്കു മടങ്ങി. അതിനിടയിൽ പൊന്നപ്പൻ ആലുവയിലെ ലോഡ്ജിലേക്കു ഫോൺ ചെയ്ത് കുറുപ്പുമായി സംസാരിച്ചു.കുറുപ്പിന്റെ നിർദേശപ്രകാരം ആലപ്പുഴ ഇരുമ്പുപാലം പോസ്റ്റ് ഓഫീസിൽ നിന്ന് അബുദാബിയിലെ കമ്പനിയിലേക്കും സരസമ്മയ്ക്കും കുറുപ്പ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്നു ടെലിഗ്രാം അയച്ചു.
ഭാസ്കരപിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നറിഞ്ഞ സുകുമാരക്കുറുപ്പ് ജനുവരി 23ന് മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തി. ഈരേഴയിലെ ബന്ധുവീട്ടിലെത്തി ഭാസ്കരപിള്ളയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. പൊലീസിനെ സ്വാധീനിക്കാൻ കഴിയില്ലെന്നു മനസ്സിലായതോടെ ബന്ധു ഏർപ്പെടുത്തിയ ഓട്ടോറിക്ഷയിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തി കൊല്ലത്തേക്കു ട്രെയിൻ കയറി. പൊന്നപ്പനെയും കൂട്ടി അവിടെനിന്നു ഭൂട്ടാനിലേക്കു പുറപ്പെട്ടു. ഭൂട്ടാനിലേക്കുള്ള എൻട്രി പെർമിറ്റിന് സുകുമാരക്കുറുപ്പ് പ്രേംകുമാർ എന്ന പേരിലും പൊന്നപ്പൻ സത്യൻ എന്ന പേരിലുമാണ് അപേക്ഷ നൽകിയത്.
കാണെക്കാണെ കാണാമറയത്തായ കുറുപ്പ്
പത്തു ദിവസത്തിനു ശേഷം കുറുപ്പും പൊന്നപ്പനും മദ്രാസിലേക്കു മടങ്ങി. അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. നാട്ടിൽപ്പോയി പണം സംഘടിപ്പിച്ചെത്താമെന്നു പറഞ്ഞ് കുറുപ്പ് പൊന്നപ്പനെ അവിടെയാക്കി മാവേലിക്കരയിലേക്കു പുറപ്പെട്ടു. പൊലീസ് അന്വേഷണം ഊർജിതമായതിനാൽ ഒളിവിൽ പോകാൻ മാവേലിക്കരയിലെ ബന്ധു നിർദേശിക്കുകയും ചെറിയനാട്ടെ വീട്ടിലെത്തി ഭാര്യയുടെ കയ്യിൽനിന്നു പണം വാങ്ങി കുറുപ്പിനെ ഏൽപിക്കുകയും ചെയ്തു.
കുറുപ്പ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലാണ് പണവുമായി എത്തിയത്. അവിടെനിന്നു പൊള്ളാച്ചിയിലേക്കു പോകുമെന്നാണു പറഞ്ഞത്. ഇതിനിടയിൽ മദ്രാസിൽ കുറുപ്പിനെ കാത്തിരുന്നു മടുത്ത പൊന്നപ്പൻ നാട്ടിലേക്കു പുറപ്പെട്ടു. ചങ്ങനാശേരിയിൽനിന്ന് ആലപ്പുഴയിലേക്കു ബോട്ട് കയറുന്നതിനിടയിൽ ഒരു പരിചയക്കാരൻ തിരിച്ചറിഞ്ഞതോടെ പൊന്നപ്പൻ പൊലീസ് പിടിയിലായി. ഷാഹുവിനെയും ഇതിനോടകം പോലീസ് പിടിയിലാക്കിയിരുന്നു.
കൊട്ടാരക്കരയിൽനിന്നു മദ്രാസിലേക്ക് പോയ കുറുപ്പ് അവിടെനിന്നു മധ്യപ്രദേശിലെ ഇറ്റാർസിയിൽ ഒരു ബന്ധുവീട്ടിലെത്തി. അവിടെ ഒരാഴ്ച താമസിച്ച ശേഷം ബോംബെയിലെ ബന്ധുവീട്ടിൽ ചെന്നതായും അവിടെ അബുദാബിയിൽ ജോലി ചെയ്തിരുന്ന സാക്ക് എന്നയാളെ കണ്ടതായും അന്വേഷണോദ്യോഗസ്ഥനായ ഹരിദാസ് വ്യക്തമാക്കിയിട്ടുണ്ട്. ബോംബെയിൽനിന്നു സുകുമാരക്കുറുപ്പ് വീട്ടിലേക്ക് ഒരു കത്തയച്ചിരുന്നു. പഞ്ചാബിലേക്കു ജോലി തേടി പോകുന്നു എന്നായിരുന്നു കത്തിലെ വിവരം. പക്ഷേ, കത്ത് നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരം ലഭിച്ചില്ല.
സൗദിയിൽ നിന്നു വന്ന ഫോൺ കോളുകൾ
കുറുപ്പിനെ പലരും പലയിടത്തും കണ്ടതായി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും കേരളത്തിന്റെ പല ഭാഗങ്ങളിലും കുറുപ്പുമായി സാമ്യമുള്ള പലരെയും നാട്ടുകാരും പൊലീസും തടഞ്ഞുവച്ച് ദിവസങ്ങളോളം ചോദ്യം ചെയ്ത സംഭവങ്ങളുണ്ടായി. അപ്രതീക്ഷിതമായാണ് ഒരിക്കൽ പിടിയിൽനിന്ന് വഴുതിപോയതെന്നും കരുതുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥർ. വർഷം 2008 സൗദി അറേബ്യയിൽ ഒരു മതസ്ഥാപനത്തിൽ ജോലി ചെയ്യുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിക്കുന്നു. അയാളുടെ നമ്പർ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഈ ഫോണിൽനിന്ന് നിരന്തരം ബന്ധമുണ്ടായിരുന്നു. വിളിക്കുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് 90 ശതമാനത്തോളം ഉറപ്പായി. സൗദിയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തിൽ ഈ വിവരങ്ങൾ ഒരു മാധ്യമത്തിൽ വന്നു. അതോടെ ഫോൺ കോളുകൾ നിലച്ചു. ആ നമ്പരും ഉപേക്ഷിക്കപ്പെട്ടു. പിന്നീടൊരിക്കലും സഹായകരമായ വിവരങ്ങൾ പൊലീസിനു ലഭിച്ചില്ല.
കുറുപ്പിനും ഭാര്യയ്‌ക്കും വീട്ടിലേക്കും വരുന്ന കത്തുകൾ പതിവായി പൊലീസ് പൊട്ടിച്ചു വായിക്കുമായിരുന്നു. ഫോണും നിരീക്ഷിച്ചു. കുറുപ്പിന്റെ ഭാര്യ താമസിക്കുന്ന വീട്ടിൽ തെങ്ങു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്‌ഥൻ എന്ന പേരിൽ പൊലീസിന്റെ ഏജന്റ് സ്‌ഥിരമായി എത്തിയിരുന്നു. ബന്ധുക്കളിൽനിന്നു വിവരം ശേഖരിക്കുകയായിരുന്നു ലക്ഷ്യം. കുറുപ്പിന്റെ മകന്റെ വിവാഹം 2010 നവംബർ 12 ന് തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ നടന്നപ്പോൾ കുറുപ്പ് എത്തുമെന്നു കരുതി ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് ഒരാഴ്‌ച മുൻപേ തമ്പടിച്ചു. സൺ ഓഫ് സുകുമാരപിള്ള എന്നായിരുന്നു അതിൽ. ഇംഗ്ലീഷിലെ കാർഡിൽ പേരിനുപിന്നിൽ (ലേറ്റ് ) ഇല്ലാതിരുന്നത് ഉദ്യോഗസ്ഥർക്ക് പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ കുറുപ്പ് എന്ന വമ്പൻ സ്രാവിനെ അവരുടെ വലയിൽ കിട്ടിയില്ല.
ബാക്കിപത്രം
ചാക്കോ കൊല്ലപ്പെടുമ്പോൾ ഭാര്യ ശാന്തമ്മ ആറു മാസം ഗർഭിണിയായിരുന്നു. അച്ഛന്റെ മുഖം കാണാനാകാതെയാണ് മകൻ ജിതിൻ ജനിച്ചുവീണത്. അന്ന് ആലപ്പുഴ എം എൽ എ യും ആരോഗ്യമന്ത്രിയും ആയിരുന്ന കെ.പി.രാമചന്ദ്രൻ നായർ ഇടപെട്ട് ശാന്തമ്മയ്ക്ക് ആരോഗ്യ വകുപ്പിൽ ജോലി നൽകി. 2007 ഡിസംബറിൽ അവർ വിരമിച്ചു. മകൻ ജിതിൻ വിവാഹിതനായി.
സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഭാസ്കരപിള്ളയുടെയും പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നപ്പനെയും ഭാസ്കരപിള്ളയെയും ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള പുലിയൂരിലെ വീട്ടിൽ കുടുംബസമേതം കഴിയുന്നു. പൊന്നപ്പൻ ശിക്ഷാകാലാവധി കഴിഞ്ഞ് വൈകാതെ മരിച്ചു. സരസമ്മ വിദേശത്തുനിന്നു നാട്ടിലെത്തി.
സുകുമാരക്കുറുപ്പ് ഒളിവിൽ പോകുന്ന കാലത്ത് വണ്ടാനത്ത് വലിയ വീട് നിർമിച്ചു തുടങ്ങിയ ആ ഭൂമി ആർക്കും വേണ്ടാതായി. കാടു പിടിച്ച് സാമൂഹികവിരുദ്ധരുടെ താവളമായി പണിതീരാത്ത ആ വീട് കിടക്കുന്നു. കാർ കത്തിയ നിലയിൽ കണ്ടെത്തിയ മാവേലിക്കര തണ്ണിമുക്കത്തെ പാടം ഇപ്പോഴും അതുപോലെയുണ്ട്. പേര് ചാക്കോപ്പാടം എന്നു വിളിപ്പേരിൽ. കുറുപ്പിന്റെ ഭാര്യവീടായ സ്‌മിതഭവനവും അതേപടിയുണ്ട്.
10 വർഷം കഴിഞ്ഞും പ്രതിയെ കിട്ടിയില്ലെങ്കിൽ കേസ് ക്ലോസ് ചെയ്യുകയാണ് പതിവ്. അതനുസരിച്ച് കുറുപ്പിന്റെ കേസും പൊലീസ് ക്ലോസ് ചെയ്തു. എന്നാൽ, എപ്പോൾ വേണമെങ്കിലും അത് റീ ഓപ്പൺ ചെയ്യാൻ കഴിയും. സുകുമാരക്കുറുപ്പിന് ഒരു ജാമ്യമില്ലാ വാറണ്ട് പെൻഡിങ് ഉണ്ട്. എന്നു കിട്ടിയാലും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും. നേരത്തേതന്നെ കോടതിയിൽ ചാർജ് കൊടുത്തിട്ടുണ്ട്. ‘സാങ്കേതികമായി കേസ് ക്ലോസ് ചെയ്തിട്ടില്ല, എന്നാൽ അന്വേഷണ ലിസ്റ്റിലുമില്ല’
പാഴാക്കിയ സുവർണ നിമിഷങ്ങൾ
കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയതിനു ശേഷമുള്ള വിലപിടിപ്പുള്ള ആദ്യ മൂന്നു ദിവസങ്ങൾ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ 1989 ൽ പിടികിട്ടാപ്പുള്ളിയാകാൻ സഹായിച്ചതെന്ന ആരോപണം ശക്തമാണ്. ആ മൂന്നു ദിവസത്തിനിടയിൽ ഒരു തവണയും പിന്നീട് ഒരു മാസത്തിനുള്ളിലും സുകുമാരക്കുറുപ്പ് മാവേലിക്കരയിലെ ബന്ധുവീടുകളിലെത്തിയിരുന്നു. പൊലീസിന്റെ ജാഗ്രതയുടെയും നിരീക്ഷണത്തിന്റെയും കുറവ് 37 വർഷമായി കേരളാ പോലീസിന് കളങ്കമായി തുടരുന്നു.
കുറുപ്പ് എവിടെ?
കുറുപ്പ് വേഷപ്രച്ഛന്നനായി വിദേശത്തെവിടെയോ കഴിയുകയായായിരുന്നെന്ന് പൊലീസ് വിശ്വസിക്കുന്നു. കേരളത്തിൽ പലയിടത്തും സുകുമാരക്കുറുപ്പിനോടു സാദൃശ്യമുള്ളവരെ പൊലീസും നാട്ടുകാരും പലവട്ടം പിടികൂടി ചോദ്യം ചെയ്തിട്ടുണ്ട്. ഭൂട്ടാൻ, ആൻഡമാൻ, ഭോപ്പാൽ, ഗ്വാളിയോർ, ഡൽഹി എന്നിവിടങ്ങളിലെല്ലാം സംഘങ്ങൾ കുറുപ്പിനെ അന്വേഷിച്ചു. ഹിമാലയത്തിലെ സന്യാസിയെ ഒരിക്കൽ പൊലീസ് ചോദ്യം ചെയ്‌തു. ബിഹാറിൽ ആശുപത്രിയിൽ എത്തിയ ജോഷിയെന്ന വ്യക്‌തി കുറുപ്പാണെന്നു കരുതി പൊലീസ് അവിടെ എത്തി. ആൻഡമാനിലും ഗൾഫിലും പൊലീസ് പലവട്ടം പോയി. മുംബൈയിലെ തെരുവുകളിലും ഹരിദ്വാറിലെ സന്യാസിമാർക്കിടയിലും ആശുപത്രിയിൽ രോഗബാധിതനായി എത്തുന്ന അനാഥർക്കിടയിലും കുറുപ്പിനെ പൊലീസും മലയാളികളും തിരഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് 1989 മുതൽ ‘ലോങ് പെൻഡിങ്’ ആയി ക്രൈംബ്രാഞ്ചിന്റെ 16/89 ഫയൽ. സംസ്‌ഥാന ഫൊറൻസിക് ലബോറട്ടറിയുടെ ഡയറക്‌ടറായിരുന്ന ഡോ. മുരളീകൃഷ്‌ണയുടെ കുറിപ്പുകള്‍ വിശ്വസിക്കാമെങ്കിൽ സുകുമാരക്കുറുപ്പ് ഇപ്പോൾ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്: ‘സുകുമാരക്കുറുപ്പ് എവിടെയെന്ന് ഇന്നും ആർക്കുമറിയില്ല. ഉത്തർപ്രദേശിലെ ഒരു ആശുപത്രിയിലുണ്ടെന്ന് നഴ്‌സ് ഫോണിൽ വിളിച്ചു പറഞ്ഞതാണ് അയാളെക്കുറിച്ചുള്ള അവസാന വിവരം. പിന്നെ വന്നതെല്ലാം വെറും ഗോസിപ്പുകളാണ്. സൗദിയിലുണ്ടെന്നു വരെ പറഞ്ഞു. എൽടിടിഇയിൽ ചേർന്നതായി മറ്റു ചിലർ. ഒന്നുറപ്പാണ്. സുകുമാരക്കുറുപ്പ് ഇന്ന് ജീവനോടെ ഇരിക്കാൻ സാധ്യത കുറവാണ്.
രണ്ടു തവണ ഹൃദയസ്‌തംഭനം സംഭവിച്ച വ്യക്‌തിയാണ്. ഉത്തർപ്രദേശിലെ ആശുപത്രിയിലെ ചികിൽസാ രേഖകൾ പരിശോധിച്ചപ്പോൾ കുറുപ്പ് കടുത്ത രോഗിയാണെന്നു ബോധ്യപ്പെട്ടിരുന്നു. കുറുപ്പാണോ എന്നു തിരിച്ചറിയാൻ 25 ലേറെ മൃതദേഹങ്ങളാണ് ഞാൻ പരിശോധിച്ചത്. വിശ്രമമില്ലാതെ ഓടിച്ചാടി ഒളിച്ചു നടക്കാൻ അയാളുടെ ആരോഗ്യ സ്‌ഥിതി അനുവദിക്കില്ല. കുറുപ്പിന്റെ തലമുടിയുടെ സാംപിൾ ഇപ്പോഴും എന്റെ കയ്യിലുണ്ട്. മറ്റു പല തലമുടി സാംപിളുകളും പരിശോധിച്ചിരുന്നു’ 15 വർഷം മുൻപ് ഡോ.മുരളീകൃഷ്ണ എഴുതിയ കുറിപ്പിൽ പറയുന്നു. സുകുമാരക്കുറുപ്പ് ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽ 75 വയസ്സുണ്ടാകും.
പിടികിട്ടാത്ത പ്രതി നായകൻ
സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം ഇതിനകം പല സിനിമകൾക്കും കഥകൾക്കും നോവലുകൾക്കും പ്രചോദനമായിട്ടുണ്ട്. കൊലപാതകം നടന്ന് നാലുമാസത്തിനകം 1984 മെയിൽ തന്നെ ബേബി സംവിധാനം ചെയ്ത ‘എൻഎച്ച് 47’ എന്ന സിനിമ റിലീസ് ചെയ്തു. അതിൽ സുകുമാരക്കുറുപ്പിനെ അനുസ്മരിപ്പിക്കുന്ന സുധാകരൻ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടി.ജി.രവിയാണ്. പിൽക്കാലത്ത് ഈ സംഭവത്തിലെ ചില അംശങ്ങൾ വികസിപ്പിച്ച് അടൂർ ഗോപാലകൃഷ്ണൻ ‘പിന്നെയും’ എന്ന ചിത്രമൊരുക്കി. എന്നാൽ തന്റെ സിനിമയ്ക്കു സുകുമാരക്കുറുപ്പിന്റെ കഥയുമായി ബന്ധമില്ല എന്നും ആ സംഭവത്തിൽനിന്നു ഞാനൊരു സിനിമയെടുത്തുവെന്നേയുള്ളൂ എന്നും അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ പേരിലാണ് 37 വർഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. ‘ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ കഥ’യാണ് സിനിമയെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
Leave a Reply