ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനകം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ നോട്ടീസ്. സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. കേസ് സുപ്രീം കോടതി മേയ് 24-ന് വീണ്ടും പരിഗണിക്കും.

കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടണമെന്നും എന്തുകൊണ്ടാണ് അത് പുറത്തുവിടാന്‍ വൈകുന്നതെന്നും ഹര്‍ജി പരിഗണിക്കവെ കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചു. കണക്കുകള്‍ പുറത്തുവിടുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും എന്നാല്‍ ഓരോ ബൂത്തിലേയും പോള്‍ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന 17 സി ഫോമുകള്‍ സമാഹരിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കി. അഡ്വ. മനിന്ദര്‍ സിങ്, അഡ്വ. അമിത് ശര്‍മ്മ എന്നിവരാണ് കമ്മിഷന് വേണ്ടി ഹാജരായത്.

എ.ഡി.ആറിന് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഹാജരായി. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും യഥാര്‍ഥ പോളിങ് കണക്കുകളില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. 2019-ലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും വിശദമായ മറുപടി അന്നുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയതാണെന്നും എന്നാല്‍ ഹര്‍ജിക്കാര്‍ അതില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകര്‍ പറഞ്ഞു.

‘വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം ആവശ്യമാണ്. വോട്ടെടുപ്പ് കഴിയുമ്പോള്‍ ഓരോ ബൂത്തിലേയും പോളിങ് ഏജന്റുമാര്‍ക്ക് വിവരങ്ങളുടെ പകര്‍പ്പ് നല്‍കും. ഈ വിവരങ്ങളിന്മേല്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പരാതി നല്‍കാന്‍ അവസരമുണ്ട്’, തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരം ഹര്‍ജികള്‍ കോടതിയ്ക്കുമുമ്പാകെ എത്തുന്നത് വലിയ വിഭാഗം വോട്ടര്‍മാരെ, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യാനെത്തുന്നവരെ പിന്തിരിപ്പിക്കുമെന്നും കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഓരോ ഘട്ടം വോട്ടെടുപ്പ് കഴിയുമ്പോഴും ഫോം 17 സിയുടെ ഭാഗം ഒന്നില്‍ രേഖപ്പെടുത്തിയ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിന്റെ കൃത്യമായ കണക്ക് ബൂത്ത് തിരിച്ച് പട്ടികപ്പെടുത്തി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നാണ് എ.ഡി.ആര്‍. ഹര്‍ജിയിലൂടെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. കൂടാതെ മണ്ഡലം അടിസ്ഥാനത്തിലുള്ള വോട്ടുകളുടെ എണ്ണവും ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വോട്ടെണ്ണുമ്പോള്‍ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കിട്ടുന്ന വോട്ടിന്റെ എണ്ണം രേഖപ്പെടുത്തുന്ന ഫോം 17 സിയുടെ ഭാഗം രണ്ടിന്റെ സ്‌കാന്‍ ചെയ്ത വ്യക്തമായ കോപ്പികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും എ.ഡി.ആര്‍. സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പോള്‍ ചെയ്ത വോട്ടുകളുടെ കൃത്യമായ എണ്ണമാണ് പ്രസിദ്ധീകരിക്കേണ്ടതെന്നും അതില്ലാതെ ശതമാനം മാത്രം പ്രസിദ്ധീകരിക്കുന്നതില്‍ അര്‍ഥമില്ലെന്നും എ.ഡി.ആര്‍. കോടതിയില്‍ പറഞ്ഞു.