ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : എന്തിനാണ് അഭയാർത്ഥികൾ ജീവൻ പണയം വെച്ച് യുകെയിലേക്ക് എത്തുന്നത്?
ഇംഗ്ലണ്ടിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഉയരുന്ന ചോദ്യമാണിത്. യുഎൻ ഡാറ്റാ പ്രകാരം 17480 കുടിയേറ്റക്കാരാണ് 2014 മുതൽ മുങ്ങിമരിച്ചിട്ടുള്ളത്. ആളുകൾ സ്വന്തം നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് പിന്നിൽ വേദനാജനകവും വിഷമകരവുമായ കാരണങ്ങളുണ്ടെന്ന് ബ്രിട്ടീഷ് റെഡ് ക്രോസിലെ അഭയാർഥി പിന്തുണാ മേധാവി ഡെബി ബസ്‌ലർ അഭിപ്രായപ്പെടുന്നു. “രാഷ്ട്രീയവും സാമൂഹികവും മതപരവും ആയ സംഘർഷങ്ങളിൽ നിന്നും അവർ രക്ഷപെടാൻ ശ്രമിക്കുന്നു. ഈ ജനങ്ങളെ വെറും അഭയാർഥികളായി കാണരുത്. കടുത്ത പ്രതിസന്ധികൾ നേരിടുന്നവരാണവർ. ” ബസ്‌ലർ കൂട്ടിച്ചേർത്തു.
ബൾഗേറിയ-തുർക്കി അതിർത്തിയിൽ ഒരു വേലി രൂപപെട്ടപ്പോൾ ധാരാളം ആളുകൾ യൂറോപ്പിലേക്ക് കടക്കാൻ മറ്റു വ്യത്യസ്ത രീതികൾ സ്വീകരിച്ചതായി ബിബിസി ലേഖകൻ നിക്ക് തോർപ്പ് പറഞ്ഞു. ” ട്രക്കുകളിൽ ഒളിച്ചിരുന്നാണ് മിക്ക അഭയാർത്ഥികളും ഇവിടേക്ക് എത്തുന്നത്. ഒരു ട്രക്കിൽ നിന്നും മറ്റൊന്നിലേക്ക് കള്ളക്കടത്തുകാർ അവരെ മാറ്റി യൂറോപ്പിൽ എത്തിക്കുന്നു. 2016 മുതൽ നിയമങ്ങൾ കർശനമാക്കിയതുമൂലം യൂറോപ്പിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.
2014ലെ കുടിയേറ്റ പ്രതിസന്ധിയുടെ തുടക്കം മുതൽ, നിയമവിരുദ്ധമായി യുകെയിൽ എത്തിയ 12 കുടിയേറ്റക്കാർ മരണപ്പെട്ടിരുന്നു. ലോറികളിൽ യുകെയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തുക എന്നത് കഠിനജോലിയാണെന്ന് നാഷണൽ ക്രൈം ഏജൻസി (എൻസിഎ) പറയുന്നു. 40 പ്രധാന തുറമുഖങ്ങളിലൂടെ 2018 ൽ ഏകദേശം 3.6 ദശലക്ഷം ലോറികളും കണ്ടെയ്നറുകളും രാജ്യത്ത് പ്രവേശിച്ചതായി ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടുന്ന കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപെടുന്ന അവസ്ഥ അങ്ങേയറ്റം വേദനാജനകമാണ്.
Leave a Reply