ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ നഗരങ്ങളെ മോശമായി ചിത്രീകരിക്കുന്ന വ്യാജ എഐ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞതായി കാണിക്കുന്ന “നികുതിദായകരുടെ പണത്തിൽ നിർമ്മിച്ച വാട്ടർ പാർക്ക്” എന്ന ക്യാപ്ഷനോടുകൂടിയ ദൃശ്യങ്ങൾ ടിക്‌ടോക്, ഇൻസ്റ്റഗ്രാം റീലുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകൾ ആണ് കണ്ടത് . ഈ തരംഗത്തിന് തുടക്കമിട്ടത് ‘റേഡിയൽബി’ എന്ന ഓൺലൈൻ പേരിൽ ഉള്ളടക്കം പങ്കുവെക്കുന്ന വ്യക്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിനോദത്തിനായാണ് വീഡിയോ നിർമ്മിച്ചതെന്നും, യാഥാർത്ഥ്യമെന്ന തോന്നൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നുമാണ് ഇയാൾ നൽകിയ വിശദീകരണം. ചില പോസ്റ്റുകളിൽ “എഐ-ജനറേറ്റഡ്” എന്ന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, നിരവധി പേർ അവയെ യഥാർത്ഥ ദൃശ്യങ്ങളായി തെറ്റിദ്ധരിച്ചതായും റിപ്പോർട്ട് പറയുന്നു.

ലണ്ടൻ, മാഞ്ചസ്റ്റർ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങൾ കുടിയേറ്റവും കുറ്റകൃത്യങ്ങളും മൂലം തകർച്ചയിലാണെന്ന ധാരണ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം എഐ വീഡിയോകൾ പങ്കു വഹിക്കുന്നുവെന്നാണ് വിലയിരുത്തൽ. ക്രോയ്ഡണിനെ “ഗെറ്റോ”യായി ചിത്രീകരിച്ചതിനെതിരെ
പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, ബ്രിട്ടീഷ് വാർത്താ അക്കൗണ്ടുകളെന്ന രൂപത്തിൽ പ്രവർത്തിക്കുന്ന ചില പ്രൊഫൈലുകൾ ഇത്തരം നെഗറ്റീവ് എഐ ദൃശ്യങ്ങൾ മാത്രം പ്രചരിപ്പിക്കുന്നതായും കണ്ടെത്തി. ലണ്ടൻ “ഒഴിവാക്കേണ്ട സ്ഥലം” എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ച ദക്ഷിണാഫ്രിക്കൻ യൂട്യൂബർ കർട്ട് കാസിന്റെ തമ്പ്‌നെയിലിൽ അറബി ഭാഷയിലെ ബോർഡുകളും പ്രത്യേക വേഷം ധരിച്ച സൈക്കിൾ യാത്രക്കാരനെയും എഐ ഉപയോഗിച്ച് ചേർത്തുവെന്ന ആരോപണവും ഉയർന്നു. വിമർശനങ്ങളെ അദ്ദേഹം “ക്ലിക്ക്‌ബൈറ്റ്” എന്ന് വിശേഷിപ്പിച്ചു.

ബ്രിട്ടൻ ‘ക്ഷയിക്കുന്നു’ എന്ന ആശയം ചില പ്രമുഖർ ആവർത്തിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എക്സ് പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്ക് നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടന്റെ സാമൂഹിക ഘടനയെ ബാധിക്കുകയാണെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ ഇത്തരം വ്യാപക നിഗമനങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്നാണ് വിലയിരുത്തൽ. എഐ ഉപകരണങ്ങളുടെ ഗുണമേന്മയും ലഭ്യതയും വർധിച്ചതോടെ വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കൽ എളുപ്പമായിരിക്കുകയാണ്. സമൂഹത്തിൽ വിഭജനവും തെറ്റിദ്ധാരണയും വളർത്താൻ ഇത്തരം ഉള്ളടക്കങ്ങൾ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുകയാണ്.











Leave a Reply