ലോകമെമ്പാടും കുട്ടികളില്‍ ഭക്ഷണ സാധനങ്ങളില്‍ നിന്നുണ്ടാകുന്ന അലര്‍ജി വര്‍ദ്ധിച്ചു വരുന്നു. സെസമെ, നിലക്കടല എന്നിവയില്‍ നിന്നുണ്ടായ അലര്‍ജി മൂലം അടുത്തിടെ രണ്ട് ബ്രിട്ടീഷ് കുട്ടികള്‍ മരിച്ചിരുന്നു. പാലുല്‍പ്പന്നങ്ങളോടുള്ള അലര്‍ജിയാണ് ഓഗസ്റ്റില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒരു ആറു വയസുകാരിയുടെ മരണത്തിന് കാരണമായത്. പാശ്ചാത്യ രാജ്യങ്ങളില്‍ അലര്‍ജിയുള്ളവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന കഴിഞ്ഞ ദശാബ്ദങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുകെയില്‍ 7 ശതമാനം കുട്ടികള്‍ ഫുഡ് അലര്‍ജിയുള്ളവരാണ്. ഓസ്‌ട്രേലിയയില്‍ ഇത് 9 ശതമാനം വരും. യൂറോപ്പില്‍ ആകമാനം 2 ശതമാനം മുതിര്‍ന്നവര്‍ക്കും ഈ രോഗമുണ്ട്.
ഭക്ഷണത്തിന്റെ ശകലങ്ങള്‍ മാത്രം മതിയാകും ഇത്തരക്കാര്‍ക്ക് അലര്‍ജി റിയാക്ഷന്‍ സൃഷ്ടിക്കാന്‍. ജീവനു പോലും ഭീഷണിയാകുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം. അതായത് ഈ രോഗമുള്ളവരുടെ രക്ഷിതാക്കളും ബന്ധുക്കളും ഇവരെക്കുറിച്ചുള്ള ആശങ്കയില്‍ വേണം ജീവിക്കാന്‍. ഇവര്‍ക്ക് ഭക്ഷണത്തിലുണ്ടാകുന്ന വിലക്കുകള്‍ സാമൂഹ്യജീവിതത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുകയും ചെയ്യും. ഈ വിധത്തില്‍ അലര്‍ജി നിരക്ക് ഉയരുന്നതിന് കാരണമെന്താണെന്ന് വിശദീകരിക്കാന്‍ വ്യക്തമായി സാധിക്കില്ലെങ്കിലും ഇതിനെ നേരിടാനുള്ള പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍.
സാധാരണക്കാര്‍ക്ക് ദോഷകരമല്ലാത്ത വസ്തുക്കളോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലര്‍ജി. ഇതിന്റെ ലക്ഷണങ്ങള്‍ ത്വക്ക് ചുവന്നു തടിക്കുന്നതു മുതല്‍ ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസം തുടങ്ങി അനഫൈലാക്ടിക് ഷോക്ക് വരെ നീളുന്നു. കുട്ടികളില്‍ സാധാരണ മട്ടില്‍ അലര്‍ജിയുണ്ടാക്കുന്നത് പാല്‍, മുട്ട, നിലക്കടല, വാല്‍നട്ട്, ബദാം, സെസമെ, മത്സ്യം, കക്ക വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെയാണ് ആളുകളില്‍ ഭക്ഷണ അലര്‍ജി ഇത്രയും വര്‍ദ്ധിച്ചിരിക്കുന്നത്. രോഗികളുടെ ഭക്ഷണം ജീവിക്കുന്ന അന്തരീക്ഷം മുതലായ ഘടകങ്ങളും പ്രധാനമാണ്.
Leave a Reply