ചെന്നൈ: രണ്ടാം വിവാഹവാര്‍ഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരയിലേക്ക് ഓടിക്കയറിയതിനാല്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. തിരയടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിവാഹവാര്‍ഷികമാണെന്നും ആഴത്തിലേക്ക് പോവാതെ ഫോട്ടോയെടുത്തശേഷം തിരികെ കയറുമെന്നും ഇവര്‍ അറിയിച്ചു.
ചെന്നൈ പാലവാക്കം ബീച്ചില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയായിരുന്നു സംഭവം. വെല്ലൂര്‍ സ്വദേശി വിഗ്നേഷിന്റെ ഭാര്യ വേണി ഷൈലയാണ് (27) മരിച്ചത്. വെല്ലൂര്‍ സി.എം.സി. ആശുപത്രിയില്‍ നഴ്‌സായിരുന്നു. ദമ്പതിമാര്‍ക്ക് ഒരുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്‍ഷികം. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരില്‍നിന്ന് ഇവര്‍ ചെന്നൈയിലെത്തിയത്.
അര്‍ധരാത്രിയോടടുത്തപ്പോള്‍ കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തില്‍നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയില്‍പ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. വിഗ്നേഷ് കരയിലേക്ക് ഓടിക്കയറിയെങ്കിലും വേണിയെ കാണാതായി. പോലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തി. എന്നാല്‍, വേണിയെ കണ്ടെത്താനായില്ല. പുലര്‍ച്ചയോടെ യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചില്‍ തീരത്തടിഞ്ഞു.
Leave a Reply