ദമ്പതികള്‍ക്കിടയിലെ വഴക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ തക്കലയില്‍ ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം വീട്ടില്‍ പോയി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് (35), ഭാര്യ ജെബ ബെര്‍നിഷയെ (31) വെട്ടിക്കൊലപ്പെടുത്തിയത്. ഇവര്‍ക്ക് ജെബ ശോഭന്‍, ജെബ ആകാശ് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. എബിനേസര്‍ ടെമ്പോ ഡ്രൈവറാണ്. ബെര്‍നിഷയെ കൊലപ്പെടുത്തിയ ശേഷം എബിനേസര്‍ വീട്ടിലെത്തി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശേഷം ഇയാള്‍ തന്നെ കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. അവിടെ നിന്ന് തുടര്‍ചികിത്സയ്ക്കായി മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബെര്‍നിഷ കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ട്രെയിനില്‍ ദിനവും തിരുവനന്തപുരത്ത് പോയി മടങ്ങി വരുന്നതായിരുന്നു പതിവ്. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിന് ശേഷം ബെര്‍നിഷയുടെ വസ്ത്രരീതിയില്‍ മാറ്റം വന്നതിനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടാകുന്നത് പതിവായിരുന്നു.
ഇതു സംബന്ധിച്ചുള്ള ഒത്തുതീര്‍പ്പിനായി ഇരുവരെയും ബെര്‍നിഷയുടെ പിതാവ് ജെബസിംഗ് മൂലച്ചലിലുള്ള ഇവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു. ഒത്തുതീര്‍പ്പിന് ശേഷം എബിനേസറും ജെബ ബെര്‍നിഷയും ഒരുമിച്ച് വീട്ടിലേക്ക് പോകാനായി ഇറങ്ങിയെങ്കിലും പാരയ്‌ക്കോട് റോഡില്‍ വച്ച് വീണ്ടും ഇവര്‍ക്കിടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
തുടര്‍ന്ന് ക്ഷുഭിതനായ എബിനേസര്‍ ഷര്‍ട്ടിനുള്ളില്‍ മറച്ച് വച്ചിരുന്ന അരിവാള്‍ കൊണ്ട് ബെര്‍നിഷയെ വെട്ടുകയായിരുന്നു. ബെര്‍നിഷയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും എബിനേസര്‍ രക്ഷപ്പെട്ടിരുന്നു. തലയില്‍ വെട്ടേറ്റ ബെര്‍നിഷ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തക്കല പോലീസ് മൃതദേഹം കൈപ്പറ്റി ഇന്‍ക്വസ്റ്റിനായി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രതി ആശുപത്രി വിട്ടയുടനെ അറസ്റ്റ് ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് തക്കല പോലീസ് കേസെടുത്തു.
Leave a Reply