ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ സാധാരണ ജനങ്ങൾ ജീവിക്കാൻ പാടുപെടുമ്പോൾ എംപിമാരുടെ ശമ്പള വർധനവിന് പ്രധാനമന്ത്രി തയ്യാറാകുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. വാച്ച്ഡോഗിന്റെ സ്ഥിരീകരണത്തെ തുടർന്ന് എംപിമാരുടെ ശമ്പളത്തിൽ അടുത്ത മാസം മുതൽ 2.7 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് വിവരം. 2,200 പൗണ്ട് കൂടി വർധിക്കുന്നതോടെ ശമ്പളം 84,144 പൗണ്ടിലെത്തും. രോഗവ്യാപന സമയത്ത് രാഷ്ട്രീയ നേതാക്കൾ പതിവിലും കൂടുതൽ കഠിനാധ്വാനം ചെയ്തുവെന്ന വാദമാണ് വാച്ച്ഡോഗ് ഉയർത്തിയത്. എന്നാൽ, ഊർജ്ജ ബില്ലുകളും പണപ്പെരുപ്പവും കുതിച്ചുയരുന്ന സാഹചര്യത്തിൽ എംപിമാരുടെ ശമ്പളം വർധിപ്പിക്കുന്നത് പൊതുജനങ്ങളെ രോഷാകുലരാക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചില എംപിമാർ ഇതിനകം തന്നെ ശമ്പള വർധനവിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. പണം ചാരിറ്റിക്ക് നൽകുമെന്നും അവർ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളാൻ ബോറിസ് ജോൺസന് മേൽ സമ്മർദ്ദമേറും. ശമ്പള വർധനവ് തെറ്റാണെന്ന് ലേബർ എംപി സാറാ സുൽത്താന ആരോപിച്ചു. സാധാരണ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്നും തനിക്ക് ലഭിക്കുന്ന അധിക ശമ്പളം ഫുഡ്‌ബാങ്കിന് നൽകുമെന്നും സാറാ ട്വീറ്റ് ചെയ്തു. ലേബർ ബാക്ക്ബെഞ്ചർ റിച്ചാർഡ് ബർഗണും സമാന നിലപാട് സ്വീകരിച്ചു.

നികുതി വർധനവ് നേരിടുന്ന സമയത്ത് എംപിമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് കണ്ടാൽ സാധാരണക്കാർ രോക്ഷാകുലരാകുമെന്ന് ടാക്‌സ് പേയേഴ്‌സ് അലയൻസ് ചീഫ് എക്‌സിക്യുട്ടീവ് ജോൺ ഒ കോണൽ അഭിപ്രായപ്പെട്ടു. ഹൗസ് ഓഫ് ലോർഡ്സിലും ശമ്പള വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നികുതി രഹിത പ്രതിദിന ശമ്പളം 323 പൗണ്ടിൽ നിന്നും 332 പൗണ്ടിലേക്ക് ഉയരും. അതേസമയം രാജ്യത്ത് പെട്രോൾ, ഗ്യാസ് വില കുതിച്ചുയരുകയാണ്. ഭക്ഷ്യ സാധനങ്ങളുടെ വിലയും ഉടൻ ഉയരുമെന്നാണ് സൂചന. മലയാളികൾ അടക്കമുള്ള കുടുംബങ്ങൾ ജീവിതചെലവ് പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ എംപിമാരുടെ ശമ്പളം ഉയർത്തുന്നത് വലിയ വിമർശനത്തിന് കാരണമാകും.