പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വീണ്ടും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. നരേന്ദ്ര മോദി നാണംകെട്ട പ്രധാനമന്ത്രിയാണെന്നായിരുന്നു മമതയുടെ പ്രസ്താവന. തൃണമൂൽ കോൺഗ്രസിലെ 40 എംഎൽഎ മാർ താനുമായി സംസാരിച്ചെന്നും ബിജെപിയിലേക്ക് ചേരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാദത്തിന് മറുപടിയായാണ് മമതയുടെ പ്രസ്താവന.
തിരഞ്ഞെടുപ്പ് കാലത്ത് മോദി കുതിരകച്ചവടം നടത്തുകയാണെന്നും മമത ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച തൃണമൂൽ കോൺഗ്രസ് നരേന്ദ്ര മോദിയുടെ നാമനിർദേശ പത്രിക റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഭദ്രേശ്വറിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേയാണ് മോദിയ്ക്കെതിരെ ദീദി ആഞ്ഞടിച്ചത്. ” ഇന്നലെ പ്രധാനമന്ത്രി ഇവിടെ വന്ന് 40 തൃണനമൂൽ കോൺഗ്രസ് എംഎൽഎമാർ അദ്ദേഹവുമായി സംസാരിച്ചെന്നും ബിജെപിയിൽ ചേരമെന്നും പറഞ്ഞു. അയാളൊരു നാണംകെട്ട പ്രധാനമന്ത്രിയാണ്. കുതിക്കച്ചവടത്തെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി. ഇത്തരത്തിലൊരാളുടെ നാമനിർദേശ പത്രിക റദ്ദ് ചെയ്യണം,” മമത ബാനർജി പറഞ്ഞു.
ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് ഭരണഘടന വിരുദ്ധമായ പ്രസ്താവനകളാണ് നരേന്ദ്ര മോദി നടത്തുന്നതെന്നും മമത ആരോപിച്ചു.
ശ്രീരാംപൂരിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോളായിരുന്നു മോദിയുടെ പ്രസ്താവന. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ താമര പൂക്കുകയും മമതയുടെ എംഎൽഎമാർ വിട്ടുപോവുകയും ചെയ്യും. 40 എംഎൽഎമാർ എന്നോട് സംസാരിച്ചിരുന്നു എന്നുമാണ് മോദി പറഞ്ഞത്.
ഇതിനെതിരെയാണ് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നുണ പ്രചരണങ്ങളിലൂടെ പ്രധാനമന്ത്രി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കത്തിൽ തൃണമൂൽ ആരോപിക്കുന്നു.
Leave a Reply