ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ രാജകുടുംബത്തെ മുൻനിർത്തിയുള്ള നെറ്റ്ഫ്ലിക്സിന്റെ ‘ദി ക്രൗൺ ‘ എന്ന സീരീസിന്റെ പുതിയ എപ്പിസോഡിൽ കേറ്റ് മിഡിൽടണും വില്യം രാജകുമാരനും തമ്മിലുള്ള പ്രണയകഥ ഉണ്ടാകുമെന്ന് ഏറ്റവും പുതിയ പതിപ്പിന്റെ ട്രെയിലറിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. സീരീസിന്റെ എഴുത്തുകാരനായ പീറ്റർ മോർഗൻ ദമ്പതികൾക്കായി ഒരു സാങ്കൽപ്പിക ബാക്ക്‌സ്റ്റോറി സൃഷ്ടിക്കുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. അതിൽ ദമ്പതികൾ യുവ കൗമാരക്കാരായി കണ്ടുമുട്ടുമ്പോൾ, അവരുടെ അമ്മമാരായ ഡയാന രാജകുമാരിയും കരോൾ മിഡിൽടണും ഒപ്പമുള്ളതായാണ് സീരിസിൽ ചിത്രീകരിക്കപ്പെടുക എന്ന സൂചനകളാണ് ലഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിസംബർ 14 ന് ആരംഭിക്കുന്ന സീരീസിന്റെ ആറാം സീസണിന്റെ രണ്ടാം എപ്പിസോഡിൽ, 1996 ഡിസംബറിൽ കേറ്റും അവളുടെ അമ്മയും ലണ്ടനിലെ ഒരു ഡ്രസ് ഷോപ്പിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു ദിവസം യാദൃശ്ചികമായി, ഡയാന രാജകുമാരിയെ വില്യമിനൊപ്പം ദി ബിഗ് ഇഷ്യുവിന്റെ കോപ്പികൾ ചാരിറ്റിക്കായി കണ്ടുമുട്ടുന്നുവെന്നാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഈ സമയമാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് സ്കോട്ട്‌ലൻഡിലെ സെന്റ് ആൻഡ്രൂസ് യൂണിവേഴ്‌സിറ്റിയിൽ വില്യം രാജകുമാരന്റെ അതേ കോഴ്‌സ് തന്റെ മകൾ ചെയ്യുന്നുണ്ടെന്ന് മിസ്സിസ് മിഡിൽടൺ ഉറപ്പാക്കുന്നതിലേയ്ക്ക് ഇത് നയിക്കുകയും ചെയ്തതായാണ് സീരീസ് ചിത്രീകരിക്കുന്നത്.

2011 ഏപ്രിലിൽ വിവാഹിതരായ വില്യം രാജകുമാരനും കേറ്റും സെന്റ് ആൻഡ്രൂസിൽ വച്ചാണ് കണ്ടുമുട്ടിയത്. യഥാർത്ഥ ജീവിതത്തിൽ, വില്യം കേറ്റിനെ കണ്ടുമുട്ടുമ്പോഴേക്കും, ഡയാന രാജകുമാരി 1997 ൽ പാരീസിൽ ഒരു കാർ അപകടത്തിൽ മരണമടഞ്ഞിരുന്നു. അതോടൊപ്പം തന്നെ ഡയാന രാജകുമാരി വില്യമിനൊപ്പം ദി ബിഗ് ഇഷ്യുവിന്റെ കോപ്പികൾ വിൽക്കാൻ പോയിട്ടില്ലെങ്കിലും, സമൂഹത്തിൽ ഭവനരഹിതരെ ചുറ്റിപ്പറ്റിയുള്ള പല പ്രശ്നങ്ങളിലും അവർ സഹായഹസ്തങ്ങൾ ഉറപ്പാക്കിയിരുന്നു എന്നത് വാസ്തവമാണ്. അതിനാൽ തന്നെ പീറ്റർ മോർഗൻ തന്റെ സീരീസിൽ വില്യമിനും കേറ്റിനും തന്റേതായ ഒരു കഥ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്.