മാഞ്ചസ്റ്ററിലെ കെയർഹോമില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ വ്യാജ പരാതി ചമച്ച് പുറത്താക്കിയ നടപടിയാണ് സമീക്ഷയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയത്. സമീക്ഷയ്ക്കൊപ്പം യുവാവ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മനസിലാക്കിയ മാനേജ്മെന്‍റ് ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവങ്ങളുടെ തുടക്കം. വംശീയ വിദ്വേഷം വച്ചുപുലർത്തിയ സഹപ്രവർത്തകൻ യുവാവിനെതിരെ മാനേജ്മെന്‍റിന് വ്യാജപരാതി നല്‍കി. കെയർ ഹോമിലെ അന്തേവാസിയായ ബ്രിട്ടീഷ് വനിതയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. വിഷയം ഉടൻ ഒത്തുതീർപ്പാർക്കാമെന്നും പുറത്തുപറയരുതെന്നും മാനേജ്മെന്‍റ് നിർദേശിച്ചതിനാല്‍ യുവാവ് ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍
ഇതിനോടകം കെയർ ഹോം അധികൃതർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടർന്ന് ചോദ്യംചെയ്ത് ഒരു ദിവസം ലോക്കപ്പിലിട്ട് ജാമ്യത്തില്‍ വിട്ടു. ഇതിനിടെ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കാണിച്ച് സ്ഥാപനം കത്ത് നല്‍കി. ഈ സാഹചര്യത്തിലാണ് മാനസികമായി തകർന്ന യുവാവ് സമീക്ഷ ലണ്ടൻ ഏരിയ സെക്രട്ടറി മിഥുനുമായി ഫോണില്‍ സംസാരിച്ചത്. നിരപരാധിത്വം ബോധ്യപ്പെട്ട സമീക്ഷ നേതൃത്വം യുവാവിനൊപ്പം നില്‍ക്കാൻ തീരുമാനിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പർ ജിജു സൈമണും മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡൻ്റ് ഷാജിമോൻ കെ.ഡിയും സഹായ സഹകരണങ്ങൾ ഉറപ്പാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവാവിനും കുടുംബത്തിനും മാനസിക പിന്തുണ നല്‍കി. നാഷണല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ദിനേശ് വെള്ളാപ്പള്ളി വിഷയത്തില്‍ സജീവമായി ഇടപെട്ടു. മുഴുവൻ വിവരങ്ങളും സമീക്ഷ ലീഗല്‍ ഹെല്‍പ് ഡെസ്കിന് കൈമാറി. സെക്രട്ടേറിയറ്റ് മെമ്പറും ലോക കേരള സഭാംഗവുമായ അഡ്വ. ദിലീപ് കുമാർ നിയമസാധ്യതകളെ കുറിച്ച്
പഠിച്ചു. ടെർമിനേഷൻ ലെറ്ററിനൊപ്പം സ്ഥാപനം അപ്പീല്‍ റെെറ്റ് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. എംപ്ലേയ്മെന്‍റ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കണമെങ്കില്‍ അപ്പീല്‍ റെെറ്റ് നിർബന്ധമാണ്. ഇക്കാര്യം
കാണിച്ച് കെയർഹോം മാനേജ്മെന്‍റിന് രേഖാമൂലം കത്തയച്ചു. കാര്യങ്ങളുടെ പോക്ക് നിയമവഴിയിലാണെന്ന് തിരിച്ചറിഞ്ഞ മാനേജ്മെന്‍റ് ഒത്തുതീർപ്പിന് തയ്യാറായി. ഉടൻ ജോലിക്ക് ഹാജരാകാൻ അറിയിപ്പ് നല്‍കി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച യുവാവ് തിരികെ ജോലിയില്‍ പ്രവേശിച്ചു. അന്യനാട്ടില്‍ എല്ലാം കൈവിട്ട ഘട്ടത്തില്‍ ഒരു ചെറുപ്പക്കാരന് തുണയായതിന്‍റെ ചാരിതാർത്ഥ്യത്തിലാണ് സമീക്ഷ യുകെ. നിരവധി പേരാണ് ഇതുപോലെ സമീക്ഷ ഹെല്‍പ് ഡെസ്കിന്‍റെ സഹായത്താല്‍ ജീവിതം തിരിച്ചുപിടിച്ചത്. യുകെയിൽ എത്തി ഇത്തരം ചതിയിൽപ്പെടുന്നവർക്ക് നിയമസഹായത്തിനും മറ്റും സമീക്ഷയുമായി ബന്ധപ്പെടാവുന്നതാണ്.