മാത്യൂ ചെമ്പുകണ്ടത്തിൽ
റഷ്യന്‍ സാഹിത്യകാരന്‍ ദോസ്തോവസ്കി (Fyodor Dostoevsky)യുടെ “ഭൂതാവിഷ്ടര്‍” എന്ന നോവലില്‍ അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശം ജനകോടികളുടെ ചിന്തയെ ഏറെ കലുഷിതമാക്കിയിട്ടുണ്ട്. “If someone proved to me that Christ is outside the truth and that in reality the truth were outside of Christ, then I should prefer to remain with Christ rather than with the truth.” സത്യം ക്രിസ്തുവിന് വെളിയിലാണെന്ന് ആരെങ്കിലും എനിക്ക് തെളിയിച്ചുതരികയും വാസ്തവമായി അത് അങ്ങനെയാണെങ്കില്‍ തന്നെയും ഞാന്‍ സത്യത്തിന്‍റെ കൂടെയല്ല, ക്രിസ്തുവിന്‍റെ കൂടെ ആയിരിക്കും നില്‍ക്കുക.
ദോസ്തോവസ്കിയുടെ ഈ പ്രസ്താവന കെ.പി. അപ്പന്‍റെ “ബൈബിള്‍ ദൈവത്തിന്‍റെ കവചം” എന്ന ഗ്രന്ഥത്തില്‍ നിന്നാണ് വായിച്ചത്. “ക്ഷോഭിക്കുകയും അടിമുടി വിറയ്ക്കുകയും ചെയ്തുകൊണ്ട് സ്റ്റവ്റോജും ഷട്ടോവും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ക്രിസ്തുവിലുള്ള ദോസ്തോവസ്കിയുടെ ഉലയാത്ത വിശ്വാസം പ്രതിഭയുടെ ഹിതപ്രകാരമുള്ള പ്രാര്‍ത്ഥന പോലെ നാം കേള്‍ക്കുന്നു. സത്യം ക്രിസ്തുവിന് പുറത്താണെന്ന് തെളിയിച്ചാല്‍ സത്യത്തോടല്ല, ക്രിസ്തുവിനോടൊപ്പം നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് സ്റ്റവ്റോജ് പറയുമ്പോള്‍ നാം കേള്‍ക്കുന്നത് ദോസ്തോവസ്കിയുടെ ശബ്ദമാണ്. നിരീശ്വരവാദിയായ കിര്‍ലോവിനും ക്രിസ്തുവിനെ നിരാകരിക്കാന്‍ കഴിയുന്നില്ല. ക്രിസ്തു ഇല്ലായിരുന്നുവെങ്കില്‍ ഈ ഭുമി വലിയൊരു ചിത്തഭ്രമം ആകുമായിരുന്നു എന്ന ഈ കഥാപാത്രത്തിന്‍റെ പ്രഖ്യാപനം ദോസ്തയോവസ്കിയിലെ തന്നെ സംശയാലു സ്വന്തം സംശയത്തെ കുരിശില്‍ സമര്‍പ്പിച്ചുകൊണ്ട് നടത്തിയ കുറ്റസമ്മതത്തിന്‍റെ രേഖയായിരുന്നു. ആത്മീയ പിരിമുറുക്കം അനുഭവിക്കുന്ന ഈ കാലഘട്ടത്തിന്‍റെയും ലക്ഷ്യം ദൈവത്തേ തേടുക എന്നതാണ്” (ബൈബിള്‍ വെളിച്ചത്തിന്‍റെ കവചം, കെ.പി. അപ്പന്‍)
ക്രിസ്തുവിനു വെളിയിലേക്കു പോയാല്‍ സത്യത്തിന് സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുമോ? സത്യം ക്രിസ്തുവിന് വെളിയിലാണെന്നു വന്നാല്‍ നിങ്ങള്‍ ഏതു പക്ഷത്തായിരിക്കും; ക്രിസ്തുവിന്‍റെ പക്ഷത്തോ സത്യത്തിന്‍റെ പക്ഷത്തോ? ദോസ്തോവസ്കിയുടെ ഈ പ്രസ്താവന ആരുടെയും ചിന്തകളെ സംഘര്‍ഷഭരിതമാക്കും. “ഞാന്‍ സത്യം ആകുന്നു” എന്നു ക്രിസ്തു പറയുമ്പോള്‍ സത്യത്തിന്‍റെ ആളത്വരൂപത്തെയാണ് ക്രിസ്തുവില്‍ നാം കാണുന്നത്. അപ്പോള്‍ ക്രിസ്തുവിനു വെളിയില്‍ സത്യത്തിന് ഒരിക്കലും നിലനില്‍പ്പില്ല!
വാക്കും അർത്ഥവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ ക്രിസ്തുവില്‍നിന്ന് അകന്നുമാറി സത്യത്തിനു നിലനില്‍പ്പില്ല. “സത്യം ക്രിസ്തുവിൽ ആകുന്നു” (The Truth is in Jesus – എഫേസ്യര്‍ 4:20) ദോസ്തോവസ്കിയുടെ ചോദ്യം അപ്രസക്തമാണെങ്കിലും അദ്ദേഹത്തിൻ്റെ ക്രിസ്ത്വാനുകരണ ഭ്രമം നമ്മെ വിസ്മയിപ്പിക്കുന്നു.
സത്യത്തിന്‍റെ ഉറവിടമാണ് ക്രിസ്തു. സത്യം ഉണ്ടായത് ക്രിസ്തുവിലാണെന്ന് യോഹന്നാന്‍ 1:17 സാക്ഷ്യപ്പെടുത്തുന്നു. സത്യം ആളത്വമായി അവതരിച്ചപ്പോള്‍ അവനില്‍നിന്ന് ഉയര്‍ന്നു കേട്ടതു മുഴുവനും സത്യാധിഷ്ഠിതമായിരുന്നു. അതിനാല്‍ ക്രിസ്തുസംബന്ധിയായ കേട്ടതെല്ലാം സത്യത്തിന്‍റെ രൂപവൈവിധ്യങ്ങള്‍ മാത്രമാണ്. ക്രിസ്തു പഠിപ്പിച്ചതു മുഴുവന്‍ സത്യത്തിന്‍റെ സാക്ഷ്യങ്ങളായിരുന്നു. ക്രിസ്തുവില്‍ നിറഞ്ഞുനിന്ന സത്യത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു എല്ലാ ക്രൈസ്തവ ധാര്‍മ്മിക ചിന്തകളുടെയും അടിസ്ഥാനം.
മനുഷ്യചരിത്രത്തില്‍ എല്ലാക്കാലങ്ങളിലും എല്ലാ സമൂഹങ്ങളിലും മനുഷ്യനെ ഉപദേശിക്കാനും നേര്‍വഴി നടത്താനും മുമ്പോട്ടു വന്ന ഗുരുക്കന്മാരെയും പ്രവാചകന്മാരെയും ഉപദേഷ്ടാക്കളെയും കാണാം. സാരോപദേശകഥകളും ധാര്‍മ്മികജീവിതത്തിന്‍റെ മഹത്വവും പ്രസംഗിച്ചും പഠിപ്പിച്ചും കടന്നുപോയ അവരുടെ ഉപദേശങ്ങളും ജീവിതവീക്ഷണവും മാനവസമൂഹത്തെ പലനിലയിലും സ്വാധീനിച്ചിട്ടുണ്ട്; ഇന്നും സ്വാധീനിക്കുന്നു. എന്നാല്‍ മുന്‍കാല ഗുരുക്കന്മാരേയും പ്രവാചകന്മാരേയും മുന്നില്‍ നിര്‍ത്തി ക്രിസ്തുവിനെ നിരീക്ഷിക്കുന്ന പ്രമുഖ വിമോചന ദൈവശാസ്ത്ര വാദിയായ ഫാ എസ് കാപ്പന്‍റെ ഒരു പ്രസ്താവന വളരെ ശ്രദ്ധേയമാണ്. “രണ്ടായിരം വര്‍ഷം മുമ്പ് ഭൂമിയില്‍ വന്നിറങ്ങി തനിക്കു പറയാനുള്ളതെല്ലാം ഒറ്റയടിക്ക് പറഞ്ഞു തീര്‍ത്ത്, പറഞ്ഞതെല്ലാം വരുംതലമുറകള്‍ക്ക് വ്യാഖ്യാനിച്ചുകൊടുക്കുന്ന ജോലി സ്വപ്രതിനിധികളെ ഏല്‍പ്പിച്ചിട്ട് എന്നെന്നേക്കുമായി സ്ഥലംവിട്ട ഈശ്വരനല്ല, ചരിത്രത്തില്‍ അനുസ്യൂതം പ്രവര്‍ത്തിക്കുകയും നവംനവങ്ങളായ രീതികളില്‍ സ്വേഛ വെളിവാക്കുകയും അത് നിറവേറ്റാന്‍ മാനവരാശിയെ വെല്ലുവിളിക്കുകയുംചെയ്യുന്ന ഈശ്വരനാണ് പുതിയനിമയ ദൈവവിജ്ഞാനീയത്തിന്‍റെ വിഷയം” (പ്രവചനം പ്രതിസംസ്കൃതി, പേജ് 99).
ക്രിസ്തുവിന്‍റെ വിശാലമായ ധാര്‍മ്മികപ്രപഞ്ചത്തെ ആത്മീയഭാഷയില്‍ “ദൈവരാജ്യം” എന്നു വിളിക്കാം. ദൈവരാജ്യം വെറും സാരോപദേശകഥകളില്‍ അധിഷ്ഠിതമായിരുന്നില്ല. നീതിയും സത്യവും ആത്മീയതയുമായിരുന്നു ക്രിസ്തു പഠിപ്പിച്ച ദൈവരാജ്യവീക്ഷണം. ക്രിസ്തുവിന്‍റെ മലയിലെ പ്രസംഗമാണ് എല്ലാ ക്രൈസ്തവധാര്‍മ്മിക നിയമങ്ങളുടെയും മാനദണ്ഡം. “മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും” (മത്തായി 7:12). എല്ലാ പ്രവാചകന്മാരും ഗുരുക്കന്മാരും മതസ്ഥാപകരും ലോകനിയമങ്ങളും എല്ലാം പറയാന്‍ ശ്രമിച്ചത് ഇതായിരുന്നു. എന്നാൽ ക്രിസ്തുവിലാണ് അവയ്ക്ക് വ്യക്തത കൈവന്നത്.
മലയില്‍ ഉയര്‍ന്നുകേട്ട സാരോപദേശങ്ങളില്‍ ക്രൈസ്തവധാര്‍മ്മികതയുടെ സുവര്‍ണ്ണത്തിളക്കമാണ് പ്രകടമാകുന്നത്. ദാനധര്‍മ്മങ്ങളും പ്രാര്‍ത്ഥനയും ഉപവാസവും പരസ്യമാക്കരുത് എന്നും തിന്മയെ നന്മകൊണ്ട് ജയിക്കുകയും ശത്രുവിനെ സ്നേഹിക്കണമെന്നും ക്രിസ്തു മന്നോട്ടുവച്ച എല്ലാ ധാര്‍മ്മികദര്‍ശനങ്ങളിലും ഒരു രഹസ്യസ്വഭാവം പ്രകടമാകുന്നു. ക്രൈസ്തവ ധാര്‍മ്മികതയിലെ ഈ രഹസ്യാത്മകത ജനകോടികളെ സ്വകാര്യജീവിതത്തില്‍ വിശുദ്ധരാക്കി. ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ച് ക്രൈസ്തവ സമൂഹത്തിൻ്റെ ആന്തരിക ബോധത്തിൽ നിറഞ്ഞ ഈ രഹസ്യ സ്വഭാവമാണ് ക്രിസ്തു വിശ്വാസത്തിന് ശക്തി പകർന്നത്.
അധര്‍മ്മത്തിന്‍റെയും അക്രമത്തിന്‍റെയും അനീതിയുടെയും മാര്‍ഗ്ഗത്തില്‍നിന്ന് മാനസാന്തരപ്പെട്ട് സത്യത്തിന്‍റെയും യഥാസ്ഥാപനത്തിന്‍റെയും ഉന്നതമായ ധാര്‍മ്മികബോധത്തിന്‍റെയും സ്വതന്ത്രവിഹായുസില്‍ ചിറകടിച്ചുയരുവാന്‍ കഴിയുമെന്ന ക്രിസ്തുദര്‍ശനം ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഒരുവന്‍റെ പൂര്‍വ്വകാലജീവിതം കുറ്റബോധത്തിന്‍റേതും പരാജയത്തിന്‍റേതുമാണെങ്കിലും പുതിയൊരു തുടക്കത്തിനാണ് ക്രിസ്തു മനുഷ്യനെ ആഹ്വാനം ചെയ്തത് (മര്‍ക്കോസ് 1:14). മാനസാന്തരത്തിന് പുതിയ ഫലം പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് ക്രിസ്തുപാദാന്തികത്തിലേക്ക് വന്ന പലരും തെളിയിച്ചു. ക്രൂരതയുടെ ആള്‍രൂപമായി, മരണം മാത്രം നിശ്വസിച്ചുകൊണ്ട് ജീവിച്ച സാവൂള്‍ എന്ന ചെറുപ്പക്കാന്‍ സെന്‍റ് പോള്‍ ആയിത്തീര്‍ന്ന മാനസാന്തരാനുഭവം ക്രൈസ്തവ ധാര്‍മ്മികതയുടെ പ്രകടമായ ഉദാഹരണമാണ്.
കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും തല്ലിക്കൊഴിക്കുന്ന ലോകത്തില്‍ ഏഴ് എഴുപത് വട്ടം ക്ഷമിക്കാന്‍ ക്രിസ്തു ആഹ്വാനം ചെയ്തു. ക്ഷമിക്കുന്നതിന്‍റെയും പൊറുക്കുന്നതിന്‍റെയും ദൈവികസന്ദേശം പല നിലകളിലാണ് ലോകത്തില്‍ ഫലവത്തായത്. ക്ഷമിക്കാന്‍ അറിയാത്ത ഒരു ലോകമായിരുന്നു കഴിഞ്ഞ 20 നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്നതെങ്കില്‍ ദോസ്തോവസ്കിയുടെ പ്രസ്താവനപോലെ വാസ്തവമായും ഭൂമി വലിയൊരു ചിത്തഭ്രമം ആകുമായിരുന്നു. ക്രിസ്തുമൊഴികളുടെയും ബൈബിള്‍ മുന്നോട്ടു വയ്ക്കുന്ന ധാര്‍മ്മികബോധത്തിന്‍റെയും പ്രചാരണം മനുഷ്യവര്‍ഗ്ഗത്തിന്‍റെ പരമ്പരാഗതമായ ജീവതക്രമത്തെ എല്ലാ അര്‍ത്ഥത്തിലും ഏറെ സ്വാധീനിച്ചു. കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ലോകചരിത്രം ഈ യാഥാര്‍ത്ഥ്യത്തിനാണ് അടിവരയിടുന്നത്. സത്യവും നീതിയും സമാധാനവും പൂത്തുലയുന്ന ഒരു ലോകക്രമത്തിലേക്കുള്ള ദൈവരാജ്യ പ്രത്യാശയാണ് ക്രൈസ്തവ വിശ്വാസത്തെ ഇതരമതദര്‍ശനങ്ങളില്‍നിന്നും വിഭിന്നമാക്കുന്നത്.
“പ്രവചനം പ്രതിസംസ്കൃതി” എന്ന ഗ്രന്ഥത്തില്‍ ഫാ എസ് കാപ്പന്‍ നടത്തുന്ന മറ്റുചില നിരീക്ഷണങ്ങള്‍ കൂടിയുണ്ട്. “യൈശവസന്ദേശം ഭാരതത്തിലെ അഭ്യസ്തവിദ്യരില്‍ പലരുടെയും ചേതനയില്‍ ആഴ്ന്നിറങ്ങി. യേശുവിന്‍റെ ഗിരിപ്രഭാഷണം ഗാന്ധിയെ ആഴത്തില്‍ സ്വാധീനിച്ചു. ഗാന്ധിശിഷ്യനായ വിനോബ്ഭാവെ യേശുവിന്‍റെ സുവിശേഷങ്ങള്‍ മനസ്സിരുത്തി പഠിച്ചിരുന്നു. ദേശാന്തരങ്ങള്‍ തോറും കാല്‍നടയായി സുവിശേഷമറിയിക്കാനാണല്ലോ യേശു തന്‍റെ ശിഷ്യരോട് അനുശാസിച്ചത്. ഇതാണ് വിനോബ്ഭാവേ നടത്തിയ തീര്‍ത്ഥയാത്രകളുടെ മാതൃക. 1866ലെ ക്രിസ്തുമസ് രാത്രി ശ്രാരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചുകൊണ്ട് പ്രസംഗിക്കവേ സ്വാമി വിവേകാനന്ദന്‍ തന്‍റെ അനുയായികളെ ഉദ്ബോധിപ്പിച്ചത് “നിങ്ങള്‍ ഓരോരുത്തരും ക്രിസ്തുവായി മാറണം” എന്നായിരുന്നു. നിലവിലുള്ള സമൂഹത്തെ അപ്പാടെ എതിര്‍ത്ത മഹാനായ വിപ്ലവകാരിയായാണ് നെഹ്റുവും യേശുവിനെ കണ്ടത്.
റാം മനോഹര്‍ ലോഹ്യയുടെ വാക്കുകളില്‍ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും മൂര്‍ത്തി എന്ന നിലയ്ക്ക് യേശുവിനെ കവച്ചുവയ്ക്കുന്ന മറ്റൊരു വ്യക്തി ചരിത്രത്തിലുണ്ടായിട്ടില്ല. ജ്ഞാനവും മൃദുലഭാവങ്ങളും ഏറെയുള്ളതു ബുദ്ധനോ സോക്രട്ടീസിനോ ആവാം. പക്ഷേ, സ്നേഹത്തില്‍ അവരാണോ മികച്ചു നില്‍ക്കുന്നത്?…. മാനവചരിത്രത്തില്‍ മൊട്ടിട്ട ഏറ്റവും ഉദാത്തമായ സാന്മാര്‍ഗ്ഗികാദര്‍ശങ്ങളായി എം.എന്‍. റോയി കരുതുന്നത് യേശുവിന്‍റെ ഗിരിപ്രഭാഷണങ്ങളേയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ അംബേദ്കര്‍ പറയുന്നു, തന്‍റെ ചിന്തയെ അത്യന്തം വശീകരിച്ചത് രണ്ട് വ്യക്തികള്‍ -യേശുവും ബുദ്ധനുമാണെന്ന്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍പോലും നസറേത്തിലെ യേശുവിനെ ശ്ലാഘിച്ചിട്ടേയുള്ളൂ. തന്‍റെ സമകാലികരുടെ മാത്രമല്ല, പില്‍ക്കാലത്തെ ജനതകളുടെയും ആവശ്യങ്ങള്‍ക്കും അഭിവാഞ്ജകള്‍ക്കും അനുരൂപമായ ആദര്‍ശങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച പ്രവാചകനാണ് യേശുവെന്ന് കമ്യൂണിസ്റ്റുകാരുടെ സമുന്നത നേതാവായ ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രസ്താവിക്കുകയുണ്ടായി. ആധുനിക സാഹിത്യകാരന്മാരുടെ ഭാവനയെ അധമ്യമാംവിധം വശീകരിച്ച ഒരു സങ്കല്‍പ്പമാണ് യേശു. അവരില്‍ പ്രശസ്തരായ പലരും സുവിശേഷ പ്രമേയങ്ങളെ ആസ്പദമാക്കി കവിതകളും നാടകങ്ങളും നോവലുകളുമൊക്കെ എഴുതിയിട്ടുണ്ട്. കൂടാതെ ബൈബിളിലെ പ്രതീകങ്ങളും രൂപകങ്ങളും ഉപമകളും നാടോടിഭാഷയില്‍ ഇഴുകിച്ചേരുകയും ചെയ്തു”. (പ്രവചനം പ്രതിസംസ്കൃതി, പേജ് 69,70)
ഉത്തമഗീതത്തിലെ മണവാട്ടിയുടെ പ്രണയഗാനം പോലെ “എൻ്റെ പ്രിയന്‍ പതിനായിരങ്ങളില്‍ ശ്രേഷ്ഠൻ” എന്ന് പാടുവാന്‍ ക്രിസ്തുവിന്‍റെ ജീവിതം ഓരോ ക്രിസ്തുഭക്തനേയും പ്രാപ്തനാക്കുന്നു. ഈ ബോധ്യം സെന്‍റ് പോളും പങ്കുവയ്ക്കുന്നുണ്ട്. ക്രിസ്തുവിലും അവന്‍ മനുഷ്യസമൂഹത്തിന് മധ്യത്തില്‍ ഉയര്‍ത്തിയ കുരിശിന്‍റെ സന്ദേശത്തിലും അഭിമാനിക്കാന്‍ ആരും മടിക്കേണ്ടതില്ലെന്ന് പോള്‍ ഗലാത്യന്‍ കത്തില്‍ എഴുതി. മതഭീകരതയും ഭീകരവാദവും അക്രമവും കൊലപാതകവും വ്യാപിക്കുന്ന ലോകത്തിന് കുരിശിന്‍റെ സന്ദേശം മാത്രമാണ് പ്രത്യാശ നല്‍കുന്നത്.
“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തൻെറ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍െറ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍െറ ഏകജാതന്‍െറ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍െറ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍െറ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു” (യോഹ 3:16-21)
ഈശ്വരീയത ശാശ്വതമായ സ്നേഹമാണ്, രക്ഷയാണ്, പ്രകാശമാണ്, നീതിയാണ്, സത്യമാണ്, സമാധാനമാണ്. ക്രിസ്തുവില്‍ മാത്രമാണ് ഇവയെല്ലാം നാം കണ്ടെത്തുന്നത്.
Leave a Reply