ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) യു.കെ പ്രൊവിന്‍സിന്റെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 23ന് നടക്കും. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിലെ ഇന്ത്യ ഹൗസില്‍ വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന് കരുതുന്ന സമ്മേളനത്തില്‍ യു.കെയിലെ ഇന്ത്യന്‍ സ്ഥാനപതിയും പങ്കെടുത്തേയ്ക്കും. കേരളത്തില്‍ നിന്നും അതിഥികള്‍ പങ്കെടുക്കും. ഡബ്ലിയു.എം.എഫ് യു.കെ നാഷണല്‍ കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയമനവും തദവസരത്തില്‍ തന്നെ നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് കോഓര്‍ഡിനേറ്റര്‍ ബിജു മാത്യു അറിയിച്ചു.

ഡബ്ലിയു.എം.എഫ് യു.കെയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഒരു അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്നു. തുടര്‍ന്നാണ് സംഘടന ഔപചാരികമായി ഉത്ഘാടനം ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികളെ സംഘടനയുമായി ബന്ധിപ്പിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു.കെയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപപ്പെടുത്തിയ അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് ബിജു മാത്യു (കോഓര്‍ഡിനേറ്റര്‍), സുഗതന്‍ തെക്കേപുര (ഈസ്റ്റ് ഹാം), ബിന്‍സു ജോണ്‍ (ലെസ്റ്റര്‍) സുജു ഡാനിയേല്‍ (ല്യൂട്ടന്‍), തോമസ് ജോണ്‍ (ഓസ്‌ഫോര്‍ഡ്), സണ്ണിമോന്‍ മത്തായി (വാട്ട്ഫോര്‍ഡ്), ജോസ് തോമസ് (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്), ജോജി ചക്കാലയ്ക്കല്‍ (ഓസ്‌ഫോര്‍ഡ്), ജോമോന്‍ കുന്നേല്‍ (സ്ലോ), ആശ മാത്യു (ലണ്ടന്‍), ഷാന്റിമോള്‍ ജോര്‍ജ് (വാട്ട്‌ഫോര്‍ഡ്) എന്നിവരെ ഹാര്‍ലോയില്‍ നടന്ന യോഗം ചുമതലപ്പെടുത്തിയിരുന്നു. കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (സിറ്റി മേയര്‍, ലൗട്ടന്‍), ഹരിദാസ് തെക്കുംമുറി (ഇന്ത്യന്‍ എംബസി), ശ്രീകുമാര്‍ എസ്. (ആനന്ദ് ടി.വി) എന്നിവരാണ് ഡബ്ള്യു.എം.എഫ് യുകെയുടെ രക്ഷാധികാരികളായി പ്രവര്‍ത്തിക്കുന്നത്.

ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും, കൂട്ടായ്മയും, സഹാനുഭൂതിയും സംഘടനാ പ്രവര്‍ത്തനങ്ങളും ഏകോപിച്ച് തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എം.എഫ്) എന്ന ആഗോള സംഘടനയ്ക്ക് ഇതിനോടകം 80-ലധികം രാജ്യങ്ങളില്‍ യൂണിറ്റുകള്‍ നിലവിലുണ്ട്. ഓസ്ട്രിയയിലെ വിയന്ന കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയുടെ ഗ്ലോബല്‍ രക്ഷാധികാരികള്‍ കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ്.