ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ അപൂർവമായ ഹൃദയ-ശ്വാസകോശ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം 38 വർഷം പിന്നിട്ടും സുഖമായാണ് ജീവിക്കുന്നത് ലണ്ടനിലെ സിഡ്കപ്പിൽ നിന്നുള്ള കേറ്റി മിച്ചൽ (53). ഇത്തരമൊരു ശസ്ത്രക്രിയക്ക് ശേഷം ഇത്രയും ദീർഘകാലം ജീവിച്ചിരിക്കുന്ന യുകെയിലെ ആദ്യരോഗിയാണ് അവർ. 15-ാം വയസ്സിൽ ശ്വാസകോശം തകരാറിലായി ഹൃദയ പ്രവർത്തനവും നിലച്ച മിച്ചലിന് 1987-ൽ റോയൽ പാപ്പ്വർത്ത് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവയവ ദാനത്തിന്റെ കരുണ കൊണ്ടാണ് തനിക്ക് സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞത് എന്ന് മിച്ചൽ പറഞ്ഞു. തനിക്ക് ജീവൻ നൽകിയ ദാതാവിനെയും അവരുടെ കുടുംബത്തെയും ഞാൻ ഇന്നും ഓർക്കാറുണ്ട് എന്നും അവർ എടുത്ത തീരുമാനമാണ് തനിക്ക് രണ്ടാമത്തെ ജീവിതം നൽകിയത് എന്നും അവർ കൂട്ടിച്ചേർത്തു . ഇപ്പോഴും ശസ്ത്രക്രിയയിലൂടെ ലഭിച്ച ഹൃദയവും ശ്വാസകോശവും മികച്ച നിലയിലാണ്. 1994 ലും 2015 ലും അവർക്ക് വൃക്ക മാറ്റിവയ്‌ക്കലും നടത്തിയിരുന്നു.

യുകെയിൽ ഇപ്പോൾ 8,000 ത്തിലധികം പേർ അവയവ മാറ്റിവയ്‌ക്കലിനായി കാത്തിരിക്കുകയാണ്. “എന്റെ ജീവിതം അവയവ ദാനത്തിന്റെ ശക്തിയെ തെളിയിക്കുന്നതാണ്. അതിലൂടെ സാധാരണ ജീവിതം നയിക്കാനാകും,” മിച്ചൽ പറഞ്ഞു. മിച്ചലിന്റെ ജീവിതം മറ്റു രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് എന്ന് റോയൽ പാപ്പ്വർത്ത് ആശുപത്രിയിലെ ട്രാൻസ്‌പ്ലാന്റ് വിഭാഗം മേധാവി മരിയസ് ബർമാൻ പറഞ്ഞു.