ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥത സർക്കാരിൻറെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറെ നാളുകളായി. എല്ലാദിവസവും സഹായം ആവശ്യമുള്ള രോഗികൾക്ക് അടിയന്തര വൈദ്യ ശുശ്രൂഷകൾ നിഷേധിക്കപ്പെട്ടതിന്റെ വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. സോളിഹുളിൽ നിന്നുള്ള 72 വയസ്സുകാരിയായ കാത് ലിൻ ഫിലിപ്പിന് 13 മണിക്കൂർ ആംബുലൻസിൽ കാത്തിരിക്കേണ്ടി വന്നതിന്റെ വാർത്ത വേദനയോടെയാണ് അവരുടെ മകൻ മാധ്യമങ്ങളോട് വിവരിച്ചത്.
നേഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും തങ്ങളെ സഹായിക്കാൻ ആവതെല്ലാം ചെയ്തെന്ന് ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്യുന്ന ഡാരൻ ഫിലിപ്പ്സൺ പറഞ്ഞു. ശാരീരിക അസ്വാസ്ഥതയെ തുടർന്ന് വൈദ്യസഹായത്തിനായി ഫോൺ ചെയ്ത് 20 മിനിറ്റിനുള്ളിൽ ആംബുലൻസ് ഹാർട്ട്ലാൻഡ്‌സ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നീണ്ട നേരം കാത്തിരിക്കാനായിരുന്നു വിധി . തന്റെ പോലെ തന്നെ 17 ആംബുലൻസുകൾ ക്യൂവിൽ കാത്തിരിക്കുകയായിരുന്നു എന്നാണ് ഡാരൻ വെളിപ്പെടുത്തിയത്.
രോഗികൾക്ക് ചികിത്സ ലഭിക്കാൻ ജീവനക്കാർ തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞും കഠിന പ്രയത്നം ചെയ്യുന്നത് താൻ കണ്ടുവെന്ന് കാത് ലിൻ ഫിലിപ്പ്സൺ പറഞ്ഞു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിലെ നേഴ്സുമാർ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നാണ് അവർ പറഞ്ഞത്. മതിയായ ജീവനക്കാരില്ലാത്തതാണ് എൻഎച്ച്സിലെ പ്രധാന പ്രശ്നങ്ങളുടെ മൂല കാരണമെന്ന്ചൂണ്ടിക്കാണിക്കുന്നതാണ് ഡാരന്റെ വാക്കുകൾ. കഴിഞ്ഞദിവസം അടിയന്തര വൈദ്യസഹായത്തിനായി 25 മണിക്കൂർ കാത്തിരിക്കേണ്ടി വന്ന ആനെറ്റ് ഫ്യൂറി എന്ന സ്ത്രീ ഒരു യുദ്ധ സിനിമ പോലെയാണെന്നാണ് തന്റെ ആശുപത്രി അനുഭവത്തെ വിശേഷിപ്പിച്ചത്. 13 മണിക്കൂർ ആംബുലൻസിലും 12 മണിക്കൂർ അത്യാഹിത വിഭാഗത്തിലുമാണ് അവർക്ക് കഴിച്ചുകൂട്ടേണ്ടതായി വന്നത് .
Leave a Reply